മുംബൈ: ചില്ലറ വ്യാപാര മേഖലയിലെ പണപ്പെരുപ്പം ഉയർന്ന നിരക്കിൽ തുടരുന്ന പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് കേന്ദ്ര സർക്കാറിന് ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കും.
2016 ൽ പണനയ ചട്ടക്കൂട് രൂപവത്കരിച്ചശേഷം ആദ്യമായാണ് പണപ്പെരുപ്പം ആറ് ശതമാനത്തിൽ നിലനിർത്തണമെന്ന വ്യവസ്ഥ പാലിക്കാത്തതു സംബന്ധിച്ച റിപ്പോർട്ട് റിസർവ് ബാങ്കിന് സമർപ്പിക്കേണ്ടിവന്നിരിക്കുന്നത്.
തുടർച്ചയായ മൂന്നു പാദങ്ങളിൽ പണപ്പെരുപ്പം ആറു ശതമാനത്തിന് മുകളിൽ തുടർന്നാൽ അതിന്റെ കാരണങ്ങളും പരിഹാരനടപടികളും വിശദമാക്കുന്ന റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കണമെന്ന് ആർ.ബി.ഐ ചട്ടത്തിൽ വ്യവസ്ഥയുണ്ട്.
സർക്കാറിനു സമർപ്പിക്കേണ്ട റിപ്പോർട്ട് തയാറാക്കാനായി നവംബർ മൂന്നിന് മോണിറ്ററി പോളിസി കമ്മിറ്റിയുടെ പ്രത്യേക യോഗം റിസർവ് ബാങ്ക് വിളിച്ചിട്ടുണ്ട്. ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ കമ്മിറ്റി ആറംഗങ്ങൾ അടങ്ങിയതാണ്. വിശദമായ ചർച്ചക്കുശേഷം മാത്രമെ റിപ്പോർട്ട് പരസ്യമാക്കുകയുള്ളൂ.
ഈ വർഷം തുടക്കം മുതൽ പണപ്പെരുപ്പം ആറു ശതമാനത്തിനു മുകളിലാണ്. സെപ്റ്റംബറിലിത് 7.41 ശതമാനത്തിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.