കൊച്ചി: മലയാളികൾക്ക് ഇത് സ്വർണം വാങ്ങാൻ നല്ല സമയം. സ്വർണവില ചൊവ്വാഴ്ച ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കുറഞ്ഞത്.
ഗ്രാമിന് 4210 രൂപയും പവന് 33,680 രൂപയുമായി. 2020 ആഗസ്റ്റ് ഏഴിന് പവൻ വില 42,000 ആയിരുന്നതിൽനിന്ന് 8320 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 1040 രൂപയുടെയും കുറവ്.
അന്താരാഷ്ട്ര വില 1705 ഡോളർ വരെയായി താഴ്ന്നിരുന്നു. ഇനിയും 50 ഡോളർവരെ വില താഴുമെന്ന് വിപണികളിൽ സൂചനയുണ്ട്. അങ്ങനെ സംഭവിച്ചാൽ വില ഇന്ത്യയിൽ പവന് 32,000 രൂപ വരെയായി കുറയാം.
അടുത്ത നാളുകളിൽ വിലയിൽ കുതിച്ചുചാട്ടമൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ ട്രഷറർ എസ്. അബ്ദുൽ നാസർ പറഞ്ഞു. കോവിഡ് ലോക്ഡൗൺ കാലത്താണ് വില ഏറ്റവും കൂടിയത്.
അമേരിക്കയിൽ ട്രംപ് ഭരണകാലത്തെ സാമ്പത്തിക അനിശ്ചിതത്വം മാറിയതാണ് അന്താരാഷ്ട്രതലത്തിൽ വില താഴാൻ കാരണമായത്.
ജോ ബൈഡെൻറ നടപടികൾ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന പ്രതീതി ഉയർത്തിയതോടെ ഡോളറിനു കരുത്തായി. സ്വർണത്തെ വിട്ട് അമേരിക്കയുടെ ട്രഷറി ബോണ്ടുകളിലേക്ക് കൂടുതൽ നിക്ഷേപം വരുന്നുണ്ട്. അവിടെ പെൻഷൻ ഫണ്ടുകൾ അടക്കമുള്ള വൻകിട നിക്ഷേപം ട്രഷറി ബോണ്ടുകളിലേക്ക് മാറി.
ഇതോടെ സ്വർണത്തിലെ നിക്ഷേപം താഴ്ന്ന് വില സ്വാഭാവികമായി കുറയുകയാണ്. ഡോളറുമായി ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് കഴിഞ്ഞയാഴ്ച 72 ആയിരുന്നത് ചൊവ്വാഴ്ച 73.41 രൂപയാണ്. ഇത് ആഭ്യന്തര മാർക്കറ്റിൽ സ്വർണവില കൂടുതൽ കുറയുന്നത് തടയുന്നുണ്ട്.
കഴിഞ്ഞ ആഗസ്റ്റിൽ ഒരുകിലോ 24 കാരറ്റ് തങ്കത്തിന് 57 ലക്ഷം വരെ വില ഉയർന്നിരുന്നു. അതിൽനിന്ന് 46 ലക്ഷം രൂപയിലേക്ക് വില കൂപ്പുകുത്തി. വില ഉയർന്ന സമയത്ത് കേരളത്തിൽ കൈയിലുള്ള സ്വർണം വിൽക്കുന്ന സാഹചര്യമുണ്ടായിരുന്നു.
കോവിഡ് കാലത്ത് വിവാഹ സീസൺ എത്തിയപ്പോൾ കൂടിയ വിലയ്ക്ക് സ്വർണം വാങ്ങി. ഇപ്പോൾ സീസൺ അല്ലെങ്കിലും വില കുറഞ്ഞതിനാൽ സ്വർണം വാങ്ങാൻ തിരക്കേറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.