ന്യൂഡൽഹി: ഗർഭിണികൾക്ക് 'നിയമന വിലക്ക്' ഏർപ്പെടുത്തിയ തീരുമാനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) പിൻവലിച്ചു. പൊതുജനവികാരം കണക്കിലെടുത്താണ് തീരുമാനമെന്ന് എസ്.ബി.ഐ അറിയിച്ചു. പുതുക്കിയ നിർദേശങ്ങൾ ഉപേക്ഷിക്കാനും നിലവിലുള്ള നിർദേശങ്ങൾ തുടരാനും തീരുമാനിച്ചതായി എസ്.ബി.ഐ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
എസ്.ബി.ഐയുടെ തീരുമാനത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പിന്മാറ്റം. ഡൽഹി വനിത കമീഷൻ, യുവജന പ്രസ്ഥാനങ്ങൾ അടക്കം സംഘടനകൾ തീരുമാനം പിൻവലിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
ജനുവരി 28നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഗർഭിണികൾക്ക് 'നിയമന വിലക്ക്' വീണ്ടും ഏർപ്പെടുത്തിയത്. മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന ശേഷം 2009ൽ പിൻവലിച്ച വിലക്കാണ് പുനഃസ്ഥാപിച്ചത്. ഇതുസംബന്ധിച്ച സർക്കുലർ ബാങ്കിന്റെ എല്ലാ ലോക്കൽ ഹെഡ് ഓഫിസുകളിലും സർക്കിൾ ഓഫിസുകളിലും ലഭിച്ചിരുന്നു.
എസ്.ബി.ഐയിൽ നിയമനത്തിന് പരിഗണിക്കുന്ന വനിത ഗർഭിണിയാണെങ്കിൽ, അവരുടെ ഗർഭകാലം മൂന്ന് മാസത്തിൽ കൂടുതലാണെങ്കിൽ നിയമനത്തിന് 'താൽകാലിക അയോഗ്യത'യായി കണക്കാക്കുമെന്ന് ഇതിൽ പറഞ്ഞിരുന്നു. ഇവർ പ്രസവം കഴിഞ്ഞ് നാല് മാസത്തിനകം ജോലിയിൽ പ്രവേശിക്കണമെന്നും സർക്കുലർ അറിയിച്ചിരുന്നു.
അതായത്, ഗർഭിണികൾക്ക് മൂന്ന് മാസം കഴിഞ്ഞാൽ നിയമനം നിഷേധിക്കുന്നെന്ന് മാത്രമല്ല പ്രസവശേഷം ആറ് മാസം വരെ നവജാത ശിശുവിനെ പരിപാലിക്കാനുള്ള സ്വാഭാവിക സമയം അനുവദിക്കുന്നുമില്ല. ഡിസംബർ 21ന് ചേർന്ന യോഗമാണ് നിലവിലെ വ്യവസ്ഥകൾ മാറ്റിയുള്ള ഈ തീരുമാനമെടുത്തതെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
ഗർഭിണികൾക്ക് നിയമനത്തിനും സ്ഥാനക്കയറ്റത്തിനും വിലക്കിനോളം പോന്ന കർശന നിയന്ത്രണങ്ങൾ നിലനിന്ന എസ്.ബി.ഐയിൽ ഏറെക്കാലത്തെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് 2009ലാണ് മാറ്റം വന്നത്. നിയമനത്തിനും സ്ഥാനക്കയറ്റത്തിനും പരിഗണിക്കപ്പെടുന്ന വനിതകൾ അവർ ഗർഭിണിയാണോയെന്നതടക്കമുള്ള വിശദാംശങ്ങൾ മാത്രമല്ല ആർത്തവചക്രം സംബന്ധിച്ചും രേഖാമൂലം വിവരങ്ങൾ നൽകാൻ നേരത്തേ നിർബന്ധിതരായിരുന്നു.
ഇതിൽ മാറ്റം വരുത്തിയാണ് 2009ൽ, ഗർഭകാലം ആറ് മാസം വരെയുള്ളവർക്ക് നിയമനം നൽകാമെന്നും ജോലിക്കായെത്തുന്നത് ഗർഭാവസ്ഥക്കും ആരോഗ്യത്തിനും ദോഷമാകില്ലെന്നുമുള്ള ഗൈനക്കോളജിസ്റ്റിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്ന വ്യവസ്ഥ വെച്ചത്. ഇതാണ് വീണ്ടും 'വിലക്കി'ലേക്ക് മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.