വാഷിങ്ടൺ: ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിക്ക് ന്യൂയോർക്ക് കോടതിയിലും തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ തനിക്കെതിരായ വഞ്ചന കുറ്റം റദ്ദാക്കണമെന്ന അപേക്ഷ ന്യൂയോർക്ക് കോടതി തള്ളി.
നീരവ് മോദിയുടെ ബിനാമി കമ്പനികളായ ഫയർസ്റ്റാർ ഡയമണ്ട്, എ ജാഫി, ഫാന്‍റസി എന്നിവയുമായി ബന്ധപ്പെട്ട കേസിലാണ് വിധി. കോടതി നിയോഗിച്ച ട്രസ്റ്റി റിച്ചാർഡ് ലെവിൻ നീരവ് മോദിക്കെതിരായ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു.
നീരവ് മോദിയെ കൂടാതെ മിഹിർ ബൻസാലി, അജയ് ഗാന്ധി എന്നിവരും കേസിൽ ഉൾപ്പെടും. ഇവരുടെ തട്ടിപ്പിനെ തുടർന്ന് സാമ്പത്തിക നഷ്ടത്തിന് ഇരയായവർക്ക് 15 മില്ല്യൺ ഡോളറെങ്കിലും നഷ്ടപരിഹാരം നൽകണമെന്ന് ലെവിൻ കോടതിയെ അറിയിച്ചിരുന്നു. ലെവിൻ കോടതിയിൽ സമർപ്പിച്ച റിേപ്പാർട്ടുകൾ തള്ളണമെന്നാവശ്യപ്പെട്ടായിരുന്നു നീരവ് മോദിയുടെ ഹരജി. വഞ്ചന, വിശ്വാസപരമായ ചുമതലകളുടെ ലംഘനം തുടങ്ങിയവയാണ് നീരവ് മോദിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.
പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നും മറ്റും കോടികൾ തട്ടുന്നതിനായി നീരവ് മോദി കമ്പനിയിൽ വ്യാജ വിൽപ്പന രേഖകൾ സൃഷ്ടിച്ചതായും ഓഹരി വിലയും കമ്പനി മൂല്യവും ഉയർത്തിക്കാട്ടാൻ കൃത്രിമമായി ശ്രമിച്ചുവെന്നും 60 പേജ് വരുന്ന റിപ്പോർട്ടിനെ ഉദ്ധരിച്ച് ഇന്ത്യൻ അമേരിക്കൻ അറ്റോർണി രവി ബത്ര പറഞ്ഞു.
പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 14,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയശേഷം ഇംഗ്ലണ്ടിലേക്ക് കടക്കുകയായിരുന്നു നീരവ് മോദി. നിലവിൽ യു.കെയിലെ ജയിലിലാണ് നീരവ് മോദി. അതേസമയം നീരവ് മോദിയെ ഇന്ത്യയിലേക്ക് മടക്കികൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമം തുടരുന്നുണ്ട്. എന്നാൽ ഇതിനെതിരെ നീരവ് മോദി യു.കെയിലെ കോടതിയിൽ സമീപിച്ചിരുന്നു. ഈ ഹരജിയും നേരത്തേ തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.