തൃശൂർ: സംസ്ഥാന ചരക്ക് സേവന നികുതി (ജി.എസ്.ടി) വകുപ്പ് പുനഃസംഘടനയോടെ കേരളത്തിൽ മൊത്തം ഓഫിസുകളുടെ എണ്ണം 335 ആകും. നിലവിലെ ജി.എസ്.ടി സർക്കിൾ, സ്പെഷൽ സർക്കിൾ ഓഫിസുകൾക്ക് പകരം 94 ടാക്സ് പെയർ സർവിസ് യൂനിറ്റുകൾ (ടി.പി.യു) പുതുതായി സൃഷ്ടിക്കും.
ഇതോടെ നികുതിദായകരുടെ റിട്ടേൺ ഫയലിങ് നിരീക്ഷണം, പ്രാഥമിക പരിശോധന എന്നിവ സമയബന്ധിതമായി നടത്താനാവും. കൂടാതെ 31 ഡിവിഷൻ ഓഫിസുകളും ഇതിനായി പ്രവർത്തിക്കും.
ജില്ല ഓഫിസുകളിൽ റവന്യൂ റിക്കവറിക്കായി റിക്കവറി ഡെപ്യൂട്ടി കമീഷണർമാരെ (ഡി.സി) നിയമിക്കും. ഈ ഓഫിസുകളിൽ 15 ജോയന്‍റ് കമീഷണർ (ജെ.സി), 19 ഡി.സി, 24 സ്റ്റേറ്റ് ടാക്സ് ഓഫിസർമാർ (എസ്.ടി.ഒ), 64 എ.എസ്.ടി.ഒ എന്നിങ്ങനെയാണ് തസ്തിക നിർണയിക്കുന്നത്. ഡിവിഷൻ ഓഫിസുകളിൽ 31 ഡി.സി, 62 എസ്.ടി.ഒമാരും ഉണ്ടാവും. പരിഷ്കരണത്തിന് കഴിഞ്ഞ ആഴ്ച മന്ത്രിസഭ അംഗീകാരം നൽകിയതോടെയാണ് വകുപ്പ് പുനഃസംഘടനക്ക് രൂപരേഖയായത്.
ഓഡിറ്റ് അപ്പീൽ, നിയമവിഭാഗങ്ങളുടെ മുഖ്യകാര്യാലയം എറണാകുളത്തേക്ക് മാറുന്നതും പ്രധാന മാറ്റമാണ്. ട്രെയിനിങ് സെൽ ടാക്സ് പെയർ സർവിസ് മുഖ്യ കാര്യാലയവും ഇന്‍റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്‍റ്, ടാക്സ് റിസർച് ആൻഡ് പോളിസി സെൽ വിജിലൻസ് റിവ്യൂ സെൽ എന്നിവ തിരുവനന്തപുരത്തും പ്രവർത്തിക്കും. നികുതി വർധനയിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്ന വിധത്തിലാണ് പരിഷ്കാരം.
അതേസമയം, എൻഫോഴ്സ്മെന്‍റ് വിഭാഗത്തിൽ സ്ക്വാഡുകളുടെ എണ്ണം 47 ആയി കുറക്കും ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് ഇനി ജി.എസ്.ടി ഇന്റലിജൻസ് എന്ന പേരിലാണ് അറിയപ്പെടുക. ഈ ഓഫിസുകളുടെ എണ്ണം 41 ആയി ഉയർത്തി. ഒപ്പം വകുപ്പിലെ 200 ടൈപ്പിസ്റ്റ് തസ്തികകൾ ഇല്ലാതാകും. എ.എസ്.ടി.ഒ കേഡറിൽ 380ഉം ഡി.സിയിൽ 24 തസ്തികകളും കൂടും. ഓഫിസ് അറ്റൻഡന്റ് തസ്തിക 428 ആക്കി കുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.