ദുബൈ: ഗുജറാത്തിലെ അഹമ്മദാബാദിൽ ഷോപ്പിങ് മാൾ നിർമ്മിക്കുൻ ലുലു ഗ്രൂപ്പ് തീരുമാനം. യു.എ.ഇയിലെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഇത് സംബന്ധിച്ച ചർച്ചകൾ നടത്തി. 2,000 കോടി രൂപ മുടക്കിൽ അഹമ്മദാബാദിനും ഗാന്ധിനഗറിനുമടുത്ത് ലുലു മാൾ നിർമ്മിക്കുന്നതിനുള്ള ധാരണ പത്രത്തിൽ ലുലു ഗ്രൂപ്പും ഗുജറാത്ത് സർക്കാരും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പ് വെച്ചു. ഗുജറാത്ത് സർക്കാരിനെ പ്രതിനിധീകരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് കുമാർ ഗുപ്തയും ലുലു ഗ്രൂപ്പിനെ പ്രതിനിധികരിച്ച് എം.എ. യൂസഫലിയുമാണ് ഒപ്പ് വെച്ചത്.
അടുത്ത വർഷം ആദ്യം നിർമ്മാണം തുടങ്ങും. 30 ഏക്കർ സ്ഥലം ഗുജറാത്ത് സർക്കാർ ലുലു ഗ്രൂപ്പിന് അനുവദിക്കും. 30 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് തീരുമാനം. 5,000 ആളുകൾക്ക് നേരിട്ടും 10,000 അധികം ആളുകൾക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയമിക്കും. പദ്ധതിയുടെ തുടർ ചർച്ചകൾക്കായി ലുലു ഗ്രൂപ്പിെൻറ ഉന്നതതല സംഘം ഉടൻ ഗുജറാത്ത് സന്ദർശിക്കും. ബറോഡ, സൂറത്ത് എന്നിവിടങ്ങിളിൽ ഭക്ഷ്യ സംസ്കരണ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുവാനും തീരുമാനമായിട്ടുണ്ട്. ലുലു ഗ്രൂപ്പിെൻറ കേരളത്തിലെ പ്രവർത്തനങ്ങൾ നേരിൽ കാണുന്നതിന് ഗുജറാത്ത് മുഖ്യമന്ത്രിയെ യൂസഫലി കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. കേരളം സന്ദർശിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
എഴുപതുകളുടെ തുടക്കത്തിൽ തെൻറ കച്ചവട ജീവിതം ആരംഭിച്ച ഗുജറാത്തിനോട് വൈകാരിക ബന്ധമാണുള്ളതെന്ന് യൂസഫലി പറഞ്ഞു. തെൻറ പിതാവും മറ്റ് കുടുംബാംഗങ്ങളും വർഷങ്ങളായി അവിടെയായിരുന്നു കച്ചവടം നടത്തിയത്. ഗുജറാത്തിെൻറ വാണിജ്യ രംഗത്ത് പുതിയ അനുഭവമായിരിക്കും ലുലു മാൾ നൽകുകയെന്നും യൂസഫലി കൂട്ടിച്ചേർത്തു. അടുത്ത വർഷം ജനുവരിയിൽ ഗാന്ധിനഗറിൽ നടക്കുന്ന വൈബ്രൻറ് ഗുജറാത്ത് ആഗോള നിക്ഷേപ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി യൂസഫലിയെ യോഗത്തിൽ ക്ഷണിച്ചു.
മലയാളിയും ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ. കൈലാസനാഥൻ, അഡീഷണൽ ചീഫ് സെക്രട്ടറി രജീവ് കുമാർ ഗുപ്ത, ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, സി.ഒ.ഒ. വി.ഐ. സലീം, ഗ്രൂപ്പ് ഡയറക്ടർമാരായ എ.വി. ആനന്ദ് റാം, എം.എ. സലീം, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.