റിയാദ്: ലുലുവിന്റെ വളർച്ച കിരീടാവകാശി ഉൾപ്പെടെയുള്ള സൗദി ഭരണാധികാരികൾ നൽകിയ പിന്തുണകൊണ്ടാണെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി. സൗദി അഭൂതപൂർവമായ വളർച്ച കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. ഏഴാമത് സൗദി ഭാവിനിക്ഷേപ സംരംഭകത്വ സമ്മേളന വേദിയായ റിയാദിലെ റിറ്റ്സ് കാൾട്ടണിൽ കിരീടാവകാശിയെ കണ്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് (എഫ്.ഐ.ഐ) കീഴിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവ് ആരംഭിച്ചതു മുതൽ ഏഴു വർഷത്തെയും സമ്മേളനങ്ങളിൽ ഞങ്ങൾ മുടങ്ങാതെ പങ്കെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ സംരംഭം സൗദി ആരംഭിച്ചതുതന്നെ ഒരു വിഷനോടു കൂടിയാണ്, ‘വിഷൻ 2030’. ഓരോ കൊല്ലം കഴിയുമ്പോഴും അത് അഭിവൃദ്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
ഈ വർഷം നടക്കുന്ന സമ്മേളനത്തിന്റെ ഊന്നൽ വിനോദ സഞ്ചാര മേഖലയിലും ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലും ധനകാര്യ മേഖലയിലും നിക്ഷേപം നടത്തുന്നതിനെ കുറിച്ചാണ്. ഓരോ ദിവസം ചെല്ലുന്തോറും സൗദി പുരോഗമിക്കുകയാണ്. സമ്പദ് വ്യവസ്ഥ കൂടുതൽ ശക്തിപ്രാപിക്കുന്നു. അതനുസരിച്ച് ലുലു ഗ്രൂപ്പും സൗദിയിൽ വികസന പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. 58 ഹൈപ്പർമാർക്കറ്റുകൾ നിലവിൽ സൗദിയിലുണ്ട്. അത് 100 ഹൈപ്പർമാർക്കറ്റുകളിലേക്കും മാളുകളിലേക്കും വിപുലപ്പെടുത്താനുള്ള ചുവടുവെപ്പിലാണ് ഞങ്ങൾ. കിരീടാവകാശിയെ കാണാൻ അവസരമുണ്ടായി. അദ്ദേഹം വളരെ ഹൃദ്യമായാണ് സ്വീകരിച്ചത്.
ഒരു രാജ്യത്ത് ജോലി ചെയ്യാനും കച്ചവടം ചെയ്യാനും അതിൽനിന്ന് ജീവിതത്തിൽ നീക്കിയിരിപ്പുണ്ടാക്കാനും ആ രാജ്യത്തെ ഭരണകർത്താക്കളുടെ അനുഗ്രഹാശിസ്സുകൾ ആവശ്യമാണ്. ഇവിടെനിന്ന് കിട്ടുന്ന സമ്പാദ്യം എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അത് സ്വന്തം നാട്ടിലേക്ക് അയക്കാനും കരുണ ചെയ്യുന്ന വിശാലഹൃദയരാണ് സൗദിയിലെ ഭരണാധികാരികൾ. അവരോട് എപ്പോഴും നാം നന്ദി പ്രകാശിപ്പിക്കേണ്ടതാണ്. എപ്പോഴും സ്നേഹം പങ്കിടേണ്ടതാണ്. അവർ ചെയ്തുതരുന്ന ഈ നന്മക്ക് നമ്മൾ എപ്പോഴും നന്ദി പറയേണ്ടതാണ്. എന്ത് പദ്ധതികൾ ജനങ്ങളോട് വാഗ്ദാനം ചെയ്യുന്നുവോ അത് നടപ്പാക്കുന്നവരാണ് സൗദി ഭരണാധികാരികൾ.
രാജ്യത്ത് ഇതുവരെ പ്രഖ്യാപിച്ച പദ്ധതികളെല്ലാം നിർമാണ വഴിയിലാണ്. ഇവിടത്തെ സമ്പദ് വ്യവസ്ഥ അത്രയും കരുത്തുറ്റതാണ്. അവർ അതിവേഗമാണ് പദ്ധതികൾ നടപ്പാക്കുന്നത്. ആ വേഗതക്കൊപ്പം നമ്മളും സഞ്ചരിക്കണം. അല്ലെങ്കിൽ നമ്മൾ പിന്നാക്കമടിച്ചുപോകും. ആർക്കായാലും ജീവിതത്തിൽ വിജയിക്കണമെങ്കിൽ ലക്ഷ്യബോധം വേണം. സൗദി അറേബ്യയുടെ ലക്ഷ്യബോധം കൃത്യമായി അടയാളപ്പെടുത്തുന്നതാണ് ‘വിഷൻ 2030’. സൗദി ഭരണാധികാരികൾക്ക് ഭാവിയെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുണ്ട്. ആ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന സൗദിയോടൊപ്പം അതേ വേഗതയിൽ സഞ്ചരിക്കാനാണ് ഞങ്ങളും ശ്രമിക്കുന്നത് -യൂസുഫലി കൂട്ടിച്ചേർത്തു.
‘പുതിയ ചക്രവാളം’ ശീർഷകത്തിലെ ഈ വർഷത്തെ സൗദി ഭാവിനിക്ഷേപ സംരംഭകത്വ സമ്മേളനം ചൊവ്വാഴ്ചയാണ് ആരംഭിച്ചത്. ഉദ്ഘാടനം മുതൽ എല്ലാ സെഷനിലും എം.എ. യൂസുഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ് പ്രതിനിധിസംഘം പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തിനിടെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ കണ്ട എം.എ. യൂസുഫലി സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് ഗവർണർ യാസിർ അൽറുമയ്യാൻ, ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ, ഇന്ത്യൻ വാണിജ്യ, വ്യവസായ, ഭക്ഷ്യ മന്ത്രി പിയൂഷ് ഗോയൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച വൈകീട്ട് റിയാദിലെ ഇന്ത്യൻ എംബസി ആസ്ഥാനത്ത് മന്ത്രി പിയൂഷ് ഗോയലിനൊപ്പം ബിസിനസ് മീറ്റിലും അദ്ദേഹം പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.