ന്യൂഡൽഹി: വ്യാപാരക്കമ്മി കൂടുന്നതും യു.എസ് കേന്ദ്ര ബാങ്ക് പലിശനിരക്ക് വർധിപ്പിക്കുമെന്ന അഭ്യൂഹവും കാരണം ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 82 വരെയായി താഴുമെന്ന് ആശങ്ക. അടുത്ത ദിവസം ചേരുന്ന യു.എസ് കേന്ദ്രബാങ്കിന്റെ യോഗത്തിൽ പലിശനിരക്ക് 50-75 ബേസിസ് പോയന്റുകളായി കൂട്ടുമെന്നാണ് നിരീക്ഷകർ പ്രവചിക്കുന്നത്. ഇങ്ങനെ വന്നാൽ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ നിന്ന് യു.എസിലേക്ക് നിക്ഷേപം വരുമെന്നും പറയുന്നു. രാജ്യത്തുനിന്ന് ഡോളറിന്റെ പുറത്തേക്കുള്ള ഒഴുക്കും അസംസ്കൃത എണ്ണയുടെ വിലവർധനയും രൂപയെ കൂടുതൽ താഴേക്കെത്തിക്കുമെന്നും ആശങ്കയുണ്ട്.
കഴിഞ്ഞയാഴ്ച ഡോളറുമായുള്ള വിനിമയത്തിൽ രൂപ 80.06 ആയി ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. അടുത്ത വർഷം മാർച്ച് ആവുമ്പോഴേക്ക് വൻ വീഴ്ചയുണ്ടാവുകയും പിന്നീടത് 78ൽ ക്ലോസ് ചെയ്യുമെന്നും ചില സാമ്പത്തിക ശാസ്ത്രജ്ഞൻമാർ പ്രവചിക്കുന്നു. ''ഡോളറിനെതിരെ തളർച്ച തുടരുന്ന രൂപ 79ന് അടുത്താണുണ്ടാവുക. ഈ വർഷത്തെ ശരാശരി നിരക്കായിരിക്കുമത്. അതേസമയം നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ഇപ്പോൾ രൂപ 81 വരെ എത്താനും സാധ്യതയുണ്ട്.'' -ഇന്ത്യ റേറ്റിങ് ആൻഡ് റിസർച് പ്രിൻസിപ്പൽ എക്കണോമിസ്റ്റ് സുനിൽ കുമാർ സിൻഹ പറഞ്ഞു. ക്രൂഡോയിൽ ഇറക്കുമതി കൂടിയതിന്റെ ഫലമായി വ്യാപാരക്കമ്മി 26.18 ബില്യണായി വർധിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.