മുംബൈ/ കൊച്ചി: രാജ്യത്തെ ജനങ്ങൾ കോവിഡ് ദുരിതത്തിൽ നട്ടംതിരിയവേ ഇന്ധന വില ഇന്ന് വീണ്ടും വർധിപ്പിച്ചു. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 97.86 രൂപയും ഡീസലിന് 89.17 രൂപയുമാണ് പുതുക്കിയ വില.
കേരളത്തിൽ പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 93.51 രൂപയും ഡീസലിന് 88.25 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 93.73 രൂപയും ഡീസലിന് 86.48 രൂപയുമാണ് ഇന്നത്തെ വില. ഏതാനും മാസങ്ങളായി ദിനേന ഇന്ധന വില വർധിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ, അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഈ പതിവ് പൊടുന്നനെ നിർത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ വീണ്ടും തുടങ്ങിയ ഇരുട്ടടി തുടരുകയാണ്. മേയ് രണ്ടിന് ശേഷം അഞ്ചാം തവണയായാണ് വില വർധിപ്പിക്കുന്നത്.
കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി മിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ജോലിയും കൂലിയുമില്ലാതെ നരകിക്കുകയാണ് സാധാരണക്കാർ. ഇതിനിടെയാണ് തീവെട്ടിക്കൊള്ളയുമായി ഇന്ധനവില വർധന. ലോറി വാടകയെയും മറ്റും സ്വാധീനിക്കുന്നതിനാൽ നിത്യോപയോഗസാധനങ്ങൾക്ക് വരെ വില കുതിച്ചുയരാൻ പെട്രോൾ -ഡീസൽ വില വർധന കാരണമാകും.
തിരുവനന്തപുരം: പെട്രോൾ -93.51, ഡീസൽ -88.25
കൊച്ചി: പെട്രോൾ -93.73, ഡീസൽ -86.48
കോഴിക്കോട്: പെട്രോൾ -92.02 , ഡീസൽ -86.88
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.