വിലക്കയറ്റം മുന്നോട്ടുതന്നെ; പലിശനിരക്ക് ഉടൻ കുറയില്ല

ജൂണിലെ ഉപഭോക്തൃ വില സൂചികയിലും മൊത്ത വില സൂചികയിലും വർധന രേഖപ്പെടുത്തിയ സാഹചര്യത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) ഉടനടി പലിശനിരക്ക് കുറക്കാനുള്ള സാധ്യത കുറഞ്ഞു. പലിശ നിർണയത്തിന് ആർ.ബി.ഐ പ്രധാനമായും ആശ്രയിക്കുന്നത് ഉപഭോക്തൃ വില സൂചികയെ ആസ്പദമാക്കിയുള്ള പണപ്പെരുപ്പ നിരക്കാണ്. ഇത് ഇക്കഴിഞ്ഞ ജൂണിൽ 5.08 ശതമാനമായി ഉയർന്നിരുന്നു. കഴിഞ്ഞ നാല് മാസത്തെ ഏറ്റവും കൂടിയ നിരക്കാണിത്. മേയിൽ 4.80 ശതമാനമായിരുന്നു. മൊത്തവില സൂചികയെ ആസ്പദമാക്കിയുള്ള പണപ്പെരുപ്പവും ജൂണിൽ 3.36 ശതമാനമായി ഉയർന്നു. കഴിഞ്ഞ 16 മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയടക്കമുള്ള എട്ട് ബാങ്കുകൾ വായ്പ പലിശ നിരക്കിൽ വർധന വരുത്തിയിരുന്നു.

അതേസമയം, നടപ്പു സാമ്പത്തിക വർഷത്തെ വളർച്ചനിരക്ക് (ജി.ഡി.പി) ഏഴിൽനിന്ന് 7.2 ശതമാനം ആയി റിസർവ് ബാങ്ക് ഉയർത്തി. പണപ്പെരുപ്പം സംബന്ധിച്ച അനുമാനം നടപ്പുവർഷം 4.5 ശതമാനം ആയി നിലനിർത്തുകയും ചെയ്തു. ഒന്നാം പാദത്തിലെ പണപ്പെരുപ്പ അനുമാനം 4.9 ശതമാനം ആയിരുന്നുവെങ്കിലും നിരക്ക് ഇപ്പോൾ 5.08 ശതമാനമായി ഉയർന്നിരിക്കുകയാണ്. ഭക്ഷ്യോൽപന്നങ്ങളുടെ വിലയിൽ വന്ന വർധനയാണ് വിലക്കയറ്റത്തിന് പ്രധാനമായും കാരണമായത്. തെക്കുപടിഞ്ഞാറൻ കാലവർഷം മെച്ചപ്പെട്ട നിലയിൽ ലഭിക്കുമെന്ന പ്രവചനം യാഥാർഥ്യമായാൽ ഭേദപ്പെട്ട വിളവെടുപ്പിലൂടെ ഡിസംബറോടെ വിലക്കയറ്റം നിയന്ത്രണ വിധേയമാക്കാമെന്നാണ് ആർ.ബി.ഐ കണക്കുകൂട്ടുന്നത്. പണപ്പെരുപ്പ നിരക്ക് നാലു ശതമാനത്തിലെത്തിക്കുകയാണ് ആർ.ബി.ഐയുടെ ലക്ഷ്യം. വിപണിയിലെ പണലഭ്യത നിയന്ത്രിച്ച് വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റിപോ നിരക്കിൽ കുറവ് വരുത്താൻ ആർ.ബി.ഐ തയാറാവാത്തത്.

ആർ.ബി.ഐയുടെ അടുത്ത പണ നയ സമിതി (എം.പി.സി) യോഗം ആഗസ്റ്റ് ആറു മുതൽ എട്ടു വരെയാണ്. നിരക്ക് 6.5 ശതമാനത്തിൽ തന്നെ നിലനിർത്താനാണ് സാധ്യത. നിരക്ക് കുറയാൻ ഒരുപക്ഷേ, ഡിസംബർ വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ അനുമാനം.

നിഘണ്ടു

റിപോ:

ആർ.ബി.ഐ വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കാണ് റിപോ. റിപോ നിരക്കിൽ വരുത്തുന്ന മാറ്റത്തിലൂടെ വിപണിയിലെ പണലഭ്യതയിലും മാറ്റം വരുത്തി പണപ്പെരുപ്പം നിയന്ത്രിക്കുകയാണ് ലക്ഷ്യം.

ജി.ഡി.പി:

ഉൽപന്നങ്ങളും സേവനങ്ങളുമടക്കം രാജ്യത്തെ മൊത്തം സാമ്പത്തിക പ്രവർത്തനങ്ങളുടെ ആകെ മൂല്യമാണ് ജി.ഡി.പി (മൊത്ത ആഭ്യന്തര ഉൽപാദനം). ഇത് രാജ്യത്തിന്റെ കുതിപ്പും കിതപ്പും വ്യക്തമാക്കുന്നു.

ഉപഭോക്തൃ വിലസൂചിക:

രാജ്യത്തെ 36 സംസ്ഥാന -കേന്ദ്രഭരണ പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 1181 വില്ലേജുകളിലെയും 310 നഗരങ്ങളിലെ 1114 മാർക്കറ്റുകളിലെയും ഉപഭോഗ സാധനങ്ങളുടേയും സേവനങ്ങളുടേയും വിലയും നിരക്കും മാസംതോറും താരതമ്യം ചെയ്താണ് ഉപഭോക്തൃ വില സൂചിക തയാറാക്കുന്നത്.

മൊത്ത വില സൂചിക:

കമ്പനികൾ തമ്മിലുള്ള ചരക്ക് കൈമാറ്റം വിലയിരുത്തി ഉൽപാദനവുമായി ബന്ധപ്പെട്ട വിലക്കയറ്റത്തോതാണ് മൊത്ത വില സൂചിക.

Tags:    
News Summary - Price hikes ahead; Interest rates won't come down soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.