ന്യൂഡൽഹി: എളുപ്പത്തിൽ പണം കൈമാറ്റം ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഐ.എം.പി.എസ് (ഇമ്മീഡിയേറ്റ് പേയ്മെന്റ് സർവിസ്) സംവിധാനത്തിന്റെ ഇടപാട് പരിധി രണ്ടുലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷമായി ഉയർത്തി റിസർവ് ബാങ്ക്. വായ്പ അവലോകന യോഗത്തിന് ശേഷം ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചതാണ് ഇക്കാര്യം.
ഐ.എം.പി.എസ് സംവിധാനം വഴി 24*7 സമയവും ഒരു ബാങ്കിൽനിന്ന് മറ്റൊരു ബാങ്കിലേക്ക് പണം കൈമാറ്റം ചെയ്യാൻ സാധിക്കും. ഉപേഭാക്താക്കൾക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാമെന്നതാണ് ഇതിൽ പ്രധാനം. അതിനാൽ തന്നെ ഇടപാട് പരിധി രണ്ടുലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷമായി ഉയർത്തും' -ശക്തികാന്ത ദാസ് പറഞ്ഞു.
2010ലാണ് ഐ.എം.പി.എസ് സംവിധാനം ആവിഷ്കരിച്ചത്. നാഷനൽ പേയ്മെന്റ് കോർപറേഷൻ ഇന്ത്യയാണ് ഈ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സംവിധാനം കൈകാര്യം ചെയ്യുന്നത്. മൊബൈൽ ഫോൺ വഴി ഈ സംവിധാനം പ്രയോജനപ്പെടുത്താൻ സാധിക്കും. ബാങ്ക് അവധി ദിവസങ്ങളിലും 24 മണിക്കൂറും ഈ സേവനം ലഭ്യമാകും.
പുതിയ വായ്പ നയവും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ല. റിപ്പോ നിരക്ക് നാലുശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും. തുടർച്ചയായ എട്ടാംതവണയാണ് നിരക്കുകളിൽ മാറ്റമില്ലാതെ തുടരുന്നത്.
വാണിജ്യബാങ്കുകൾ റിസർവ് ബാങ്കിൽനിന്ന് എടുക്കുന്ന വായ്പക്ക് ചുമത്തുന്ന പലിശ നിരക്കാണ് റിപ്പോ. വാണിജ്യബാങ്കുകളുടെ കരുതൽ പണത്തിന് റിസർവ് നൽകുന്ന പലിശയാണ് റിവേഴ്സ് റിപ്പോ.
കോവിഡ് രണ്ടാം തരംഗത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പ ആശങ്കയുമാണ് നിരക്കുകളിൽ മാറ്റമില്ലാതെ തുടരാനുള്ള തീരുമാനത്തിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.