കൊച്ചി: വിലയുടെ കാര്യത്തിൽ സ്വർണത്തിന്റെ സുവർണ വർഷമാണ് കടന്നുപോകുന്നത്. 2024 ജനുവരി രണ്ടിന് ഗ്രാമിന് 5875 രൂപയും പവന് 47,000 രൂപയുമായിരുന്നു. ഒക്ടോബർ 31ന് ഗ്രാമിന് 7455 രൂപയും പവന് 59640 രൂപയുമായി വർധിച്ചു. ഏകദേശം 27 ശതമാനത്തിന്റെ വർധനവാണ് ഈ കാലയളവിലുണ്ടായത്.
പിന്നീട് വില കുറഞ്ഞും കൂടിയും ചാഞ്ചാട്ടത്തിൽ ആയിരുന്നെങ്കിലും ഗ്രാമിന്റെ വില 7000 രൂപയിൽ താഴെവന്നില്ല. 2019ൽ ഒരു ട്രോയ് ഔൺസിന് (31.103ഗ്രാം) 1300 ഡോളറിൽനിന്ന് 2076 വരെ ഉയർന്ന വില നാലഞ്ച് വർഷമായി 1700- 2000 ഡോളറിൽനിന്ന് കാര്യമായി ഉയരാതെ നിലനിന്നിരുന്നു. എന്നാൽ, കഴിഞ്ഞ ഒറ്റ വർഷം 2050 ഡോളറിൽനിന്ന് 2790 ഡോളർ വരെ ഉയർന്നു. ഏകദേശം മൂന്ന് ശതമാനത്തോളം വർധന അന്താരാഷ്ട്ര വിലയിൽ രേഖപ്പെടുത്തി.
ഡോളറിന് 83.25 രൂപ എന്ന നിലയിൽനിന്ന് 85ലേക്ക് രൂപയുടെ മൂല്യം ദുർബലമായതും സ്വർണവില ഉയരാൻ കാരണമായി. കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ 15 ശതമാനത്തിൽനിന്ന് ആറാക്കി കുറച്ചത് വിലയിൽ ഒമ്പതു ശതമാനത്തോളം കുറവ് വരുത്തി.
സ്വർണത്തിന് വളരെ നിർണായകമായിരിക്കും പുതിയ വർഷം എന്നാണ് വിദഗ്ധർ പറയുന്നത്. അമേരിക്കയിലെ ഭരണമാറ്റം, യു.എസിൽ പലിശനിരക്ക് കുറക്കുമെന്ന പ്രതീക്ഷ, അന്തർദേശീയ സംഘർഷങ്ങളിൽ അയവ്, ട്രംപ്, ഇലോൺ മസ്ക് അടക്കമുള്ള ടീം നിലവിൽ ഉയർന്ന കടത്തിൽ പോകുന്ന യു.എസ് സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാൻ ശക്തമായ നടപടിയെടുക്കാനുള്ള സാധ്യത എന്നീ ഘടകങ്ങൾ പരിഗണിച്ചാൽ അന്താരാഷ്ട്ര വില 2200-2300 ഡോളറിലേക്ക് ശക്തമായ തിരുത്തൽ സംഭവിക്കാം. മറിച്ച് അന്തർദേശീയ സംഘർഷങ്ങൾ വർധിക്കുകയും യു.എസ് കേന്ദ്രബാങ്ക് പലിശ നിരക്ക് പ്രതീക്ഷിച്ചതിനേക്കാൾ കുറക്കുകയും ചെയ്താൽ വില 2900-3000 ഡോളറിലേക്ക് മുന്നേറാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.