മോസ്കോ: യുക്രെയ്നിൽ കടന്നുകയറിയതിന് പ്രതികാരമായി റഷ്യയുടെ എണ്ണക്ക് ചില രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയപ്പോൾ അവസരം മുതലെടുത്ത് വൻ ലാഭമുണ്ടാക്കി ഇന്ത്യൻ സ്വകാര്യ എണ്ണക്കമ്പനികൾ. റഷ്യയിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങി സംസ്കരിച്ച് യൂറോപ്പിലേക്കും മറ്റും കയറ്റി അയച്ചാണ് സ്വകാര്യ കമ്പനികൾ ലാഭമുണ്ടാക്കുന്നത്.
യുക്രെയ്ൻ അധിനിവേശം 100 ദിവസത്തിനരികെ നിൽക്കെ യൂറോപ്യൻ രാജ്യങ്ങളിലേറെയും ഇപ്പോഴും റഷ്യയിൽനിന്ന് നേരിട്ട് എണ്ണ വാങ്ങുന്നില്ല. അവിടങ്ങളിൽ ഇന്ധന ലഭ്യത ഉറപ്പുവരുത്താൻ മറ്റു മാർഗങ്ങളെന്ന നിലക്കാണ് വിദേശ രാജ്യങ്ങളിലെ സ്വകാര്യ എണ്ണക്കമ്പനികളെ ആശ്രയിക്കേണ്ടിവരുന്നത്. റിലയൻസ്, നയര പോലുള്ള ഇന്ത്യൻ കമ്പനികൾക്ക് ഇത് വൻ കൊയ്ത്തിന് അവസരമായി മാറിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നു.
ഒരു ബാരൽ എണ്ണക്ക് 30 ഡോളർ (2325 രൂപ) വരെ ലാഭമാണ് ഈ കമ്പനികൾക്ക് ലഭിക്കുന്നത്. കയറ്റുമതി കൂടിയതോടെ ഇന്ത്യക്കകത്ത് ഈ കമ്പനികളുടെ പേരിലുള്ള പമ്പുകളിൽ വിൽക്കുന്ന എണ്ണക്ക് വില കൂട്ടുകയും ചെയ്തിട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള പമ്പുകളിലേതിനെക്കാൾ വില കൂടുതലായതിനാൽ ആഭ്യന്തര വിൽപനയിൽ കുറവുവന്നിട്ടുണ്ട്. കഴിഞ്ഞ വർഷം 10 ശതമാനമുണ്ടായിരുന്ന സ്വകാര്യ കമ്പനികളുടെ വിഹിതം ഏഴു ശതമാനമായാണ് കുറഞ്ഞത്. കയറ്റുമതി കൂടിയതിനാൽ ഇത് ബോധപൂർവമാണെന്നാണ് സൂചന. കമ്പനി വൃത്തങ്ങളും വില കൂട്ടിയത് സ്ഥിരീകരിക്കുന്നുണ്ട്.
ദീർഘകാല കരാറായതിനാൽ രാജ്യത്തെ സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനികൾ റഷ്യൻ എണ്ണയെ കൂടുതലായി ആശ്രയിക്കുന്നില്ലെന്നതും ശ്രദ്ധേയം. ഫെബ്രുവരി 24ന് യുക്രെയ്ൻ അധിനിവേശം ആരംഭിച്ച ശേഷം 6.2 കോടി ബാരൽ അസംസ്കൃത എണ്ണയാണ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ വർഷം സമാന കാലയളവിനെ അപേക്ഷിച്ച് മൂന്നിരട്ടി കൂടുതൽ. ഇന്ത്യയിൽനിന്നുള്ള എണ്ണ കയറ്റുമതിയിലുമുണ്ട് വർധന- 15 ശതമാനം കൂടുതൽ.
റിലയൻസിന്റെ പേരിൽ ഗുജറാത്തിലെ ജാംനഗറിലുള്ള ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണ സമുച്ചയത്തിൽ സംസ്കരണ പ്രക്രിയ തകൃതിയായി നടക്കുന്നതിനാൽ അടുത്തിടെ നടക്കേണ്ട വാർഷിക അറ്റകുറ്റപ്പണികൾവരെ നീട്ടിവെച്ചതായും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.