ഫ്ലിപ്കാർട്ടിന്റെ സഹസ്ഥാപകൻ ബിന്നി ബൻസാലും ഓഹരികൾ പൂർണ്ണമായും വിറ്റഴിച്ച് ഇ കൊമേഴ്‌സ് സ്ഥാപനത്തിൽ നിന്ന് പടിയിറങ്ങി. ബിന്നിക്കൊപ്പം ആദ്യകാല നിക്ഷേപകരിലൊരാളായ ആക്സെലും യുഎസ് ആസ്ഥാനമായുള്ള ടൈഗർ ഗ്ലോബൽ മാനേജ്‌മെന്റും ഫ്ലിപ്കാർട്ടിൽ നിന്നിറങ്ങിയിട്ടുണ്ട്. മൂവരും അവരുടെ ഓഹരികൾ വാൾമാർട്ടിന് വിറ്റു.
2018-ൽ മറ്റൊരു സഹസ്ഥാപകനായ സചിൻ ബൻസാലും ഫ്ലിപ്കാർട്ട് വിട്ടിരുന്നു. അന്ന് കമ്പനിയുടെ 77 ശതമാനം ഓഹരികൾ വാൾമാർട്ടിന് വിറ്റതിന് പിന്നാലെയായിരുന്നു പടിയിറക്കം. എന്നാൽ, ഇടപാടിന് ശേഷവും തന്റെ ഓഹരിയുടെ ഒരു ചെറിയ ഭാഗം കൈവശം വച്ചിരുന്ന ബിന്നി ഫ്ലിപ്കാർട്ടിൽ തുടരുകയായിരുന്നു. സ്ഥാപകരായ ബിന്നിക്കും സചിനും ആകെ 15 ശതമാനത്തില്‍ താഴെ ഓഹരിയായിരുന്നു ഫ്ലിപ്കാർട്ടിലുണ്ടായിരുന്നത്.
എന്നാൽ ഇനി മുതൽ, ബൻസാൽ ജോഡിയില്ലാതെയാകും ഫ്ലിപ്കാർട്ട് പ്രവർത്തിക്കുക. അമേരിക്കൻ ഇ-കൊമേഴ്സ് ഭീമൻ പൂർണ്ണമായും ഇന്ത്യൻ ബ്രാൻഡിനെ വിഴുങ്ങിക്കഴിഞ്ഞു.
ഡൽഹി ഐ.ഐ.ടിയിലെ സഹപാഠികളായിരുന്ന സചിനും ബിന്നിയും ചേർന്ന് 2007ലായിരുന്നു ബംഗളൂരു ആസ്ഥാനമാക്കി ഫ്ലിപ്കാർട്ട് ആരംഭിച്ചത്. തുടക്കകാലത്ത് രാജ്യമൊട്ടാകെ ഡെലിവറിയുള്ള ഓൺലൈൻ പുസ്തക വിൽപ്പനയിലായിരുന്നു ഫ്ലിപ്കാർട്ട് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ, പതിയെ വൻ ജനപ്രീതി നേടാൻ തുടങ്ങിയതോടെ, കൂടുതൽ ഉത്പന്നങ്ങൾ ലിസ്റ്റ് ചെയ്യുകയായിരുന്നു. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് സ്ഥാപനമാണ് ഫ്ലിപ്കാർട്ട്.
ഫ്ലിപ്കാർട്ടിൽ നിന്ന് പടിയിറങ്ങിയ സചിൻ ബൻസാൽ, പല മുൻനിര കമ്പനികളിലും ഭീമൻ നിക്ഷേപമിറക്കിയിരുന്നു. 2018-ൽ നവി എന്ന ഫിൻടെക് കമ്പനിയും അദ്ദേഹം ആരംഭിച്ചു. ഫ്ലിപ്പ്കാർട്ടിനെ വാൾമാർട്ടിന് വിറ്റതിലൂടെ 1.5 ബില്യൺ ഡോളറായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്.
ഡിജിറ്റൽ പേയ്മെന്റ ആപ്പായ ഫോൺപേയിൽ നിക്ഷേപമുള്ള ബിന്നി ബൻസാൽ കമ്പനിയുടെ ബോർഡംഗം കൂടിയാണ്. അതേസമയം, ഫോൺപേയും വാൾമാർട്ടിന്റെ കൈവശമാണുള്ളത്. ഫോൺപേയിൽ കൂടുതൽ നിക്ഷേപമിറക്കാനും ഓഹരി വർധിപ്പിക്കാനുമാണ് ബിന്നിയുടെ പദ്ധതിയെന്നുള്ള റിപ്പോർട്ടുകൾ വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.