ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്കിന് വിലക്കുമായി ആർ.ബി.ഐ. പുതിയ ഉപഭോക്താക്കളെ ഓൺലൈനിലൂടെയും മൊബൈൽ ബാങ്കിങ്ങിലൂടെയും ചേർക്കരുതെന്നാണ് ആർ.ബി.ഐ നിർദേശം. പുതിയ ക്രെഡിറ്റ് കാർഡുകൾ നൽകരുതെന്നും നിർദേശമുണ്ട്.
കൊട്ടക് മഹീന്ദ്ര ബാങ്ക് ഐ.ടി സിസ്റ്റത്തിലെ തകരാറുകൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആർ.ബി.ഐ അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ഇത് പരിഹരിക്കാൻ കേന്ദ്രബാങ്ക് നിർദേശം നൽകിയിരുന്നുവെങ്കിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന് അത് സാധിക്കാതെ വന്നതോടെയാണ് നടപടിയുണ്ടായത്.
ഗുരുതരമായ വീഴ്ചയാണ് ബാങ്കിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് നടപടിയെടുത്തുകൊണ്ടുള്ള ആർ.ബി.ഐ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ദിവസം ഓഹരി വിപണി ക്ലോസ് ചെയ്ത ഉടനെയാണ് ബാങ്കിനെതിരെ നടപടിയുണ്ടായത്. വിപണിമൂല്യത്തിൽ ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യബാങ്കാണ് കൊട്ടക് മഹീന്ദ്ര. ബാങ്കിന്റെ ഓൺലൈൻ സേവനങ്ങൾ ഉടൻ നിർത്താനാണ് ആർ.ബി.ഐയുടെ നിർദേശമുണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം 1.64 ശതമാനം നേട്ടത്തോടെ 1,843 രൂപയിലാണ് കൊട്ടക് മഹീന്ദ്രയുടെ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. 3.66 ലക്ഷം കോടിയാണ് ബാങ്കിന്റെ വിപണിമൂല്യം. അതേസമയം, പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് അറിയിച്ചു.
ഐ.ടി സിസ്റ്റം ശക്തിപ്പെടുത്തുന്നതിനായി പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ആർ.ബി.ഐയുമായി ചേർന്ന് പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ബാങ്ക് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.