തിരുവനന്തപുരം: സംരംഭക വർഷത്തിന്റെ ഭാഗമായി 145 ദിവസം കൊണ്ട് രജിസ്റ്റർ ചെയ്തത് അരലക്ഷം സംരംഭങ്ങൾ. വെള്ളിയാഴ്ച വരെയുള്ള കണക്കനുസരിച്ച് 50218 സംരംഭങ്ങളാണ് സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്തത്. 2970.47 കോടിയുടെ നിക്ഷേപവും 110185 തൊഴിലവസരങ്ങളുമാണ് ഇതുവഴി സംസ്ഥാനത്തുണ്ടായതെന്നും മന്ത്രി പി. രാജീവ് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
സംരംഭങ്ങളുടെ എണ്ണത്തിലും നിക്ഷേപത്തിലും തൊഴിലവസരങ്ങളിലും മലപ്പുറം ജില്ലയാണ് മുന്നിൽ. രണ്ടാം സ്ഥാനം എറണാകുളം. തിരുവനന്തപുരം, പാലക്കാട്, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 4000ത്തിലേറെ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. വ്യവസായികമായി പിന്നാക്കം നിൽക്കുന്ന വയനാട്, കാസർകോട് ജില്ലകളിലായി 6000ത്തോളം തൊഴിലവസരങ്ങളും സൃഷ്ടിച്ചു. 2022-23 സാമ്പത്തിക വർഷം സംരംഭക വർഷമായി പ്രഖ്യാപിച്ച് ചുരുങ്ങിയത് ഒരു ലക്ഷം സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി ലൈസൻസ്-ലോൺ-സബ്സിഡി മേളകൾ നടന്നുവരുന്നു. സംരംഭകർക്ക് നാലു ശതമാനം പലിശക്ക് വായ്പ നൽകാൻ പ്രത്യേക പദ്ധതി ആരംഭിച്ചു. 10 ലക്ഷം രൂപവരെയാണ് വായ്പ. 403 തദ്ദേശ സ്ഥാപനങ്ങളിൽ വായ്പമേളകൾ നടന്നു. 9.5 കോടി രൂപയുടെ വായ്പകൾക്കാണ് ഇതുവഴി അനുമതി നൽകിയത്.
1326 ലൈസൻസുകൾ അനുവദിച്ചു, 847 സബ്സിഡി അപേക്ഷകളും പരിഗണിച്ചു. 16065 വനിതകളും ഇക്കാലയളവിൽ സംരംഭങ്ങളാരംഭിച്ചു.
പട്ടികജാതി-പട്ടിക വർഗ സംരംഭകരുടേതായി 2300 സംരംഭങ്ങളും രജിസ്റ്റർ ചെയ്തു. വിദേശമലയാളികളെയും സംരംഭകത്വത്തിന്റെ വിവിധ മേഖലകളെ കുറിച്ച് അറിവ് നൽകി കേരളത്തിൽ സംരംഭങ്ങളാരംഭിക്കാൻ പ്രാപ്തരാക്കുന്നതിനായി നോർക്കയുമായി ചേർന്ന് സംരംഭങ്ങളാരംഭിക്കും. 'മെയ്ഡ് ഇൻ കേരള'എന്ന കേരള ബ്രാൻഡ് വ്യാപകമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.