സൗദിയിൽ ഇലക്ട്രോണിക് ബില്ലിങ് രീതി നടപ്പാക്കാത്തവർക്ക് 5,000 റിയാൽ പിഴ

ജിദ്ദ: രാജ്യത്തെ കച്ചവട സ്ഥാപനങ്ങളിൽ ഡിസംബർ നാലിന് ശേഷം ഇലക്ട്രോണിക് ബില്ലിങ് രീതി നടപ്പാക്കാത്തവർക്ക് ആദ്യ ഘട്ടത്തിൽ 5,000 റിയാൽ പിഴ ചുമത്തും. കൃത്രിമത്വം കാണിക്കുന്നവർക്ക് 10,000 റിയാലാണ് പിഴ. ഡിസംബർ നാലിന് ശേഷം ഇതു കണ്ടെത്താൻ പരിശോധനയുണ്ടാകും. സൗദിയിലെ സകാത്ത്-ടാക്‌സ് ആൻഡ്​ കസ്​റ്റംസ് അതോറിറ്റിയാണ് പരിശോധനക്ക് നേതൃത്വം നൽകുക. നേരത്തെ പ്രഖ്യാപിച്ച തീരുമാനം അനുസരിച്ച് ഡിസംബർ നാലിനകം ഇലക്ട്രോണിക്‌സ് ബില്ലിങ് രീതി നടപ്പാക്കണം. ഈ തീയതിക്ക്​ ശേഷം പേന കൊണ്ടെഴുതിയ കടലാസ്​ ബില്ലുകൾക്ക് നിയമ സാധുതയുണ്ടാകില്ല.

സ്ഥാപനങ്ങളിലെ ഇലക്ട്രോണിക് ബില്ലുകളിൽ ക്യു.ആർ കോഡ്, നികുതി വിവരങ്ങൾ എന്നിവ ഉണ്ടായിരിക്കണം. ഇലക്ട്രോണിക് ബില്ലിങ് സംവിധാനം നടപ്പാക്കത്ത സ്ഥാപനങ്ങൾക്ക്​ ആദ്യ തവണ 5,000 റിയാലാണ് പിഴ. വീണ്ടും പിടിക്കപ്പെട്ടാൽ പിഴ ഇരട്ടിക്കും. ഇലക്ട്രോണിക് ബില്ലിങ്ങിൽ കൃത്രിമത്വം കാണിച്ചാൽ 10,000 റിയാലാണ്​ പിഴ. പിന്നീട് പിഴ ഇരട്ടിക്കുകയും ജയിൽ ശിക്ഷക്ക് വരെ കാരണമാവുകയും ചെയ്യും.

ഡിസംബർ നാലിന് ശേഷം പരിശോധനക്ക് അതോറിറ്റി പ്രത്യേക സംഘത്തെ നിശ്ചയിക്കും. സെയിൽസ്​ വാനുകളിലൂടെയുള്ള വിൽപനക്കും ഇലക്ട്രോണിക് ബില്ലിങ്ങ്​ നിർബന്ധമാണ്. പുതിയ രീതി നടപ്പാകുന്നതോടെ നികുതി വെട്ടിപ്പ് തടയാനാകുമെന്നാണ് അതോറിറ്റിയുടെ പ്രതീക്ഷ. നേരത്തെ മൂല്യവർധിത നികുതി (വാറ്റ്) ബില്ലിങ് സ്ഥാപനങ്ങളിൽ നടപ്പാക്കിയിരുന്നു. വാറ്റ് കാണിക്കുന്ന ബില്ലിങ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് 10,000 റിയാലാണ് കുറഞ്ഞ പിഴ. വാറ്റിൽ കൃത്രിമത്വം കാണിച്ചാൽ കുറ്റത്തിനനുസരിച്ച് 10 ലക്ഷം റിയാൽ വരെ പിഴ ഈടാക്കും.

Tags:    
News Summary - Penalties for non-implementation of electronic billing system in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.