നീരവ് മോദിയിൽ നിന്ന് 24.33 കോടി രൂപ പഞ്ചാബ് നാഷണൽ ബാങ്കിന്

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദിയിൽ നിന്ന് 24.33 കോടി രൂപ തിരിച്ചടവ് ലഭിച്ചതായി പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി). അമേരിക്കയിൽ നിന്ന് വീണ്ടെടുത്ത പണത്തിൽ നിന്ന് 24.33 കോടി രൂപയാണ് (3.25 മില്യൺ ഡോളർ) ആദ്യ വിഹിതമായി ബാങ്കിന് ലഭിച്ചത്. നീരവിനെതിരെ സാമ്പത്തിക കുറ്റകൃത്യ കേസ് കൈകാര്യം ചെയ്യുന്ന കേന്ദ്ര കോർപറേറ്റ്കാര്യ മന്ത്രാലയത്തെയാണ് പി.എൻ.ബി ഈ വിവരം അറിയിച്ചത്.

നീരവിന്‍റെ ആസ്തി പൂർണമായി ഇല്ലാതാക്കിയ യു.എസ് ചാപ്റ്റർ 11 ട്രസ്റ്റി വഴിയാണ് പി‌.എൻ‌.ബി അടക്കമുള്ള ബാങ്കുകൾക്ക് വിതരണം ചെയ്യുന്നതിനായി 11.04 ദശലക്ഷം ഡോളർ (82.66 കോടി) കൈമാറിയത്. നീരവിന്‍റെ ഉടമസ്ഥതയിലുള്ള ഫയർസ്റ്റാർ ഡയമണ്ട്, എ. ജഫി, ഫാന്‍റസി എന്നീ കമ്പനികൾ ന്യൂയോർക്കിലെ തെക്കൻ ജില്ലയിൽ പാപ്പരത്തഹരജി നൽകിയതായും വായ്പ ദാതാക്കൾ കോർപറേറ്റ്കാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.

പഞ്ചാബ്​ നാഷണൽ ബാങ്കിൽ നിന്ന്​ 12,600 കോടി രൂപയുടെ തട്ടിപ്പ്​ നടത്തിയ ശേഷമാണ് കേസിലെ പ്രധാന പ്രതിയായ​ നീരവ്​ മോദി രാജ്യംവിട്ടത്. കേസിലെ മറ്റൊരു പ്രതിയായ അമ്മാവൻ മെഹുൽ ചോക്​സിയും നാടുവിട്ടിരുന്നു. ഇതിന് പിന്നാലെ നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തിരുന്നു.

തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ ഭാര്യ അമി മോദിക്കെതിരെ ഇന്‍റർപോൾ ചൊവ്വാഴ്ച റെഡ്​ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.