തിരുവനന്തപുരം: എട്ടുമാസം കൊണ്ട് ലക്ഷം സംരംഭങ്ങൾ ആരംഭിച്ച് സംരംഭക വർഷം പദ്ധതി നേട്ടം കൈവരിച്ചതായി മന്ത്രി പി. രാജീവ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. 1,01,353 സംരംഭങ്ങളാണ് തുടങ്ങിയത്. പദ്ധതിയിലൂടെ കേരളത്തിലേക്ക് 6282 കോടി രൂപയുടെ നിക്ഷേപം വന്നു. 2,20,500 പേർക്ക് തൊഴിൽ ലഭിച്ചു.
ഇനിയുള്ള നാലുമാസം കൊണ്ട് പരമാവധി സംരംഭങ്ങള്‍ ആരംഭിക്കാനും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാകുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വ്യവസ്ഥ സൃഷ്ടിക്കാനുമാണ് ശ്രമം. സംരംഭകവര്‍ഷത്തിന്റെ നേട്ടം കേക്ക് മുറിച്ച് മന്ത്രിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. സംരംഭകവര്‍ഷം പദ്ധതി ആഘോഷ ഭാഗമായി ജനുവരിയില്‍ എറണാകുളത്ത് സംരംഭക സംഗമം സംഘടിപ്പിക്കും. കാല്‍ലക്ഷം പേര് പങ്കെടുക്കും.
നേട്ടങ്ങൾക്കിടയിലും ബാങ്ക് വായ്പ പ്രതീക്ഷിക്കുന്ന അളവിലേക്ക് ഉയരുന്നില്ലെന്ന പോരായ്മയുണ്ട്. അത് പരിഹരിക്കാന്‍ ബാങ്ക് പ്രതിനിധികളുമായി യോഗം ഉടന്‍ ചേരും. ഉൽപന്ന വിപണനത്തിന് ഇ- കൊമേഴ്സ് പ്ലാറ്റ്ഫോം ഒരുക്കും. കേരള ബ്രാന്‍ഡ് വെളിച്ചെണ്ണ ഉടന്‍ വിപണിയിലെത്തും.
സർക്കാറിന്റെ സംരംഭക സൗഹൃദ സമീപനം കൂടുതൽ നിക്ഷേപകർക്ക് സംരംഭങ്ങൾ ആരംഭിക്കാൻ പ്രചോദനമായെന്ന് മന്ത്രി പറഞ്ഞു. വർഷം 10,000 സംരംഭങ്ങൾ ഉണ്ടാകുന്ന നാട്ടിൽ മനസ്സുവെച്ചാൽ ലക്ഷത്തിലധികം സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.
കൂടുതൽ മലപ്പുറത്തും എറണാകുളത്തും
തിരുവനന്തപുരം: സംരംഭക വർഷം പദ്ധതി കാലയളവിൽ മലപ്പുറം, എറണാകുളം ജില്ലകളിൽ പതിനായിരത്തിലധികം സംരംഭങ്ങൾ ആരംഭിച്ചു. കൊല്ലം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ ഒമ്പതിനായിരത്തിലധികവും കോഴിക്കോട്, പാലക്കാട് ജില്ലകളിൽ എണ്ണായിരത്തിലധികവും കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ ഏഴായിരത്തിലധികവും സംരംഭം തുടങ്ങി.
തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ ഇരുപതിനായിരത്തിലധികം പേർക്കും ആലപ്പുഴ, കൊല്ലം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ പതിനയ്യായിരത്തിലധികം പേർക്കും തൊഴിൽ നൽകാനായി. വ്യവസായികമായി പിന്നാക്കം നിൽക്കുന്ന വയനാട്, ഇടുക്കി, കാസർകോട് ജില്ലകളിലായി പതിനെണ്ണായിരത്തിലധികം തൊഴിലവസരം സൃഷ്ടിച്ചു. വ്യവസായിക സാഹചര്യം മാനദണ്ഡമാക്കി ഓരോ ജില്ലയിലും തദ്ദേശ സ്ഥാപനങ്ങളിലും ആരംഭിക്കേണ്ട സംരംഭങ്ങളുടെ ടാർഗറ്റ് നൽകിയിരുന്നു. വയനാട് ജില്ലയാണ് ഇതിൽ ഒന്നാമത്. 70 തദ്ദേശ സ്ഥാപനങ്ങൾ 100 ശതമാനം ലക്ഷ്യം നേടി. കൃഷി - ഭക്ഷ്യ സംസ്കരണ മേഖലയിൽ 17,958 പുതിയ സംരംഭങ്ങൾ നിലവിൽ വന്നു. 1818 കോടി രൂപയുടെ നിക്ഷേപം. 58,038 പേർക്ക് ഈ യൂനിറ്റുകളിലൂടെ തൊഴിൽ ലഭിച്ചു. വനിത സംരംഭകർ നേതൃത്വം നൽകുന്ന ഇരുപത്തായിരത്തിലധികം സംരംഭങ്ങൾ ആരംഭിച്ചതായും മന്ത്രി പി. രാജീവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.