കൂട്ട വിൽപന, കോവിഡ് കാലത്തെക്കാൾ മാരകം

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ചരിത്രത്തിൽ ഇതാദ്യമായി ഇന്ത്യൻ വിപണിയിൽനിന്ന് ഒരു മാസത്തിനിടെ ഒരു ലക്ഷം കോടിയുടെ ഓഹരി വിറ്റഴിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം സംബന്ധിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയ 2020 മാർച്ചിൽ 65,000 കോടിയുടെ വിൽപനയാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ നടത്തിയതെങ്കിൽ 2024 ഒക്ടോബർ അവസാനിക്കാൻ ദിവസം ബാക്കിനിൽക്കെ 1,00,242.17 കോടിയുടെ വിൽപനയാണ് അവർ നടത്തിയത്.

തുടർച്ചയായ ഈ വിൽപന വിപണിയുടെ കുതിപ്പിന് തടയിട്ടിരിക്കുകയാണ്. വലിയൊരു വിഭാഗം നിക്ഷേപകരുടെ പോർട്ട്ഫോളിയോ നഷ്ടത്തിലായി. റീട്ടെയിൽ നിക്ഷേപകരുടെ ഭീതി വിൽപനയും തകർച്ചക്ക് ആക്കം കൂട്ടി. കോവിഡ് കാലത്തെ പോലെ വൻ തകർച്ചയിലേക്ക് നീങ്ങാത്തത് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ പിന്തുണയിലാണ്. 97,000 കോടിയിലേറെ രൂപയുടെ വാങ്ങലാണ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഈ മാസം നടത്തിയത്. രണ്ടുലക്ഷം കോടിയോളം നീക്കിയിരിപ്പുള്ള മ്യൂച്വൽ ഫണ്ടുകൾ പണമൊഴുക്കിയില്ലായിരുന്നെങ്കിൽ ഇതാകുമായിരുന്നില്ല സ്ഥിതി.

നല്ല അടിത്തറയുള്ള കമ്പനികളുടെ ഓഹരി ദീർഘകാലത്തേക്ക് വാങ്ങാനുള്ള അവസരമാണ് ഇത്തരം തകർച്ചകൾ. ഉള്ള പണമെല്ലാം നിക്ഷേപിച്ചുകഴിഞ്ഞവരാണെങ്കിൽ വിപണിയുടെ തിരിച്ചുവരവിന് ക്ഷമയോടെ കാത്തിരിക്കുക. കമ്പനിയുടെ അടിത്തറ പരിശോധിച്ച് മോശമാണെങ്കിൽ വിറ്റൊഴിവാക്കി നല്ല ഓഹരികളിലേക്ക് മാറ്റിയിടുന്നത് തന്നെയാണ് ബുദ്ധി.

മോശം കമ്പനിയിൽ ശുഭപ്രതീക്ഷ വെച്ചുപുലർത്തിയിട്ട് കാര്യമില്ല. പാദഫലങ്ങൾ ശ്രദ്ധിക്കണം. ഇന്ത്യയിലെ പല മുൻനിര കമ്പനികളുടെയും രണ്ടാം പാദഫലം പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടില്ല. നല്ല ലാഭമുണ്ടാക്കിയ കമ്പനികളുമുണ്ട്. നല്ല കമ്പനികളാണെങ്കിലും അമിത വിലയിൽ വാങ്ങിയാൽ ലാഭമുണ്ടാക്കാൻ കഴിയില്ല. മൂല്യവും മാനേജ്മെന്റ് ഗൈഡൻസും സെക്ടർ ട്രെൻഡും കൂടി പരിശോധിക്കണം. ഒറ്റയടിക്ക് വാങ്ങാതെ ഘട്ടം ഘട്ടമായി നിക്ഷേപിക്കുക. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ തിരിച്ചുവരുന്നതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ നല്ലൊരു കുതിപ്പിന് സാധ്യതയുണ്ട്. അടുത്ത മാസം ഇത് പ്രതീക്ഷിക്കാം

Tags:    
News Summary - Mass selling is deadlier than during covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.