അദാനിക്ക് കെനിയയിലും തിരിച്ചടി: വിമാനത്താവള, ഊർജ പദ്ധതി കരാറുകൾ റദ്ദാക്കി

നെയ്‌റോബി: സൗരോർജ കരാറുകൾ ഉറപ്പിക്കാൻ യു.എസിലെ നിക്ഷേപകരെ കബളിപ്പിച്ചുവെന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നുമുള്ള യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷന്റെ കണ്ടെത്തലിന് പിന്നാലെ അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടിയായി കെനിയൻ സർക്കാർ നടപടി. ശതകോടികളുടെ വിമാനത്താവള, ഊർജ പദ്ധതി കരാറുകൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചതായി കെനിയൻ പ്രസിഡൻറ് വില്യം റൂട്ടോ പറഞ്ഞു.

രാജ്യത്തെ പ്രധാന വിമാനത്താവളത്തി​െൻറെ നിയന്ത്രണം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനവും പവർ ട്രാൻസ്മിഷൻ ലൈനുകൾ നിർമിക്കുന്നതിനായി കഴിഞ്ഞ മാസം ഊർജ മന്ത്രാലയം അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ച 736 മില്യൺ ഡോളറിന്റെ (62,16,77,12,000 ​രൂപ) 30 വർഷ​ത്തേക്കുള്ള പൊതു-സ്വകാര്യ പങ്കാളിത്ത കരാറും റദ്ദാക്കാൻ നിർദേശം നൽകിയതായാണ് പ്രസിഡൻറ് വ്യക്തമാക്കിയത്.

അന്വേഷണ ഏജൻസികൾ നൽകിയ തീരുമാനത്തിന് കാരണമെന്നും ഗതാഗത മന്ത്രാലയത്തിനോടും ഊർജ, പെട്രോളിയം മന്ത്രാലയത്തിനോടും കരാറുകൾ ഉടനടി റദ്ദാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും റൂട്ടോ അറിയിച്ചു.

അതിനിടെ, യു.എസിലെ കേസിന്റെ പശ്ചാത്തലത്തിൽ അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അദാനി ഗ്രൂപ്പ് മേധാവിയുൾപ്പെടെ ഏഴുപേർക്കെതിരെയാണ് കുറ്റാരോപണമുയർന്നത്. 265മില്യൺ(2237 കോടി രൂപ) കൈക്കൂലി നൽകിയതായാണ് കുറ്റപത്രത്തിലുള്ളത്. 20 വർഷം കൊണ്ട് കരാറുകളിൽ ലാഭം കൊയ്യാനാണ് അദാനി ലക്ഷ്യമിട്ടത്. യു.എസിലെ നിക്ഷേപകരെ കബളിപ്പിച്ചുവെന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നുമാണ് യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷന്റെ കണ്ടെത്തൽ. അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്‌സിക്യുട്ടീവുകള്‍, അസുര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ആയ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനക്കും വഞ്ചനക്കുമാണ് കുറ്റം ചുമത്തിയത്. അഴിമതിക്ക് തെളിവായി ചില കോഡ് നാമങ്ങൾ ഫോണിലൂടെ കൈമാറിയതിന്റെ തെളിവുകളുണ്ടെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Kenya cancels proposed deals with Adani Group after U.S. indictments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.