തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക നില സംബന്ധിച്ച 12 വിഷയങ്ങളിലെ വിശദീകരണമാണ് ചീഫ് സെക്രട്ടറിയിൽനിന്ന് ഗവർണർ തേടിയത്. കേരളത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് രാഷ്ട്രപതിയോട് ശിപാർശ ചെയ്യുന്നതിന് മുന്നോടിയായാണ് ഗവർണർ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയത്. തനിക്ക് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവർണറുടെ നീക്കം.
സാധാരണയായി ലഭിക്കുന്ന നിവേദനങ്ങൾ സർക്കാറിന്റെ റിപ്പോർട്ടിന് അയക്കുന്നതിൽനിന്നും വ്യത്യസ്തമായി, സാമ്പത്തിക അടിയന്തരാവസ്ഥ ശിപാർശ ചെയ്യണമെന്ന നിവേദനത്തിന്റെ ഗൗരവം ഉൾക്കൊണ്ടുള്ള കത്താണ് രാജ്ഭവൻ സെക്രട്ടറി കൂടിയായ അഡീഷനൽ ചീഫ് സെക്രട്ടറി സർക്കാറിന് കൈമാറിയത്. ഈ സാഹചര്യത്തിൽ വസ്തുനിഷ്ഠമായ വിശദീകരണം നൽകുന്നതിൽനിന്നും സർക്കാറിന് ഒഴിഞ്ഞുമാറാനാവില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്നും ദൈനംദിന ചെലവുകള്‍ക്കുപോലും ബുദ്ധിമുട്ടുന്നതായും കഴിഞ്ഞ മാസം ചീഫ് സെക്രട്ടറി ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിൽ ഇക്കാര്യങ്ങളെ അവഗണിച്ച് വിശദീകരണം നൽകാനും ചീഫ് സെക്രട്ടറിക്കാവില്ല. നിക്ഷേപങ്ങൾക്ക് സംസ്ഥാന സർക്കാർ ഗാരന്റിയുള്ള കെ.ടി.ഡി.എഫ്.സിയുടെ ഹരജിയിലാണ് സർക്കാറിന്റെ ധനസ്ഥിതി സംബന്ധിച്ച് ചീഫ് സെക്രട്ടറി സത്യവാങ്മൂലം നൽകിയത്. എന്നാൽ, കെ.എസ്.ആർ.ടി.സിയുടെ ശമ്പളവും പെൻഷനും നൽകാനുള്ള ബാധ്യത സർക്കാർ പൂർണമായും ഏറ്റെടുത്താൽ എല്ലാ പൊതുമേഖല സ്ഥാപനങ്ങളും സമാന ആവശ്യം ഉന്നയിക്കാനിടയുള്ളത് കണക്കിലെടുത്താണ് കോടതിയിൽ സത്യവാങ്മൂലം നൽകിയതെന്നാണ് സി.പി.എം നിലപാട്. ഭരണഘടനയുടെ ആർട്ടിക്കിൾ 360 (1) പ്രകാരം സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പാക്കാൻ രാഷ്ട്രപതിക്ക് ശിപാർശ ചെയ്യണമെന്നാണ് ഗവർണർക്ക് നൽകിയ നിവേദത്തിൽ പരാതിക്കാരൻ ചൂണ്ടിക്കാട്ടിയത്. നിവേദനത്തോടൊപ്പം പരാതിക്കാരൻ സമർപ്പിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധിയുടെയും, ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിന്റെയും പകർപ്പുകൾ ചീഫ് സെക്രട്ടറിക്ക് രാജ് ഭവൻ അയച്ചുകൊടുത്തിട്ടുണ്ട്.
അതേസമയം, കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന കേന്ദ്രനടപടികൾ അക്കമിട്ട് ഗവർണർക്ക് മറുപടി നൽകുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.