കൊച്ചി/ കോട്ടയം: സ്വർണത്തിന്‍റെയും വെള്ളിയുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ ആറ് ശതമാനമായും പ്ലാറ്റിനത്തിന്‍റേത് 6.4 ശതമാനമായും കുറച്ചതിനെ ഓൾ കേരള ഗോൾഡ് ആന്‍ഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സ്വാഗതം ചെയ്തു. ഇത് ദീർഘകാലമായുള്ള ആവശ്യമായിരുന്നു. കസ്റ്റംസ് ഡ്യൂട്ടി കുറക്കൽ ആഭ്യന്തര ആഭരണ നിർമാതാക്കൾക്ക്, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഗുണം ചെയ്യും.
കള്ളക്കടത്ത് കുറക്കാൻ ഇടയാക്കും. എസ്.എം.ഇകൾക്കും എം.എസ്.എം.ഇകൾക്കും പ്രവർത്തന മൂലധന വായ്പയുടെ വ്യാപ്തി വർധിപ്പിച്ചത് ഈ യൂനിറ്റുകളെ അവരുടെ ബിസിനസ് വിപുലീകരിക്കാൻ സഹായിക്കുമെന്നും എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.
കേന്ദ്ര ബജറ്റിനെ ഓള്‍ കേരള ഗോൾഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് അസോസിയേഷന്‍ സമര്‍പ്പിച്ച നിവേദനത്തില്‍ രണ്ട് ശതമാനമായി എക്‌സൈസ് ഡ്യൂട്ടി കുറക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, 15 ശതമാനത്തില്‍ നിന്ന് ആറു ശതമാനമായി കുറച്ചത് ഒരു നല്ല നടപടിയായി അസോസിയേഷന്‍ കരുതുന്നു. അത് ഒരു പരിധിവരെ കള്ളക്കടത്ത് തടയാന്‍ സഹായകരമാകും.
ഇപ്പോള്‍ 900 ടണ്‍ സ്വര്‍ണാഭരണങ്ങളാണ് ഇറക്കുമതി ചെയ്തു വരുന്നത്. മൂന്നിരട്ടിയോളം അനധികൃതമായി കള്ളക്കടത്ത് സ്വര്‍ണമായി വരുന്നുണ്ട്. പുതിയ നടപടിമൂലം കള്ളക്കടത്ത് നടത്തി വരുന്ന സ്വര്‍ണാഭരണങ്ങള്‍ അക്കൗണ്ടിലൂടെ വരാന്‍ സഹായകരമാകുകയും സര്‍ക്കാറിന് നികുതി കൂടുതല്‍ ലഭിക്കുകയും ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ജസ്റ്റിന്‍ പാലത്ര, ജനറല്‍ സെക്രട്ടറി രാജന്‍ ജെ. തോപ്പില്‍, ട്രഷറര്‍ എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.