2019 ഏപ്രിൽ 11. ഇന്ത്യയിൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം. പൊതു അവധിയായതിനാൽ മക്ഡോണൾഡ്സ് റസ്റ്റാറന്റുകളിൽ നല്ല തിരക്കായിരുന്നു. ഇഷ്ടഭക്ഷണം ഓർഡർ ചെയ്തവരിൽ കുറച്ചുപേർക്ക് കിട്ടി. ചിലർക്ക് കിട്ടിയത് ഓർഡർ ചെയ്ത ഭക്ഷണമായിരുന്നില്ല. ഇത് കൗണ്ടറിലുള്ളവരുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ മറുപടി ഇപ്രകാരമായിരുന്നു. ''നിങ്ങൾ ഓർഡർ ചെയ്ത ഭക്ഷണം തരാൻ നിർവാഹമില്ല. ഇന്ന് ഞങ്ങൾ തരുന്നത് കഴിച്ചാൽ മതി.'' ഇതു കേട്ടവരിൽ ചിലർ അമ്പരന്ന് നിന്നു.
ചിലരെ വല്ലാതെയങ്ങ് ചൊടിപ്പിച്ചു. അവർ കൗണ്ടറിലുള്ള ജീവനക്കാരുമായി തട്ടിക്കയറി. ''ഞങ്ങൾ കാശ് തന്നാണ് ഇവിടെ വന്ന് ഭക്ഷണം കഴിക്കുന്നത്. അല്ലാതെ നിന്റെയൊന്നും ഔദാര്യമല്ല. ഓർഡർ ചെയ്ത ഭക്ഷണമാണ് ഞങ്ങൾക്ക് തരേണ്ടത്. അല്ലാതെ നീയൊക്കെ തരുന്നതും കഴിച്ചിട്ട് പോകാനല്ല ഞങ്ങൾ വരുന്നത്.'' ഈ പ്രതികരണത്തിന് അവർക്ക് കിട്ടിയ മറുപടിയാണ് ഈ സംഭവത്തിന്റെ ഹൈലൈറ്റ്...! അതിങ്ങനെയായിരുന്നു. ''ഇന്ന് തെരഞ്ഞെടുപ്പ് ദിവസമാണ്.
ഒരു പൗരനെന്ന നിലയിൽ വോട്ട് ചെയ്യുക എന്നുള്ളത് താങ്കളുടെ കർത്തവ്യമാണ്. ഒരു സർക്കാറിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിൽ പങ്കാളിയാവുക എന്ന കടമ നിർവഹിക്കാതെയാണ് താങ്കൾ വന്നിരിക്കുന്നത്. അതുകൊണ്ട് താങ്കൾക്ക് തെരഞ്ഞെടുക്കാനുള്ള അവകാശം (Right to Choose) നഷ്ടമായിരിക്കുന്നു. അങ്ങനെയുള്ള ഒരാൾക്ക് ഇവിടെനിന്ന് ഭക്ഷണം സ്വയം തിരഞ്ഞെടുക്കാനുള്ള അവകാശമില്ല. ഞങ്ങൾ തരുന്നത് കഴിക്കുകയേ നിർവാഹമുള്ളൂ.''
തെരഞ്ഞെടുക്കാനുള്ള നിങ്ങളുടെ അവകാശം നിങ്ങൾക്ക് തിരികെ ലഭിക്കണമെങ്കിൽ ഒരു വഴിയേ ഉള്ളൂ. പോളിങ് സമയം അവസാനിച്ചിട്ടില്ല. എത്രയും പെട്ടെന്ന് വോട്ട് ചെയ്തിട്ട് തിരിച്ചുവരൂ. അപ്പോഴേക്കും നിങ്ങൾ ഓർഡർ ചെയ്ത ഭക്ഷണം റെഡിയായിരിക്കും.ഇത് കേട്ടപ്പോഴാണ് ആളുകൾക്ക് സംഗതിയുടെ ഗുട്ടൻസ് പിടികിട്ടിയത്. സ്വന്തം തെറ്റ് തിരിച്ചറിഞ്ഞ പലരും അപ്പോൾ തന്നെ വോട്ട് ചെയ്യാനായി പുറപ്പെട്ടു. വോട്ട് ചെയ്ത് തിരിച്ചെത്തിയവർക്ക് അതേ കൗണ്ടറിൽനിന്ന് തന്നെ അവർക്കിഷ്ടപ്പെട്ട ഭക്ഷണം ലഭിക്കുകയും ചെയ്തു.
മക്ഡോണൾഡ്‌സിന്റെ സാമൂഹിക പ്രതിബദ്ധതയോടെയുള്ള ഈ കാമ്പയിൻ ഏറെ ശ്രദ്ധിക്കപ്പെടുകയും അന്താരാഷ്ട്ര മാധ്യമങ്ങളിൽനിന്ന് വരെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.റസ്റ്റാറന്റ് ജീവനക്കാർ എങ്ങനെയാണ് വോട്ട് ചെയ്തവരെയും ചെയ്യാത്തവരെയും വേർതിരിച്ചറിഞ്ഞതെന്ന സംശയം സ്വഭാവികം. സംഗതി മറ്റൊന്നുമല്ല. വിരൽത്തുമ്പിലെ മഷി അടയാളത്തിൽനിന്നു തന്നെ...! ഇതിനായി മക്ഡോണൾഡ്‌സ് കമ്പനി രാജ്യവ്യാപകമായി എല്ലാ ഔട്ട്ലറ്റുകളിലെയും ഓരോ കൗണ്ടറിലും പ്രത്യേകം ജീവനക്കാരെ നിയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.