റബർ വിലയിടിച്ച് ഊഹക്കച്ചവടക്കാർ

ആഗോള റബർ ഉൽപാദകരെ സമ്മർദത്തിലാക്കി ഊഹക്കച്ചവടക്കാർ വിപണിയുടെ ദിശതിരിച്ചു. ഒരാഴ്‌ച നീളുന്ന ആഘോഷങ്ങൾക്കായി ചൈനീസ്‌ വ്യവസായികൾ അന്താരാഷ്ട്ര വിപണിയിൽനിന്ന് അകന്ന അവസരത്തിലാണ്‌ അവധി വ്യാപാരം രംഗം കൈപ്പിടിയിലൊതുക്കി വിപണിയെ അവർ അമ്മാനമാടിയത്‌. വിദേശ മാർക്കറ്റിൽ നിന്ന് ഏറ്റവും കൂടുതൽ റബർ ഇറക്കുമതി നടത്തുന്നത്‌ ബെയ്ജിങ്ങിലെ വ്യവസായികളാണ്‌. ചൈനീസ്‌ വ്യവസായിക മേഖല തിരിച്ചുവരവിന്റെ പാതയിലേക്ക്‌ ചുവടുവെക്കുന്ന സന്ദർഭമായതിനാൽ ആഗോള തലത്തിൽ വരും മാസങ്ങളിൽ ഷീറ്റിനും ലാറ്റക്‌സിലും പതിവിലും ഡിമാൻഡ് വിപണി വൃത്തങ്ങൾ മുന്നിൽ കണ്ടു. അതുകൊണ്ടുതന്നെ പിന്നിട്ട വാരങ്ങളിൽ കാര്യമായി ചരക്കിറക്കാതെ ഉയർന്ന വിലക്കുവേണ്ടി തായ്‌ലൻഡും ഇന്തോനേഷ്യയും മലേഷ്യയും സംഘടിത നീക്കം നടത്തുകയായിരുന്നു.

ജപ്പാൻ വിപണിയിൽ റബർ വില ഉയർന്ന തക്കത്തിനാണ്‌ പുതിയ വിൽപനകൾ സൃഷ്‌ടിച്ച്‌ ഊഹക്കച്ചവടക്കാർ വിപണിയുടെ ദിശ തിരിച്ചത്‌. ഒരവസരത്തിൽ കിലോ 440 യെൻ വരെ ഉയർന്ന്‌ ഇടപാടുകൾ നടന്ന ജപ്പാനിൽ പിന്നീട്‌ വില കുത്തനെ താഴ്‌ന്നു. ഇതിന്റെ ചുവടുപിടിച്ച്‌ തായ്‌ലൻഡിൽ ഷീറ്റ്‌ വില 254 രൂപയിൽ നിന്നും 245 ലേക്ക്‌ താഴ്‌ന്നു. കേരളത്തിൽ നാലാം ഗ്രേഡ്‌ 225 രൂപയിൽ നിന്ന് 214 രൂപയായി. ടാപ്പിങ്‌ സീസണായതിനാൽ ചെറുകിട കർഷകർ പുതിയ ചരക്കു വിൽപന നടത്തുന്നുണ്ട്‌.

●●●

ഉത്സവ സീസനാണെങ്കിലും ഉത്തരേന്ത്യൻ വാങ്ങലുകാർക്ക്‌ ആവശ്യാനുസരണം കുരുമുളക്‌ ഇനിയും സംഭരിക്കാനായിട്ടില്ല. നവരാത്രിക്കാവശ്യമായ ചരക്ക്‌ ശേഖരിച്ചിട്ടുണ്ടെങ്കിലും മൊത്തം വിൽപന ഉയരുന്ന ദീപാവലിക്ക്‌ ഇനിയും കുരുമുളക്‌ അവർക്ക്‌ വാങ്ങാനുണ്ടെന്നാണ്‌ വിപണി വൃത്തങ്ങളുടെ വിലയിരുത്തൽ. വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിലാണ്‌ കാർഷിക മേഖല. കർഷകരും സ്‌റ്റോക്ക്‌ ഇറക്കുന്നത്‌ നിയന്ത്രിച്ചു. കൊച്ചിയിൽ അൺ ഗാർബിൾഡ്‌ കുരുമുളക്‌ വില 64,600 രൂപയിൽ വാരാന്ത്യം ഇടപാടുകൾ നടന്നു. അന്താരാഷ്‌ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളക്‌ വില ടണ്ണിന്‌ 8100 ഡോളർ. മറ്റ്‌ ഉൽപാദന രാജ്യങ്ങൾ ക്രിസ്‌മസ്‌-പുതുവർഷ ഓർഡറുകൾ പ്രതീക്ഷിച്ച്‌ കരുതലോടെയാണ്‌ വിദേശ വ്യാപാരങ്ങൾക്ക്‌ ശ്രമം നടത്തുന്നത്‌. വിയറ്റ്‌നാം, ഇന്തോനേഷ്യ, ബ്രസീൽ എന്നിവിടങ്ങളിൽ പ്രതികൂല കാലാവസ്ഥയിൽ കുരുമുളക്‌ ഉൽപാദനം കുറവാണ്‌.

●●●

കൊപ്ര, ഉണ്ട കൊപ്ര സംഭരണം പൂർത്തിയാക്കി ഉത്തരേന്ത്യക്കാർ രംഗം വിട്ടതോടെ വിലക്കയറ്റം നിലച്ചു. ഉത്സവ ആവശ്യങ്ങൾക്കുള്ള ചരക്ക്‌ സംഭരണം കൂടുതൽ ദിവസം തുടരുമെന്നാണ്‌ വിപണി വൃത്തങ്ങൾ വിലയിരുത്തിയത്‌. നിരക്ക്‌ ഇനിയും ഉയർന്നാൽ അത്‌ വിൽപനയെ ബാധിക്കുമോയെന്ന ആശങ്കയും തല ഉയർത്തുന്നു. സംരംഭമായതിനാൽ വെളിച്ചെണ്ണക്ക്‌ പ്രാദേശിക ആവശ്യം ഉയർന്നു. കൊച്ചിയിൽ എണ്ണ 19,400 രൂപയിലും കൊപ്ര 13,000 ലുമാണ്‌.

●●●

ഹൈറേഞ്ചിൽ ഏലം വിളവെടുപ്പ്‌ പുരോഗമിച്ചു. ഉയർന്ന കാർഷിക ചെലവുകൾ മുൻനിർത്തി ചരക്ക്‌ വിറ്റുമാറാൻ കർഷകരും തിടുക്കം കാണിച്ചു. പ്രതികൂല കാലാവസ്ഥ മൂലം പതിവിലും മൂന്ന്‌ മാസം വൈകി വിളവെടുപ്പ്‌ തുടങ്ങിയതിനാൽ രാജ്യത്തെ വൻകിട സ്‌റ്റോക്കിസ്‌റ്റുകളുടെ കൈവശം ഏലം കാര്യമായില്ല. അതുകൊണ്ടുതന്നെ ലേല കേന്ദ്രങ്ങളിൽ നിന്ന് കൂടിയ വിലക്കും ഏലക്ക സംഘടിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ട്‌. ദീപാവലി വേളയിൽ ഉയർന്ന അളവിൽ ഏലക്ക ഉത്തരേന്ത്യയിൽ വിറ്റഴിയും. അറബ്‌ രാജ്യങ്ങളിൽ നിന്ന് ആവശ്യക്കാരുണ്ട്‌. വാരാന്ത്യം ശരാശരി ഇനങ്ങൾ കിലോ 2265 രൂപയിലും മികച്ചയിനങ്ങൾ 3052 രൂപയിലും കൈമാറി.

●●●

ആഭരണ കേന്ദ്രങ്ങളിൽ സ്വർണം പുതിയ റെക്കോഡ്‌ സ്ഥാപിച്ചു. പവന്‌ 56,760 രൂപയിൽ നിന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ 56,960 യിലാണ്‌ ശനിയാഴ്‌ച വ്യാപാരം അവസാനിച്ചത്‌. ഒരു ഗ്രാം സ്വർണ വില 7120 രൂപ.

Tags:    
News Summary - rubber price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-30 01:32 GMT