കൊച്ചി: കുറഞ്ഞ സമയത്തിനുള്ളിൽ വിലയിൽ അപ്രതീക്ഷിത കുതിപ്പ്. ഇതാണ് സമീപകാലത്ത് സ്വർണവിപണിയിലെ കാഴ്ച. അന്താരാഷ്ട്ര, ആഭ്യന്തര വിപണികളിൽ വില സർവകാല റെക്കോഡുകൾ തിരുത്തി മുന്നേറിയപ്പോൾ കണക്കുകൾ മാറിമറിഞ്ഞു. മുമ്പ് വർഷങ്ങൾകൊണ്ട് ഉണ്ടായ വിലക്കയറ്റത്തിന് ഇപ്പോൾ മാസങ്ങൾ മാത്രമേ വേണ്ടിവരുന്നുള്ളൂ.
ശനിയാഴ്ച ഗ്രാമിന് 10 രൂപ കുറഞ്ഞ് 8220 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 65,760 രൂപയിലുമാണ് സ്വർണവിലയുള്ളത്. 15 മാസത്തിനിടെ പവൻ വിലയിൽ 18,920 രൂപയുടെ വർധന രേഖപ്പെടുത്തി. 2024 ജനുവരി ഒന്നിന് ഗ്രാമിന് 5855 രൂപയും പവന് 46,840 രൂപയുമായിരുന്നു. ഇപ്പോഴത് യഥാക്രമം 8220 രൂപയിലും 65,760 രൂപയിലുമെത്തി. ഗ്രാമിന് കൂടിയത് 2365 രൂപ. 40 ശതമാനത്തിലധികം വർധനയാണ് ഇക്കാലയളവിലുണ്ടായത്. 2024 ജനുവരി ഒന്നിനുശേഷം അന്താരാഷ്ട്ര സ്വർണവില ഒരു ട്രോയ് ഔൺസിന് (31.103 ഗ്രാം) 2050 ഡോളറിൽനിന്ന് 3002ലേക്ക് കുതിക്കുകയായിരുന്നു. 950 ഡോളറിൽ അധികമാണ് വർധന. 2024 ജനുവരി ഒന്നിനുശേഷമുള്ള കാലയളവിൽ ഇന്ത്യൻ രൂപ കൂടുതൽ ദുർബലമായത് ആഭ്യന്തര വിപണിയിൽ സ്വർണവില വലിയതോതിൽ വർധിക്കാനിടയാക്കി. വിനിമയ നിരക്ക് 83.22ൽനിന്ന് 3.70 രൂപ വർധിച്ച് 86.92ലെത്തി. ഒരു ഘട്ടത്തിൽ ഇത് 87.50ന് മുകളിൽ വരെ എത്തിയിരുന്നു. 2024 ജനുവരി ഒന്നിന് ഒരു പവൻ ആഭരണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങാൻ 50,800 മതിയായിരുന്നെങ്കിൽ ഇപ്പോൾ 71,350 രൂപ നൽകണം.
2009നും 2020നും ഇടയിലുള്ള 11 വർഷംകൊണ്ട് ഗ്രാമിന് 2625 രൂപയും പവന് 21,000 രൂപയുമാണ് വർധിച്ചതെങ്കിൽ മൂന്നുവർഷത്തിനിടെ മാത്രം ഗ്രാമിന് 2730 രൂപയും പവന് 21,840 രൂപയും കൂടി. അഞ്ച് വർഷത്തിനിടെ വിലയിൽ 105 ശതമാനം വർധനയുണ്ടായി. രണ്ടര മാസത്തിനിടെ മാത്രം ഗ്രാമിന് 1120 രൂപയുടെയും പവന് 8960 രൂപയുടെയും വർധന രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.