തിരുവനന്തപുരം: ശക്തമായ ജനരോഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ധന സെസ് സംബന്ധിച്ച് എൽ.ഡി.എഫിൽ പുനരാലോചന. നികുതി വർധനയെ ന്യായീകരിക്കുമ്പോഴും വർധന ഭാഗികമായി പിൻവലിക്കുന്നത് സംബന്ധിച്ച ചർച്ച സജീവമാണ്. പെട്രോൾ, ഡീസൽ എന്നിവക്ക് ഏർപ്പെടുത്തിയ രണ്ടുരൂപ സെസ് പകുതിയായി കുറക്കുമെന്നാണ് സൂചന.
വ്യാപക വിലക്കയറ്റത്തിന് ഇടയാക്കുന്ന ഇന്ധന വില വർധനയിൽ പൊതുജനങ്ങളിൽ കടുത്ത അമർഷമാണ് ഉയർന്നത്. ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ് ബജറ്റെന്ന് ആരോപിച്ച യു.ഡി.എഫ്, സമരപരിപാടികൾ ആലോചിക്കാൻ തിങ്കളാഴ്ച മുന്നണി യോഗം വിളിച്ചു. വ്യാഴാഴ്ച എല്ലാ ജില്ലകളിലും കോൺഗ്രസിന്‍റെ കലക്ടറേറ്റ് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടത് അണികളിൽനിന്നുപോലും സർക്കാറിനെതിരെ കടുത്ത പ്രതികരണങ്ങളുണ്ടായി. കേന്ദ്രം ഇന്ധന വില കൂട്ടിയപ്പോഴൊക്കെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും ശക്തമായ ഭാഷയിൽ പ്രതികരിച്ചവരാണ്. ഇവയെല്ലാം ചൂണ്ടിക്കാട്ടി ജനരോഷം ആളിക്കത്തിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നത് സർക്കാറിനെ പ്രതിരോധത്തിലാക്കുന്നു. ഇന്ധന നികുതി വർധനയിൽ ഭാഗിക പിന്മാറ്റം പ്രഖ്യാപിച്ച് രോഷം തണുപ്പിക്കാനാകുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ.
വർധന അനിവാര്യമെന്ന് പറയുമ്പോഴും ബജറ്റിലുള്ളത് നിർദേശങ്ങൾ മാത്രമാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചത്. നികുതി വർധിപ്പിക്കുമ്പോൾ പ്രതിഷേധം സ്വാഭാവികമാണെന്നും ധനമന്ത്രി നിയമസഭയിൽ മറുപടി പറയുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. അതേസമയം, ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ ഇന്ധന നികുതി വർധനയിൽ പ്രശ്നങ്ങളുണ്ടെന്നും കേരളത്തിന് ദോഷമാകുമെന്നും തുറന്നുപറഞ്ഞിട്ടുമുണ്ട്.
ഇവയെല്ലാം ഇന്ധന നികുതി വർധനയിൽ പുനരാലോചനയുടെ സൂചനകളാണ്. ശനിയാഴ്ച കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ബജറ്റിനെതിരായ പ്രതിഷേധമാണ് ചർച്ചയിലെ മുഖ്യവിഷയമെന്നാണ് സൂചന.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ വെള്ളിയാഴ്ച അവതരിപ്പിച്ച ബജറ്റിൽ വാഹനനികുതി, മദ്യവില, പാറ/മണൽ ഖനന ഫീസ്, വിവിധ സർക്കാർ സേവനങ്ങളുടെ ഫീസ് തുടങ്ങിയവയാണ് കൂട്ടിയത്. ഇതിലൂടെ ആകെ 4000 കോടിയുടെ അധിക വരുമാനമാണ് ലക്ഷ്യമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.