റിയാദ്: ഇന്ത്യൻ ഊർജ മന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെയെത്തിയ വാണിജ്യ-വ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, ടെക്സ്റ്റൈൽസ് മന്ത്രി പീയൂഷ് ഗോയലിന്റെ സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധുത്വം കൂടുതൽ സുദൃഢമാക്കിയെന്ന് ഇന്ത്യൻ എംബസി. പ്രതിരോധ മേഖലയിലെ സഹകരണത്തിനു പുറമെ വാണിജ്യ വ്യവസായ മേഖലകളിൽ വൻ നിക്ഷേപ സാധ്യതകൾക്കാണ് ഇരു രാജ്യങ്ങളും തയാറെടുക്കുന്നത്. റിയാദിൽ മൂന്നുദിവസമായി നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനീഷ്യേറ്റിവിന്റെ (എഫ്.ഐ.ഐ) ഏഴാമത് എഡിഷനിൽ പങ്കെടുക്കാനാണ് മന്ത്രിയും സംഘവും എത്തിയത്.
‘ദ കമിങ് ഇൻവെസ്റ്റ്മെൻറ് മാൻഡേറ്റ്’ എന്ന പ്ലീനറി സെഷനിൽ അദ്ദേഹം പ്രഭാഷണം നടത്തി. സാങ്കേതിക വളർച്ചകൾ ലോകത്തെ അടുപ്പിച്ചു നിർത്തുന്ന കാലഘട്ടത്തിൽ നിക്ഷേപം നടത്തുന്നതിനുള്ള പുതിയ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ‘പുതിയ കാലഘട്ടത്തിലെ വ്യവസായിക സമ്പദ് വ്യവസ്ഥകൾക്കായുള്ള തന്ത്രങ്ങൾ’ എന്ന വിഷയത്തിൽ സൗദി നിക്ഷേപ മന്ത്രി എൻജി. ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ-ഫാലിഹ് നടത്തിയ പ്രഭാഷണ സെഷനിൽ അധ്യക്ഷനായും മന്ത്രി പീയൂഷ് ഗോയൽ പങ്കെടുത്തു.സൗദിയിലെയും ഗൾഫ് മേഖലയിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. പിന്നീട് സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. ഊർജ മേഖലയിലെ സഹകരണത്തിന് ഇന്ത്യയും സൗദിയും ആഴ്ചകൾക്ക് മുമ്പ് ഒപ്പുവെച്ചിരുന്നു.
തുടർന്ന് സൗദി നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് എ. അൽ ഫാലിഹ്, വാണിജ്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല കസബി, സൗദി വ്യവസായ ധാതുവിഭവ മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽഖുറൈഫ് എന്നിവരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യ സന്ദർശനത്തെ തുടർന്നുള്ള നടപടികളും ഉഭയകക്ഷി സാമ്പത്തിക, വ്യാപാര പങ്കാളിത്തത്തിന്റെ ദൃഢത വർധിപ്പിക്കുന്നതിനെക്കുറിച്ചും നിക്ഷേപ മന്ത്രിയുമായി ചർച്ച നടത്തി.
ലോകബാങ്ക് പ്രസിഡൻറ് അജയ് ബംഗ, അരാംകോ വെഞ്ചേഴ്സ് എക്സിക്യൂട്ടിവ് എം.ഡി അയ്സർ തയ്ദ്, വൈസ് ചെയർമാനും ഡെപ്യൂട്ടി പ്രസിഡൻറുമായ ഹസൻ ജമീൽ, അബ്ദുല്ലത്തീഫ് ജമീൽ എന്നിവരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച ബിസിനസ് മീറ്റിൽ ബ്രിഡ്ജ് വാട്ടർ അസോസിയേറ്റ്സ് സ്ഥാപകൻ റായ് ഡാലിയോ, നിയോം ഗ്രൂപ് സി.ഇ.ഒ നദ്മി അൽ നാസർ, കൂടാതെ സൗദിയിലെ പ്രമുഖ ഇന്ത്യൻ വ്യവസായ പ്രമുഖരുമായും മന്ത്രി ആശയവിനിമയം നടത്തി. ഒപ്പം എംബസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ സമൂഹിക പ്രതിനിധികളെ അദ്ദേഹം അഭിസംബോധന ചെയ്തു.
പിറ്റേ ദിവസം ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സിൽ സംഘടിപ്പിച്ച ബിസിനസ് റൗണ്ട് ടേബ്ളിൽ മന്ത്രി പങ്കെടുത്തു. സൗദിയിലെ പ്രമുഖ വ്യവസായ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന്, ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ് ഓഫ് കോമേഴ്സും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും തമ്മിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ ധാരണപത്രം ഒപ്പുവെച്ചു. ഇരുരാജ്യങ്ങൾക്കുമിടയിൽ വിവിധ തലങ്ങളിലുള്ള സഹകരണം ഇന്ത്യ-സൗദി ബന്ധത്തെ കൂടുതൽ ദൃഢമാക്കിയതായി മന്ത്രി പറഞ്ഞു. പ്രതിരോധ നയതന്ത്ര മേഖലകളിലെ പങ്കാളിത്തത്തിനൊപ്പം വാണിജ്യ, വ്യവസായ നിക്ഷേപ മേഖലകളിലും കൂടുതൽ സാധ്യതകൾ തുറന്നിട്ടതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.