ന്യൂഡല്‍ഹി: റിപ്പോ- റിവേഴ്‌സ് റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോനിരക്ക് 4 ശതമാനമായി തുടരുമെന്ന് ആർ.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു. ബാങ്കുകളുടെ നിക്ഷേപത്തിന് റിസര്‍വ് ബാങ്ക് നൽകുന്ന പലിശനിരക്കായ റിവേഴ്‌സ് റിപ്പോ നിരക്കും 3.35 ശതമാനമായി തുടരുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
പണവായ്പ നയസമിതി പുനഃസംഘടിപ്പിച്ചതിന് ശേഷമുളള ആദ്യ പണവായ്പ നയ അവലോകന യോഗത്തിലാണ് തുരുമാനം. മൂന്ന് പുതിയ സ്വതന്ത്രാംഗങ്ങള്‍ ചുമതലയേറ്റശേഷം നടന്ന ആദ്യയോഗത്തിൽ അംഗങ്ങളെല്ലാവരും റിപ്പോ നിരക്ക് നാലുശതമാനത്തില്‍ നിലനിര്‍ത്തുന്നതിന് അനുകൂലമായി വോട്ടുചെയ്തു.
2021സാമ്പത്തിക വർഷത്തിൽ ജി.ഡി.പിയില്‍ 9.5 ശതമാനത്തിൻെറ കുറവ് വരുമെന്ന് ആർ.ബി.ഐ പ്രവചിക്കുന്നു. സാമ്പത്തിക വർഷത്തിെൻറ നാലാം പാദത്തോടെ സ്ഥിതി മെച്ചപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. നിലവിലെ സാഹചര്യങ്ങള്‍ രാജ്യത്തെ സാമ്പത്തികവളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. ബാങ്ക് നിരക്കും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റിയും അതേപോലെ തുടരും. നിലവിൽ 4.2 ശതമാനമാണ് ബാങ്ക് നിരക്ക്.
കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തില്‍ സമ്പദ്‌വ്യവസ്ഥയില്‍ പ്രതിസന്ധി തുടരുകയാണ്. ഇത് കണക്കിലെടുത്ത് പലിശനിരക്ക് കുറച്ച് വിപണിയില്‍ കൂടുതല്‍ പണലഭ്യത ഉറപ്പാക്കുന്ന നിലപാട് തുടരുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.
ആഗസ്റ്റിലെ യോഗത്തിലും റിപ്പോ നിരക്കില്‍ മാറ്റമൊന്നും വരുത്തിയിരുന്നില്ല. 2020 ഫെബ്രുവരി മുതല്‍ ഇതുവരെ നിരക്കില്‍ 2.50ശതമാനമാണ് കുറവുവരുത്തിയത്.
ഓഗസ്റ്റില്‍ 6.69ശതമാനമായിരുന്നു പണപ്പെരുപ്പം. കോവിഡ് വ്യാപനത്തെതുടര്‍ന്ന് വിതരണശൃംഖലയില്‍ തടസമുള്ളതിനാല്‍ വരുംമാസങ്ങളിലും വിലക്കയറ്റം കൂടാനാണ് സാധ്യതയെന്ന് യോഗം വിലയിരുത്തി. അതേസമയം 2021ഓടെ പണപ്പെരുപ്പ നിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ശക്തികാന്ത ദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.