ഹൈദരാബാദിന് ഇനി ലുലുമാളിന്റെ പകിട്ട്; ഉദ്ഘാടനം ഈ മാസം അവസാനം

ഹൈദരാബാദ്: ലുലു ഗ്രൂപ്പിന്‍റെ ഹൈദരാബാദിലെ പുതിയ മെഗാ ഷോപ്പിങ് മാൾ ഈ മാസം അവസാനം തുറക്കും. രാജ്യത്ത് ലുലു ​ഗ്രൂപ്പിന്റെ ആറാമത്തെ ഷോപ്പിങ് മാളാകും ഹൈദരാബാദിലേത്. ഹൈദരാബാദിലെ കുകട്പള്ളിയിൽ അഞ്ച് ലക്ഷം ചതുരശ്ര മീറ്ററിൽ ഒരുക്കുന്ന മാളിൽ ആഭ്യന്തര, വിദേശ ബ്രാൻഡുകളുടെ വിവിധ സ്റ്റോറു​കളും സിനിമാ ഹാളും വിശാലമായ ഫുഡ്കോർട്ടും ഉൾപ്പെടെ സംവിധാനിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ മാളുകളിൽ ഒന്നായ ഹൈദരാബാദിലെ ലുലുമാൾ സെപ്റ്റംബർ അവസാനം ഉപഭോക്താക്കൾക്കായി തുറക്കുമെന്ന് ​ലുലു​ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിയാണ് അറിയിച്ചത്. ഹൈദരാബാദിലെ മാളിനായി 300 കോടി രൂപയുടെ നിക്ഷേപം ലുലു ഗ്രൂപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കുകട്പള്ളിയിലെ മഞ്ജീര മാൾ ലുലു ഗ്രൂപ്പ് ഏറ്റെടുത്ത് റീബ്രാൻഡ് ചെയ്യുകയായിരുന്നു.

രാജ്യത്ത് കൊച്ചി, തിരുവനന്തപുരം, ബംഗളൂരു, ലഖ്നോ, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് നിലവിൽ ലുലു ഷോപ്പിങ് മാളുകൾ പ്രവർത്തിക്കുന്നത്. അഹ്മദാബാദിലും ചെന്നൈയിലും പുതിയ ഷോപ്പിങ് മാളുകൾ സ്ഥാപിക്കാൻ ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. ഗുജറാത്തിലെ അഹ്മദാബാദിൽ ആദ്യഘട്ടത്തിൽ 2000 കോടി മുതൽ മുടക്കിൽ ലുലു മാൾ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ഇതുസംബന്ധിച്ച് എം.എ. യൂസുഫലി അഹ്മദാബാദിൽ ചർച്ച നടത്തുകയും ചെയ്തു. അഹ്മദാബാദിൽ സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി പുരോഗമിച്ചുവരുകയാണെന്ന് യൂസുഫലി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പിന് ഗൾഫിലെ വിവിധ രാജ്യങ്ങളിലായി നിരവധി ഹൈപർമാർക്കറ്റുകളും റീട്ടെയിൽ ശൃംഖലകളുമുണ്ട്. 2000ൽ എം.എ. യൂസുഫലി സ്ഥാപിച്ച ​ഗ്രൂപ്പിനുകീഴിൽ 57000ലേറെ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. കോഴിക്കോട് ഉൾപ്പെടെ കേരളത്തിലും ലുലു ഗ്രൂപ് പുതിയ മാളുകൾ തുറക്കുന്നുണ്ട്.

Tags:    
News Summary - Lulu Mall in Hyderabad set to open its doors this month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.