കൊച്ചി: സാമ്പത്തിക സർവേയിൽ സ്വർണ ഇറക്കുമതിയിൽ കുതിച്ചുചാട്ടംതന്നെ രേഖപ്പെടുത്തിയെങ്കിലും മേഖലയിലെ വ്യാപാര സമൂഹം ഉന്നയിച്ച കാര്യങ്ങൾ ഒന്നും കേന്ദ്ര ബജറ്റിൽ സ്പർശിച്ചില്ല. രാജ്യത്തെ മൊത്തം ഇറക്കുമതിയുടെ ഒമ്പതുശതമാനം സ്വർണമാണ്. 2020-21 കാലയളവിൽനിന്ന് ഇക്കുറി മൂന്നുശതമാനമാണ് ഇറക്കുമതിയിൽ ഉയർച്ച കാണിച്ചത്. സ്വർണ ഇറക്കുമതി തീരുവ നാലു ശതമാനമാക്കണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ധന മന്ത്രാലയത്തിന് ശിപാർശ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. 7.5 ശതമാനം നികുതിയും 2.5 ശതമാനം അടിസ്ഥാന സൗകര്യ വികസന സെസുമാണ് സ്വർണത്തിന് ചുമത്തുന്നത്.
രാജ്യത്ത് ഓരോ വർഷവും 700 മുതൽ 1000 ടൺ വരെ സ്വർണം ജ്വല്ലറി വ്യവസായത്തിനായി ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. നേരത്തേ 12.50 ശതമാനം നികുതി ചുമത്തിയിരുന്നപ്പോൾ പ്രതിവർഷം 50,000 കോടി രൂപയുടെ നികുതിയാണ് ലഭിച്ചിരുന്നത്.
എന്നാൽ, ഉയർന്ന ഇറക്കുമതി തീരുവ നിലനിൽക്കുന്നതിനാൽ കള്ളക്കടത്ത് വഴി എത്തിക്കുന്ന സ്വർണത്തിലൂടെ ഇത്രയും തുകയുടെ തന്നെ നികുതി വെട്ടിപ്പും നടക്കുന്നുണ്ടെന്ന് വ്യാപാര മേഖലയിലുള്ളവർ പറയുന്നു. ഉയർന്ന പണപ്പെരുപ്പത്തിന് എതിരെ സ്വഭാവിക പ്രതിരോധമായി സ്വർണം നിലനിൽക്കുന്നതിനാൽ പണപ്പെരുപ്പം കൂടുന്നതിന് അനുസരിച്ച് സ്വർണ വിലയും ഏറും.
അമേരിക്കയിൽ പണപ്പെരുപ്പം 30 വർഷത്തെ ഉയർന്ന നിരക്കിലാണ്. 1280 ഡോളറിൽനിന്നും 2080 ഡോളർ വരെ ഉയർന്ന സ്വർണ വില 50 ശതമാനം വരെ തിരുത്തൽ സംഭവിച്ച് 1680 ഡോളർ വരെ കുറഞ്ഞ് നിലവിൽ 1806 ഡോളറിലാണ്. ഇന്ത്യയിൽ വിവാഹ ചെലവിന്റെ 50-60 ശതമാനവും സ്വർണത്തിനായാണ് നീക്കിവെക്കുന്നത്.
സ്വർണത്തിെ ൻ റ ഇറക്കുമതി തീരുവ കുറക്കുന്നത് പരിഗണിക്കണം- എം.പി. അഹമ്മദ്
കോഴിക്കോട്: കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിന് മൂലധനച്ചെലവ് 35.4 ശതമാനം വർധിപ്പിക്കാനുള്ള ബജറ്റ് നിർദേശം സ്വാഗതാർഹമാണെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് അഭിപ്രായപ്പെട്ടു. സാമ്പത്തികരംഗം കൂടുതൽ ചലനാത്മകമാകാൻ ഇതു സഹായിക്കും. പശ്ചാത്തല സൗകര്യ വികസനത്തിന് ഊന്നൽനൽകുന്നതും സ്വാഗതാർഹമാണ്.
സ്വർണവിപണി വലിയ പ്രതീക്ഷയോടെയാണ് ബജറ്റിനെ കണ്ടിരുന്നത്. സ്വർണത്തിന്റെ ഇറക്കുമതി തീരുവ ഗണ്യമായി കുറക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ, ധനമന്ത്രി അതു പരിഗണിച്ചിട്ടില്ല എന്നത് നിരാശജനകമാണ്. അതേസമയം, കട്ട് ആൻഡ് പോളിഷ്ഡ് ഡയമണ്ടിന്റെ ഇറക്കുമതി തീരുവ നാലു ശതമാനമായി കുറച്ചത് പ്രശംസനീയമാണ്. ബജറ്റ് ചർച്ചക്ക് ധനമന്ത്രി മറുപടി പറയുമ്പോൾ സ്വർണത്തിന്റെ തീരുവയും നാലു ശതമാനമായി കുറക്കണമെന്ന് അഭ്യർഥിക്കുന്നു. കള്ളക്കടത്ത് തടയാൻ അതാവശ്യമാണ്. സ്വർണ വ്യാപാര മേഖലയിലെ അനധികൃത കച്ചവടം നിയന്ത്രിക്കാൻ നികുതി ഘടനയിൽ മാറ്റംവരുത്തണം. ഡിജിറ്റൽ ബാങ്കിങ് യൂനിറ്റുകൾ 75 ജില്ലകളിൽ തുടങ്ങാനുള്ള നിർദേശത്തെയും സ്വാഗതം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.