കൊച്ചി: റഷ്യ -യുക്രെയ്ൻ യുദ്ധം ആഗോള സാമ്പത്തിക രംഗത്ത് വിതച്ച അനിശ്ചിതത്വത്തിന്റെ ചുവടുപിടിച്ച് വിലയിൽ വൻ ചാഞ്ചാട്ടവുമായി സ്വർണം. ബുധനാഴ്ച രാവിലെ പവന് 1040 രൂപ വർധിച്ച് 40,560 രൂപയിൽ എത്തിയ മഞ്ഞ ലോഹം ഉച്ചക്ക് ഒന്നരയോടെ 720 രൂപ കുറഞ്ഞ് 39,840 രൂപയിലേക്ക് ഇടിഞ്ഞു. ഇന്ന് ഒരു ഗ്രാമിന് 5070 രൂപയിൽ വ്യാപാരം തുടങ്ങിയത് ഉച്ചയോടെ 4980 രൂപയിൽ എത്തി.
കേരളത്തിൽ സ്വർണത്തിന് ഒറ്റത്തവണയായി ഇത്രയും വിലയേറുന്നത് ആദ്യമായാണ്. 2020 ആഗസ്റ്റ് 18ന് രാവിലെ പവന് 800 രൂപയും ഉച്ചക്കുശേഷം 240 രൂപയും വർധിച്ചിരുന്നു. അങ്ങനെ ഒറ്റ ദിവസം രണ്ട് തവണയായി 1040 രൂപയാണ് അന്ന് കൂടിയത്.
2020 ആഗസ്റ്റിൽ രേഖപ്പെടുത്തിയ പവന് 42,000 രൂപയാണ് കേരളത്തിൽ സ്വർണത്തിനുണ്ടായ ഏറ്റവും ഉയർന്ന വില.
അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസ് സ്വർണം എക്കാലത്തെയും ഉയർന്ന വിലയായ 2074 ഡോളറിലേക്കാണ് കുതിക്കുന്നത്. ബുധനാഴ്ച 2069 ഡോളർ വരെ എത്തിയ വില പിന്നീട് 2022ലേക്ക് താഴ്ന്നു. ഇനിയും താഴ്ന്നാൽ 2013 ഡോളറാണ് താങ്ങായി വിപണി നിരീക്ഷകർ കൽപിക്കുന്നത്. ഉയർന്നാൽ അത് 2078 ഡോളർ വരെ എത്തുമെന്നും പറയുന്നു.
റഷ്യക്കെതിരെ ലോക രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ ഉപരോധമാണ് വിപണിയെ ആശങ്കയിലാക്കുന്നത്. ഇതോടെ സുരക്ഷിത മേഖല എന്ന നിലയിൽ നിക്ഷേപം സ്വർണത്തിലേക്ക് ഒഴുകുകയാണ്.അതേസമയം, ബുധനാഴ്ച അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞുതുടങ്ങി. ബ്രന്റ് ഇനം ബാരലിന് 125 ഡോളറിലേക്കാണ് താഴ്ന്നത്. 133 ഡോളർ വരെ ഉയർന്നതിന് ഒടുവിലാണ് വിലയിടിഞ്ഞത്.
കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ് എല്ലാ ദിവസവും സംസ്ഥാനത്തെ സ്വർണ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വില ഡോളർ നിലവാരത്തിൽ ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷനിൽനിന്ന് രാവിലെ 9.30ന് അറിഞ്ഞശേഷം 9.35ന് റിസർവ് ബാങ്ക് പ്രഖ്യാപിക്കുന്ന രൂപയുടെ വിനിമയ നിരക്ക് കണക്കുകൂട്ടുന്നു. അതനുസരിച്ച് മുംബൈ വിപണി വിലയും കേരളത്തിലെ ബാങ്കുകളുടെ വിലനിലവാരവും പരിശോധിച്ചാണ് വില നിശ്ചയിക്കുന്നത്.
യഥാർഥ വിലയിൽനിന്നു രണ്ട് ശതമാനംവരെ ലാഭം എടുക്കാമെന്ന് അസോസിയേഷന്റെ തീരുമാനമുണ്ടെങ്കിലും ക്രമാതീതമായ വിലവർധന കാരണം ലാഭമെടുക്കാതെയാണ് ഇപ്പോൾ വില നിശ്ചയിക്കുന്നതെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്.അബ്ദുൽ നാസർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.