എണ്ണയിൽ തെന്നിവീഴാതെ യു.എ.ഇ

ദുബൈ: ആഗോള വിപണിയിൽ എണ്ണ വില കുതിച്ചുയരുമ്പോഴും തലയുയർത്തി യു.എ.ഇ. എണ്ണയില്ലെങ്കിൽ ഗൾഫില്ലെന്ന് പറഞ്ഞവർക്ക് മുന്നിൽ എണ്ണ ഇതര വരുമാനം കുത്തനെ ഉയർത്തിയാണ് യു.എ.ഇ ആഗോള മാർക്കറ്റിൽ കരുത്തരായി തുടരുന്നത്. ചരിത്രത്തിലാദ്യമായി യു.എ.ഇയിൽ പെട്രോൾ വില മൂന്ന് ദിർഹം കടന്നെങ്കിലും മറ്റ് വിപണികളെ കാര്യമായി ബാധിച്ചിട്ടില്ല. ഒരു പതിറ്റാണ്ടായി എണ്ണയിതര വരുമാനം വർധിപ്പിക്കാനുള്ള രാജ്യത്തിന്‍റെ ശ്രമങ്ങളുടെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്.

യുക്രെയ്നിലേക്കുള്ള റഷ്യൻ അധിനിവേഷം യൂറോപ്പിന് മാത്രമല്ല, ഗൾഫ് വിപണിയുടെയും ചങ്കിടിപ്പ് കൂട്ടിയിരുന്നു. ഏറ്റവും കൂടതൽ എണ്ണ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമായ റഷ്യ യുദ്ധത്തിൽ ഏർപെടുന്നതോടെ ഗൾഫിലും വൻ സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുമെന്നായിരുന്നു ആശങ്ക. എണ്ണയുമായി ബന്ധപ്പെട്ട ഏതൊരു പ്രതിസന്ധിയും ഗൾഫിനെ നേരിട്ട് തന്നെ ബാധിക്കാറുണ്ട്. എന്നാൽ, അക്കാലം കഴിഞ്ഞുവെന്നതിന്‍റെ സൂചന നൽകിയാണ് ഈ യുദ്ധം കടന്നുപോകുന്നത്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ആകെ വിദേശ വ്യാപാരത്തിൽ എണ്ണ ഇതര വ്യാപാരം 19 ശതമാനമായി ഉയർന്നു. 4.4 ട്രില്യൺ ഡോളറിന്‍റെ എണ്ണ ഇതര വ്യാപാരമാണ് ഈ കാലയളവിൽ യു.എ.ഇയിൽ നടന്നത്. 2012 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ യു.എ.ഇയിലെ എണ്ണ ഇതര ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ 12 ശതമാനവും ഇറക്കുമതിയിൽ 2.5 ശതമാനവും വളർച്ച ഉണ്ടായി. ഈ കാലത്തിനിടെ 2.1 ട്രില്യൺ ദിർഹമിന്‍റെ കയറ്റുമതിയാണ് നടന്നത്. പുനർ കയറ്റുമതി 4.9 ശതമാനം വർധിച്ച് 4.5 ട്രില്യൺ ദിർഹമിലെത്തി. 2012ൽ ഇത് 12 ശതമാനമായിരുന്നു.

കോവിഡിന് ശേഷം എണ്ണയിതര വരുമാനം കുതിച്ചുയർന്ന മാസമായിരുന്നു 2021. 2019നെ അപേക്ഷിച്ച് 11 ശതമാനമാണ് കഴിഞ്ഞ വർഷം വർധിച്ചത്. മഹാമാരി എത്തിയതിന് പിന്നാലെ യു.എ.ഇ സ്വീകരിച്ച വ്യാപാര നയമാണ് ഈ വളർച്ചക്ക് കാരണം. കഴിഞ്ഞ മാസം ഇന്ത്യയുമായി സമഗ്ര സാമ്പത്തിക കരാർ ഒപ്പുവെച്ചിരുന്നു. ഇതുവഴി എണ്ണ ഇതര വ്യാപാരത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടപാട് അടുത്ത അഞ്ച് വർഷം കൊണ്ട് 100 ശതകോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. ദക്ഷിണ കൊറിയ, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളുമായി സമാനമായ കരാർ ചർച്ച ചെയ്യുന്നുണ്ട്. ഹംഗറിയുമായി അഞ്ച് കരാറും ഒപ്പുവെച്ചു. എണ്ണ ഇതര ഇടപാടിൽ ഏറ്റവും കൂടുതൽ നടക്കുന്നത് സൗദിയുമായാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയുണ്ട്.

വ്യവസായികളെയും പുതിയ കമ്പനികളെയും യു.എ.ഇയിലേക്ക് ക്ഷണിക്കാൻ നിരവധി പദ്ധതികളാണ് രാജ്യം അടുത്തകാലത്ത് നടപ്പാക്കിയത്. സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള നിരവധി പദ്ധതികൾ പരിഗണനയിലാണ്. സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങുന്നതിന് യു.എ.ഇ പൗരൻമാരുടെ പങ്കാളിത്തം വേണമെന്ന നിയമവും രാജ്യം എടുത്തുകളഞ്ഞിരുന്നു. പുതിയ കമ്പനികൾക്ക് മുന്നിലുള്ള എല്ലാ തടസങ്ങളും നീക്കുക എന്നതായിരുന്നു ഇത്തരം നയങ്ങളിലൂടെ രാജ്യം ലക്ഷ്യമിട്ടത്. ഇതിന്‍റെ വിജയമാണ് ഇപ്പോൾ കണ്ടു വരുന്നത്. 

Tags:    
News Summary - Oil prices do not affect the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.