സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം റാങ്കിങ്ങിൽ ഏഷ്യയിൽ ഒന്നാമതായി കേരളം, ലോകത്ത് നാലാമത്

സ്റ്റാർട്ടപ്പ് ജീനോമും ഗ്ലോബൽ എൻ്റർപ്രണർഷിപ്പ് നെറ്റ്‌വർക്കും സംയുക്തമായി തയ്യാറാക്കിയ ആഗോള സ്റ്റാർട്ടപ്പ് ഇക്കോസിസ്‌റ്റം റിപ്പോർട്ടിൽ (ജിഎസ്ഇആർ) അഫോർഡബിൾ ടാലന്റ്‌ വിഭാഗത്തിൽ കേരളം ഏഷ്യയിൽ തന്നെ ഒന്നാം സ്ഥാനം നേടിയതായി വ്യവസായ മന്ത്രി പി. രാജീവ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ലോകശ്രദ്ധ ആകര്‍ഷിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് ഹബ്ബായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്ന നേട്ടമാണ് ഇതിലൂടെ കൈവരിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

താരതമ്യേന ജീവിതച്ചിലവ് കുറഞ്ഞ നാടായ കേരളം ഈ മേഖലയിൽ ആഗോളതലത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. 2020ലെ റിപ്പോർട്ടിൽ ലോക റാങ്കിങ്ങിൽ ഇരുപതാം സ്ഥാനമായിരുന്നു കേരളത്തിനുണ്ടായിരുന്നത്.

ഈ നേട്ടത്തിന് പുറമെ വെഞ്ച്വർ നിക്ഷേപങ്ങളുടെ കാര്യത്തിലും മികച്ച നിക്ഷേപ സമാഹരണം നടത്തുന്ന സമൂഹമെന്ന നിലയിലും കേരളം പട്ടികയിൽ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. വെഞ്ച്വർ നിക്ഷേപങ്ങളുടെ വിഭാഗത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപം ലഭിച്ച ആദ്യ മൂന്ന് സ്ഥലങ്ങളിലൊന്ന് കേരളമാണ്. സംസ്ഥാന സർക്കാരിൻ്റെ പിന്തുണയും റിപ്പോർട്ടിൽ എടുത്തുപറഞ്ഞിട്ടുണ്ട്. ഫാബ് ലാബുകളും എം എസ് എം ഇ ക്ലസ്റ്ററുകളും വലിയ രീതിയിൽ സ്റ്റാർട്ടപ്പുകളുടെ വ്യാപനത്തിന് സഹായിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇതിനൊപ്പം സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്ന ഘട്ടത്തിൽ സംസ്ഥാന സർക്കാർ നൽകുന്ന വലിയ ഇളവുകൾ മറ്റ് സ്ഥലങ്ങളിൽ നിന്നും സ്റ്റാർട്ടപ്പുകളെ ഇവിടേക്ക് ആകർഷിച്ചിട്ടുണ്ട്. ആർടിഫിഷ്യൽ ഇൻ്റലിജൻസ്, ഡാറ്റ അനലിറ്റിക്സ് മേഖലയിൽ നിക്ഷേപത്തിന് അനുയോജ്യമാണ് കേരളത്തിലെ സാഹചര്യമെന്ന റിപ്പോർട്ടിലെ വാക്കുകൾ അന്താരാഷ്ട്ര കമ്പനികളുടെ ശ്രദ്ധയാകർഷിക്കാൻ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


Full View


Tags:    
News Summary - Kerala ranks first in Asia and fourth in the world in the Startup Ecosystem ranking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.