ഊഹക്കച്ചവടവും അനധികൃത വ്യാപാരവും തടയുന്നതിനും വിപണി ദുരുപയോഗം തിരിച്ചറിയുന്നതിനും തടയുന്നതിനുമായി അസറ്റ് മാനേജ്‌മെൻറ് കമ്പനികൾക്കുള്ളിൽ (എ.എം.സി) ഒരു സംവിധാനം ഏർപ്പെടുത്താൻ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). ഇതിനായി മ്യൂച്വൽ ഫണ്ട് ചട്ടക്കൂട് ഭേദഗതി ചെയ്യാൻ സെബി തീരുമാനിച്ചു. അത്തരമൊരു സംവിധാനത്തിനായി എ.എം.സി മാനേജ്മെന്റുകളുടെ ഉത്തരവാദിത്തം വർധിപ്പിക്കാനും തീരുമാനിച്ചു.
എ.എം.സികളുടെ സുതാര്യത പരിപോഷിപ്പിക്കുകയാണ് പുതിയ സംവിധാനം കൊണ്ടുവരുന്നതിലൂടെ സെബി ലക്ഷ്യമിടുന്നത്. എ.എം.സി ജീവനക്കാരുടെയും ഡീലർമാരുടെയും ബ്രോക്കർമാരുടെയും അനധികൃത വ്യാപാരം കണ്ടെത്താനും തടയാനും കഴിയുന്നതായിരിക്കണം സ്ഥാപനത്തിനുള്ളിലെ സംവിധാനം.
ഓഹരി വിലയെ കാര്യമായി സ്വാധീനിക്കുന്ന വലിയ രഹസ്യ ഇടപാടിനെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞ് ആക്‌സിസ് എ.എം.സി, എൽ.ഐ.സി എന്നിവയുടെ ജീവനക്കാർ രണ്ട് തവണ നിയമവിരുദ്ധ വ്യാപാരം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് സെബിയുടെ നീക്കം.
എ.എം.സികളുടെ സംഘടനയായ അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുമായി കൂടിയാലോചന നടത്തിയാണ് പുതിയ സംവിധാനത്തിനുള്ള ചട്ടക്കൂട് തയാറാക്കുക. നിലവിൽ ഓഫിസിന് പുറത്തുൾപ്പെടെ ഡീലർമാരും ഫണ്ട് മാനേജർമാരും മുഖാമുഖം ആശയ വിനിമയം നടത്തുന്നത് റെക്കോഡ് ചെയ്യണമെന്ന നിബന്ധന ഒഴിവാക്കാൻ സെബി തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.