ന്യൂഡൽഹി: കുറഞ്ഞ സ്വകാര്യമേഖല നിക്ഷേപം, ഉയർന്ന പലിശനിരക്ക്, ആഗോള വളർച്ച മാന്ദ്യം എന്നിവ കണക്കിലെടുത്ത് ഇന്ത്യ ഹിന്ദു വളർച്ചനിരക്കിനോട് അപകടകരമായി അടുത്തെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പറഞ്ഞു. കഴിഞ്ഞ മാസം നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് പുറത്തിറക്കിയ കണക്കുകൾ പ്രകാരമുള്ള ത്രൈമാസ വളർച്ചയിലെ തുടർച്ചയായ മാന്ദ്യം ആശങ്കജനകമാണെന്ന് വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
1950കൾ മുതൽ 1980കൾ വരെയുള്ള കുറഞ്ഞ ഇന്ത്യൻ സാമ്പത്തിക വളർച്ചനിരക്കാണ് ‘ഹിന്ദു വളർച്ചനിരക്ക്’ എന്ന് പറയുന്നത്. ഇത് ശരാശരി നാലു ശതമാനമായിരുന്നു. മന്ദഗതിയിലുള്ള വളർച്ചയെ വിശദീകരിക്കാൻ 1978ൽ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനായ രാജ് കൃഷ്ണയാണ് ഈ പദം ഉപയോഗിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) രണ്ടാം പാദത്തിലെ 6.3 ശതമാനത്തിൽ 4.4 ശതമാനമായി കുറഞ്ഞു. ആദ്യ പാദത്തിൽ 13.2 ശതമാനമായിരുന്നു. മുൻ സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ 5.2 ശതമാനമായിരുന്നു വളർച്ച.
ഈ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ആർ.ബി.ഐ ഇതിലും താഴ്ന്ന 4.2 ശതമാനം വളർച്ചയാണ് പ്രവചിക്കുന്നത്. അതിനാൽ കോവിഡ് മഹാമാരിക്കു മുമ്പത്തെ ശരാശരി വാർഷിക വളർച്ചയായ 3.7 ശതമാനത്തിന് അടുത്താണിത്.
അടുത്ത കുറച്ചു വർഷങ്ങളിൽ പദ്ധതികൾ പൂർണമായി പ്രാവർത്തികമായാലും 0.6 കോടി തൊഴിലവസരങ്ങൾ മാത്രമേ സൃഷ്ടിക്കൂ. ഇതേ കാലയളവിൽ ഇന്ത്യക്ക് ആവശ്യമായ തൊഴിലവസരങ്ങളെക്കാൾ കുറവാണിതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.