ന്യൂഡൽഹി: ബാങ്കിങ്, ധനകാര്യം മറ്റ് മേഖലകളുമായി ബന്ധപ്പെട്ട ചില സുപ്രധാന മാറ്റങ്ങൾ നടപ്പിൽ വരാൻ പോകുകയാണ് ആഗസ്റ്റ് ഒന്ന് മുതൽ. നമ്മുടെ ദൈനംദിന ജീവതത്തെ നേരിട്ട് ബാധിക്കുന്ന മാറ്റങ്ങളാണ് ഇവയെന്നതിനാൽ തന്നെ അവ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ശമ്പളവും പെൻഷനും ലഭിക്കാൻ അടുത്ത പ്രവൃത്തിദിനം വരെ കാത്തിരിക്കേണ്ടിവരുന്ന പ്രയാസം ഒഴിവാകുകയാണ്. ആഴ്ചയിൽ ഏഴു ദിവസവും പ്രധാന ഇടപാടുകൾക്ക് അവസരമൊരുക്കി റിസർവ് ബാങ്ക് വരുത്തിയ മാറ്റങ്ങൾ ആഗസ്റ്റ് ഒന്നു (ഞായറാഴ്ച) മുതൽ നടപ്പാകുകയാണ്.
ദേശീയ ഓേട്ടാമേറ്റഡ് ക്ലിയറിങ് ഹൗസ് നിയമങ്ങളിലാണ് ഇതിനാവശ്യമായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. അതുവഴി ഏതു ദിവസവും ശമ്പള, പെൻഷൻ ഇനത്തിൽ തുക ബാങ്കിലിടാൻ അവസരമൊരുങ്ങും. നേരത്തെ ബാങ്കുകൾ പ്രവർത്തിച്ച തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ മാത്രമായിരുന്നു ഇത് സൗകര്യപ്പെട്ടിരുന്നത്. ദേശീയ പെയ്മന്റ്സ് കോർപറേഷനു കീഴിലെ മൊത്തം പണംനൽകൽ സംവിധാനമാണ് ദേശീയ ഓേട്ടാമേറ്റഡ് ക്ലിയറിങ് ഹൗസ്.
ലാഭവിഹിതം, പലിശ, ശമ്പളം, പെൻഷൻ തുടങ്ങി പണം ലഭ്യമാകുന്നവക്ക് പുറമെ പണമടക്കാനുള്ള വൈദ്യുതി ബില്ല്, ഗ്യാസ്, ടെലിഫോൺ, ജലം, വായ്പ അടവുകൾ എന്നിവക്കുള്ള തുകയും മറ്റും നൽകാൻ അവസരമൊരുക്കുന്നതും ദേശീയ ഓേട്ടാമേറ്റഡ് ക്ലിയറിങ് ഹൗസ് ആണ്.
ഇതിൽ മാറ്റം വരുന്ന ആഗസ്റ്റ് ഒന്നുമുതൽ ഏതുദിവസവും ശമ്പളം നൽകൽ സൗകര്യപ്പെടും. ഇതിനാവശ്യമായ നിർദേശങ്ങൾ വരുംദിവസങ്ങളിൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് കൈമാറുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഇനി അധികം കൊടുക്കണം
ജൂണിലെ റിസർവ് ബാങ്ക് ഉത്തരവ് പ്രകാരം എ.ടി.എം ഇടപാടുകൾക്കുള്ള ഇൻറർചേഞ്ച് ഫീസ് 15 രൂപയിൽ നിന്ന് 17 രൂപയാകി ഉയർത്തിയിരുന്നു. ഈ നിരക്ക് വർധന ആഗസ്റ്റ് ഒന്ന് മുതലാണ് നിലവിൽ വരാൻ പോകുന്നത്. ഒമ്പത് വർഷത്തിന് ശേഷമാണ് ഇന്‍റർചേഞ്ച് ഫീസ് വർധിപ്പിക്കുന്നത്.
ധനകാര്യേതര ഇടപാടുകൾക്കുള്ള നിരക്ക് അഞ്ച് രൂപയിൽ നിന്ന് ആറ് രൂപയാക്കി ഉയർത്തി. ഒരു ബാങ്കിന്‍റെ ഉപയോക്താവ് മറ്റൊരു ബാങ്കിന്‍റെ എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഈടാക്കുന്നതാണ് ഇന്‍റർചേഞ്ച് ഫീസ്.
ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്ക് അവരുടെ പണമിടപാട് പരിധി പുന:നിശ്ചയിച്ചരിക്കുകയാണ്. ഡൊമസ്റ്റിക് സേവിങ്സ് അക്കൗണ്ട് ഉപയോക്താക്കൾക്കുള്ള ഇന്‍റർചേഞ്ച്, ചെക്ക് ബുക്ക് എന്നിവക്കുള്ള നിരക്കുകൾക്കും ആഗസ്റ്റ് ഒന്ന് മുതൽ മാറ്റം വരും.
പണം നിക്ഷേപം, പിൻവലിക്കൽ എന്നീ കാര്യങ്ങളെയും നിരക്ക് മാറ്റം ബാധിക്കും. റഗുലർ സേവിങ്സ് അക്കൗണ്ടുള്ള ഉപയോക്താവിന് സൗജന്യമായി നാല് ഇടപാടുകൾ നടത്താം. സൗജന്യത്തിന് ശേഷമുള്ള ഓരോ ഇടപാടിനും 150 രൂപ നൽകണം.
വാതിൽപടി സേവനങ്ങൾക്ക് ഉപഭോക്താക്കൾ ഇനിമുതൽ അധിക ചാർജ് നൽകേണ്ടിവരുമെന്ന് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് (IPPB) ഈ മാസം പ്രഖ്യാപിച്ചിരുന്നു. വാതിൽപ്പടി സേവനത്തിനുള്ള ഓരോ അഭ്യർഥനയ്ക്കും 20 രൂപയും ജി.എസ്.ടിയും ഈടാക്കുമെന്നായിരുന്നു ഐ.പി.പി.ബി വ്യക്തമാക്കിയത്. ഈ മാറ്റം ആഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഐ.പി.പി.ബിയുടെ വാതിൽപടി സേവനങ്ങൾ നിലവിൽ സൗജന്യമാണ്.
വാതിൽപടി സേവനത്തിങ്ങളുടെ എണ്ണത്തിൽ പരിധി ഉണ്ടാകില്ലെന്ന് തപാൽ വകുപ്പ് വ്യക്തമാക്കി. പക്ഷേ, ഒരൊറ്റ ഉപഭോക്താവിന്‍റെ ഒന്നിലധികം അഭ്യർഥനകൾ നിറവേറ്റുന്നതിൽ മാത്രമേ ചാർജ് ഈടാക്കാതിരിക്കൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ ആളുകൾ ഐ.പി.പി.ബി യുടെ വീട്ടുവാതിൽ സേവനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് പ്രത്യേക ഡി.എസ്.ബി ഡെലിവറിയായി കണക്കാക്കുകയും അതിനാൽ ചാർജ് ഈടാക്കുകയും ചെയ്യും.
എൽ.പി.ജി സിലിണ്ടർ വില ഓരോ മാസത്തിന്‍റെയും തുടക്കത്തിലാണ് എണ്ണക്കമ്പനികൾ പുതുക്കി നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലക്കനുസരിച്ചാണ് ഇത് കണക്കാക്കുക. അത് കൊണ്ട് അടുത്ത മാസം എൽ.പി.ജി സിലിണ്ടർ ബുക്ക് ചെയ്യുന്നതിന് മുമ്പ് വില ശ്രദ്ധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.