ന്യൂഡൽഹി: വ്യവസായ ഭീമൻ ഗൗതം അദാനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹരജികൾ സുപ്രീംകോടതി വിധി പറയാൻ മാറ്റി. ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് റിസർച്ച് ഉയർത്തിയ ആരോപണങ്ങളിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് ഹരജികളിലെ ആവശ്യം. ചീഫ് ജസ്റ്റ് ഡി.വൈ ചന്ദ്രചൂഢ് ഉൾപ്പെട്ട ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്.
കേസിൽ അന്വേഷണം നടത്തുന്ന സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്കെതിരായ ആരോപണങ്ങളിൽ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു. ഓഹരി വിപണിയിലെ കൃത്രിമത്തിൽ ഉൾപ്പടെ അന്വേഷണം നടത്താൻ അധികാരമുള്ള സ്വതന്ത്ര സ്ഥാപനമാണ് സെബി. കൃത്യമായ തെളിവുകളില്ലാതെ തങ്ങൾ എങ്ങനെ സെബിയെ അവിശ്വസിക്കുമെന്നും പ്രത്യേക അന്വേഷണസംഘം രുപീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
കേസിൽ സെബി കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്ന് ഹരജിക്കാർക്കായി ഹാജരായ പ്രശാന്ത് ഭൂഷൺ പറഞ്ഞു. എന്നാൽ, ഗാർഡിയനായാലും ഫിനാൻഷ്യൽ ടൈംസായാലും പത്രത്തിൽ എഴുതുന്നത് സത്യമായി കാണാനാവില്ലെന്നായിരുന്നു ഇതിനുള്ള ചീഫ് ജസ്റ്റിസിന്റെ മറുപടി. സെബിയെ സംശയിക്കാൻ മാത്രമുള്ള തെളിവുകൾ ഹരജിക്കാർ ഹാജരാക്കിയിട്ടില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
അദാനിക്കെതിരായി അന്വേഷണം നടത്താനായി സുപ്രീംകോടതി നിയോഗിച്ച സമിതിയിലെ അംഗങ്ങളുടെ നിഷ്പക്ഷതയിൽ സംശയം പ്രകടിപ്പിച്ചുള്ള പ്രതികരണങ്ങളിലും സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. കമ്മിറ്റിയിലെ ചില അംഗങ്ങൾക്ക് അദാനി ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും നിഷ്പക്ഷതയില്ലെന്നുമുള്ള ആരോപണം പ്രശാന്ത് ഭൂഷൺ ഉയർത്തിയിരുന്നു. ഇതിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അതൃപ്തി പ്രകടിപ്പിച്ചത്.
ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിൽനിന്ന് നിക്ഷേപകരെ സംരക്ഷിക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യോട് സുപ്രീംകോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. അദാനി-ഹിൻഡബർഗ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ കോടതിയിലെത്തിയ ഒരുകൂട്ടം ഹരജികൾ പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് സെബിയോട് ഇതുസംബന്ധിച്ച ചോദ്യമുന്നയിച്ചത്.
ഓഹരി വിപണിയിലെ വൻ ചാഞ്ചാട്ടമാണ് പരാതികളിൽ ഇടപെടാൻ കോടതിയെ പ്രേരിപ്പിച്ച പ്രധാന ഘടകമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. നിക്ഷേപകർക്ക് വൻ നഷ്ടമുണ്ടാക്കുന്ന തരത്തിൽ വിപണിയിലെ ചാഞ്ചാട്ടം തടയാൻ സ്വീകരിക്കുന്ന നടപടികൾ അറിയിക്കണമെന്ന് സെബിക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ബെഞ്ച് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.