കേരളത്തിൽ ഇപ്പോൾ വിവാഹ സീസണാണ്. അതുകൊണ്ടുതന്നെ സ്വർണ വിപണി സജീവവുമാണ്. പവന് 45,920 രൂപയാണ് വിലയെങ്കിലും വാങ്ങുമ്പോൾ പണിക്കൂലിയും നികുതികളുമെല്ലാം ചേർത്ത് അരലക്ഷം രൂപയോളം നൽകണം. ഏറ്റവും കുറഞ്ഞ ഡിസൈനിലുള്ള ആഭരണങ്ങൾക്ക് ചുരുങ്ങിയ പണിക്കൂലി അഞ്ച് ശതമാനമാണ്. നിലവിലെ വിലവെച്ച് കണക്കാക്കുമ്പോൾ ഇത് പവന് 2,296 രൂപ വരും. പണിക്കൂലി കൂടി ഉൾപ്പെടുന്ന വിലയുടെ മൂന്ന് ശതമാനം (1446.48 രൂപ) ജി.എസ്.ടിയായും ഹാൾ മാർക്കിങ് ചാർജായി ഒരു ആഭരണത്തിന് 45 രൂപയും നൽകണം. അപ്പോൾ ആകെ വില 49707.48 രൂപയാകും. പണിക്കൂലിയിൽ ഏറ്റക്കുറച്ചിലുണ്ടാകാം. ഒന്നിലധികം ആഭരണം വാങ്ങുമ്പോൾ ഓരോ ആഭരണത്തിനും 45 രൂപ വീതം ഹാൾ മാർക്കിങ് ചാർജ് ഈടാക്കും.
ഗ്രാമിന് 5,740 രൂപ; പവന് 45,920
കൊച്ചി: ഇസ്രായേൽ-ഫലസ്തീൻ സംഘർഷം ആഗോളതലത്തിൽ സൃഷ്ടിച്ച യുദ്ധഭീതിയിൽ ഉയർന്നുതുടങ്ങിയ സ്വർണവില സർവകാല റെക്കോഡിൽ. പവന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 45,920 രൂപയിലെത്തി. ഗ്രാമിന് 5,740 രൂപയായി. ശനിയാഴ്ച ഒറ്റയടിക്ക് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർധിച്ചത്. ഇതനുസരിച്ച് ഒരു പവൻ വാങ്ങാൻ അരലക്ഷം രൂപയോളം നൽകണം. വരുംദിവസങ്ങളിലും വില ഉയരുമെന്നാണ് സൂചന.
കഴിഞ്ഞ മേയ് അഞ്ചിനാണ് ഇതിനുമുമ്പ് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 5,720 രൂപയും പവന് 45,760 രൂപയും ആയിരുന്നു. ഈ റെക്കോഡാണ് ഇപ്പോൾ മറികടന്നത്. അതിനുമുമ്പ് ഏപ്രിൽ അഞ്ചിന് ഗ്രാമിന് 95 രൂപ വർധിച്ച് 5,625 രൂപയിലും പവന് 760 രൂപ വർധിച്ച് 45,000 രൂപയിലും എത്തിയിരുന്നു. ശനിയാഴ്ച അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസ് (31.103 ഗ്രാം) സ്വർണത്തിന് 2006 ഡോളറായി ഉയർന്നു. തുടർന്നാണ് ആഭ്യന്തര വിപണിയിലും വില വർധിച്ചത്. അന്താരാഷ്ട്ര സ്വർണവില 2020ലും ’21ലും 2077 ഡോളറിൽ എത്തിയിരുന്നു. പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏതാനും ദിവസത്തിനകം ഈ റെക്കോഡ് മറികടക്കാനാണ് സാധ്യത.
ആഗോള നിക്ഷേപകർ യുദ്ധസാഹചര്യങ്ങളിൽ ഏറ്റവും സുരക്ഷിത നിക്ഷേപമായി കാണുന്നത് സ്വർണത്തെയാണ്. ഫലസ്തീനെതിരെ ഇസ്രായേൽ ആക്രമണം ആരംഭിച്ച ഒക്ടോബർ ഏഴിന് അന്താരാഷ്ട്ര വില ഔൺസിന് 1927 ഡോളർ ആയിരുന്നു. ആഗോള നിക്ഷേപകർ അന്നുമുതൽ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടിയതാണ് വില കുതിച്ചുയരാൻ പ്രധാന കാരണം. സംഘർഷാവസ്ഥക്ക് അയവുണ്ടാകുന്ന മുറക്ക് നിക്ഷേപകർ സ്വർണം വിറ്റൊഴിയുന്നതോടെ വില താഴുകയും ചെയ്യും.
ഡോളറിനെതിരെ രൂപ ദുർബലമായതും സ്വർണവിലയെ ബാധിച്ചു. നിലവിൽ ഡോളറിന് 83.24 രൂപയാണ് വിനിമയ നിരക്ക്. വ്യാപാരികൾ വിൽപനക്കായി ബാങ്ക് വഴി എടുക്കുന്ന ഒരുകിലോ സ്വർണക്കട്ടിക്ക് (24 കാരറ്റ്) നികുതിയടക്കം 63.25 ലക്ഷത്തിനടുത്ത് നൽകണം. വിവാഹ സീസൺ ആയതിനാൽ വിലവർധന കേരള വിപണിയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.