ചെന്നൈ: നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് ക്രമക്കേടില്‍ മുന്‍ ഗ്രൂപ് ഓപ്പറേറ്റിങ് ഓഫിസര്‍ ആനന്ദ് സുബ്രഹ്മണ്യനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്‍.എസ്.ഇ കേസുമായി ബന്ധപ്പെട്ട് ആനന്ദ് സുബ്രഹ്മണ്യനെ സി.ബി.ഐ മൂന്നു ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ചിത്ര രാമകൃഷ്ണ ആനന്ദ് സുബ്രഹ്മണ്യത്തെ എന്‍.എസ്.ഇയില്‍ നിയമിച്ചത് അജ്ഞാതനായ യോഗിയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) കണ്ടെത്തലിന്‍റെ പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തെ സി.ബി.ഐ വീണ്ടും ചോദ്യംചെയ്തത്. സന്യാസി ആരെന്നു കണ്ടെത്തിയിട്ടില്ല. ഇത് ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആയിരുന്നയാളാണെന്നാണ് റിപോര്‍ട്ടുകള്‍.
ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ചിത്ര രാമകൃഷ്ണയെയും സി.ബി.ഐ ചോദ്യം ചെയ്തിട്ടുണ്ട്. ഹിമാലയത്തിലെ സന്യാസിയുടെ താല്‍പര്യപ്രകാരം എന്‍.എസ്.ഇയില്‍ ചിത്ര ക്രമേക്കടു നടത്തുകയും രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്തതായി സെബി കണ്ടെത്തിയിരുന്നു. എന്‍.എസ്.ഇയുടെ സെര്‍വറുകളില്‍ നിന്ന് ചില ബ്രോക്കര്‍മാര്‍ക്ക് മാത്രം പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന പരാതിയിലായിരുന്നു അന്വേഷണം.
നിയമനം ഉള്‍പ്പെടെ എന്‍.എസ്.ഇയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ചിത്ര രാമകൃഷ്ണക്കും ആനന്ദ് സുബ്രഹ്മണ്യനും സെബി പിഴ ചുമത്തിയിരുന്നു. ചിത്ര രാമകൃഷ്ണയ്ക്ക് 3 കോടി രൂപയും ആനന്ദ് സുബ്രഹ്മണ്യത്തിന് 2 കോടി രൂപയും എൻ.എസ്.ഇ മുന്‍ എംഡിയും സി.ഇ.ഒയുമായ രവി നരേൻ, ചീഫ് റെഗുലേറ്ററി ഓഫീസര്‍ വി ആർ നരസിംഹൻ എന്നിവര്‍ക്ക് 6 ലക്ഷം രൂപയുമാണ് പിഴ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.