‘നിക്ഷേപമെത്തിച്ച വിദേശികൾക്ക് അദാനി കുടുംബവുമായി അടുത്ത ബന്ധം, അധികാരപത്രം കൈമാറി’; കൂടുതൽ തെളിവുമായി ഐ.സി.ജെ

ന്യൂഡൽഹി: നിയമവിരുദ്ധമായി ഓഹരി മൂല്യം ഉയർത്തി ഗൗതം അദാനി നടത്തിയ ഓഹരിത്തട്ടിപ്പുകളുടെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ഇന്‍റർനാഷണൽ കൺസോർഷ്യം ഓഫ് ജേർണിലിസ്റ്റ് (ഐ.സി.ജെ). നിക്ഷേപം എത്തിച്ച ഇരുവർക്കും അദാനി കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഐ.സി.ജെ ചൂണ്ടിക്കാട്ടുന്നത്.

അദാനിക്കെതിരായ തെളിവുകൾ അന്വേഷണാത്മക പത്രപ്രവർത്തക കൂട്ടായ്മയായ ‘ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട്’ (ഒ.സി.സി.ആർ.പി) ഇന്നലെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഐ.സി.ജെയും തെളിവുകൾ പുറത്തുവിട്ടത്.

‘എമേർജിങ് ഇന്ത്യ ഫോക്കസ് ഫണ്ട്’, ഇ.എം റീസർജന്റ് ഫണ്ട് എന്നിവയിൽ വിനോദ് അദാനിയുടെ യു.എ.ഇയിലെ പങ്കാളി നാസിർ അലി ഷാബാൻ അലിയും തായ്‍വാനിലെ പങ്കാളി ചാങ്ചുങ് ലിങ്ങും പണമിറക്കിയതിന്‍റെ തെളിവുകളാണ് ഇന്നലെ ഒ.സി.സി.ആർ.പി പുറത്തുവിട്ടത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഐ.സി.ജെ, ആദാനി ഗ്രൂപ്പുമായി വിദേശികൾ നേരിട്ട് ഇടപാടുകൾ നടത്തിയെന്നും അദാനി കമ്പനിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് വിദേശികൾ അധികാരപത്രം നൽകിയിരുന്നുവെന്നും പറയുന്നു.

അദാനി ഗ്രൂപ് തലവൻ ഗൗതം അദാനിയുടെ ജ്യേഷ്ഠൻ വിനോദ് അദാനിയുടെ വ്യവസായ പങ്കാളികളും സുഹൃത്തുക്കളുമൊത്തു ചേർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യത്തിൽ തട്ടിപ്പിലൂടെ വർധനവുണ്ടാക്കിയതെങ്ങനെയെന്ന് വ്യക്തമാക്കുന്നതാണ് ഒ.സി.സി.ആർ.പി കണ്ടെത്തൽ. ഓഹരി വിപണിയെ പിടിച്ചുലച്ച ഹിൻഡൻബർഗ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശരിയെന്ന് തെളിയിക്കുന്നതു കൂടിയാണ് ദി ഗാർഡിയൻ, ഫിനാൻഷ്യൽ ടൈംസ് തുടങ്ങിയ അന്തർദേശീയ പത്രങ്ങൾ അടങ്ങുന്ന ഈ അന്വേഷണ കൂട്ടായ്മയുടെ പുതിയ റിപ്പോർട്ട്.

റിപ്പോർട്ടിലെ സുപ്രധാന കണ്ടെത്തൽ ഇങ്ങനെ:

2010-2013 കാലയളവിൽ അദാനി ഗ്രൂപ്പിന്റെ മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും രണ്ട് ഊർജ നിലയങ്ങൾക്കായി ചൈനയിൽ നിന്നും കൊറിയയിൽ നിന്നും ഉപകരണങ്ങൾ ഇറക്കുമതി ചെയ്തിരുന്നു. ഇവ മിക്കതും അദാനിയുടെ തുറമുഖങ്ങളിലുമായിരുന്നു. എന്നാൽ, ഇറക്കുമതി ചെയ്ത ഉപകരണങ്ങളുടെ ഒറിജിനൽ ഇൻവോയ്സ് ഇന്ത്യയിൽ നൽകാതെ ഷാർജയിൽ വിനോദ് അദാനിയുടെ പേരിലുള്ള ‘ഇലക്ട്രിജൻ ഇൻഫ്ര എഫ്.ഇസെഡ്.ഇ’ എന്ന കമ്പനിയിലേക്കാണ് പോയത്.

തുക ഇരട്ടിവരെ കൂട്ടിയിട്ട് ‘ഇലക്ട്രിജൻ ഇൻഫ്ര എഫ്.ഇസെഡ്.ഇ’യുടെ പേരിലുള്ള മറ്റൊരു ഇൻവോയ്സ് ഇന്ത്യയിലെ ഗൗതം അദാനിയുടെ കമ്പനിക്ക് നൽകി. കൂട്ടിനൽകിയ തുക ഇന്ത്യയിലെ അദാനി കമ്പനി ഷാർജയിലെ അദാനി കമ്പനിക്ക് നൽകിയശേഷം യഥാർഥ തുക ബിൽ തുക മാത്രം ചൈനയിലേക്കും കൊറിയയിലേക്കുമൊക്കെ അയച്ച് ബാക്കി തുക യു.എ.ഇ കമ്പനി കൈവശം വെച്ചു. ഏകദേശം 6300ഓളം കോടി ഇന്ത്യൻ രൂപ ഇത്തരത്തിൽ കടത്തിയത് 2013ൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ് (ഡി.ആർ.ഐ) കണ്ടെത്തിയിരുന്നു. നടപടികൾ ഒന്നും ഉണ്ടായില്ല.

യു.എ.ഇയിൽ നിന്ന് ഈ തുക വിനോദ് അദാനിയുടെ മൊറീഷ്യസിലെ കമ്പനിയിലേക്ക് മാറ്റി. ഈ കമ്പനി വിനോദ് അദാനി പുതുതായി തുടങ്ങിയ മറ്റൊരു കമ്പനിക്ക് 100 ദശലക്ഷം ഡോളർ വായ്പ നൽകി. ആ തുക ബർമുഡയിലെ ‘ഗ്ലോബൽ ഓപർചുനിറ്റീസ് ഫണ്ടി’ലേക്ക് മാറ്റി. അതേ തുക തിരിച്ച് മൊറീഷ്യസിലേക്കുതന്നെ കൊണ്ടുവന്ന് ‘എമേർജിങ് ഇന്ത്യ ഫോക്കസ് ഫണ്ട്’, ഇ.എം റീസർജന്റ് ഫണ്ട് എന്നിവയിൽ നിക്ഷേപിച്ചു. ഓഹരിത്തട്ടിപ്പിന് അദാനി ഉപയോഗിച്ചുവെന്ന് ഹിൻഡൻബർഗ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ രണ്ടു ഫണ്ടുകളാണിവ.

വിനോദ് അദാനിയുടെ യു.എ.ഇയിലെ പങ്കാളി നാസിർ അലി ഷാബാൻ അലിയും തായ്‍വാനിലെ പങ്കാളി ചാങ്ചുങ് ലിങ്ങുമായിരുന്നു ഈ രണ്ട് ഫണ്ടിലും കൂടുതൽ പണമിറക്കിയത്. രണ്ട് ഫണ്ടുകളും 2013-18 കാലയളവിൽ നാല് അദാനി കമ്പനികളിലെ ഓഹരികൾ വാങ്ങിക്കൂട്ടി. യു.എ.ഇ, മൊറീഷ്യസ്, സിംഗപ്പൂർ, സൈപ്രസ്, ബഹാമസ്, കീമെൻ ദ്വീപുകൾ, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ തുടങ്ങിയ രാജ്യങ്ങളിൽ ദുരൂഹമായ നിരവധി കമ്പനികൾ വിനോദ് അദാനിക്കുണ്ടെന്നാണ് റിപ്പോർട്ടർമാർ പറയുന്നത്.

Tags:    
News Summary - International Consortium of Journalists with more evidence against Adani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.