ഷാർജ: എമിറേറ്റിൽ പ്രോപ്പർട്ടികൾ വാങ്ങാൻ പദ്ധതിയിടുന്ന നിക്ഷേപകർക്കും ഉപഭോക്താക്കൾക്കും ഒരു സന്തോഷ വാർത്ത. ഈ മാസമാണ് വസ്തു വാങ്ങുന്നതെങ്കിൽ രജിസ്ട്രേഷൻ ഫീസിൽ 50 ശതമാനം ഇളവ് ലഭിക്കും. ജനുവരി 17 മുതൽ 20 വരെ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന ഷാർജ റിയൽ എസ്റ്റേറ്റ് എക്സിബിഷനായ ‘ഏക്കേഴ്സ് 2024’ൽ വെച്ച് പ്രോപർട്ടി വാങ്ങുന്നവർക്കാണ് ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി രജിസ്ട്രേഷൻ ഫീസിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
റിയൽ എസ്റ്റേറ്റ് മേഖലയെ പിന്തുണക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചതെന്ന് ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപാർട്ട്മെന്റ് ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അഹമ്മദ് അൽ ശംസി പറഞ്ഞു.
എമിറേറ്റ് ഓരോ വർഷവും പുതിയ നിക്ഷേപങ്ങളും മൂലധനവും ആകർഷിക്കുന്നതിൽ മുൻപന്തിയിലാണ്. കൂടാതെ ജനസംഖ്യയും വർധിക്കുകയാണ്. അതിന്‍റെ ഫലമായി പാർപ്പിട യൂനിറ്റുകളുടെ ആവശ്യകതയും വർധിക്കുന്നു.
ഇത് മനസിലാക്കി 2022 നവംബറിൽ ഷാർജ എക്സിക്യുട്ടീവ് കൗൺസിൽ പ്രമേയം പാസാക്കിയിരുന്നു. ഇതു പ്രകാരം എല്ലാ രാജ്യക്കാർക്കും എല്ലാത്തരം റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും പങ്കാളികളാകാനും ഭൂമി ഉൾപ്പെടെ സ്വന്തമാക്കാനും അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം കഴിഞ്ഞ ഏതാനും വർഷങ്ങളായി വ്യവസായ, വാണിജ്യ, റസിഡൻഷ്യൽ മേഖലകളിൽ നിരവധി പദ്ധതികൾ എമിറേറ്റിൽ അവതരിപ്പിക്കപ്പെട്ടു. എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ തുടർച്ചയായ വളർച്ചയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ മുന്നേറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ റിയൽ എസ്റ്റേറ്റ് ഡവലപ്പർമാർക്കുള്ള വിൽപന ഫീസ് 0.5 ശതമാനമാണ്. യു.എ.ഇ, ജി.സി.സി പൗരൻമാർക്കുള്ള പർച്ചേസിങ് ഫീസ് ഒരു ശതമാനവും. എന്നാൽ, എക്സിബിഷൻ സമയങ്ങളിൽ മറ്റ് രാജ്യക്കാർ രണ്ട് ശതമാനം മാത്രം രജിസ്ട്രേഷൻ ഫീസ് നൽകിയാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാലു ദിവസങ്ങളിലായി നടക്കുന്ന എക്സിബിഷനിൽ യു.എ.ഇ, ഒമാൻ, ജോർദാൻ, ജോർജിയ, തുർക്കിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനികൾ 372ലധികം പുതിയ റിയൽ എസ്റ്റേറ്റ് പദ്ധതികൾ പ്രദർശിപ്പിക്കും.
കൂടാതെ പാനൽ ചർച്ചകൾ, വർക്ഷോപ്പുകൾ, അറബിക്, ഇംഗ്ലീഷ് ഭാഷകളിലായി റിയൽ എസ്റ്റേറ്റ് രംഗത്തെ വിദഗ്ധരുടെ സംഭാഷണങ്ങൾ എന്നിവയും എക്സിബിഷന്‍റെ ഭാഗമായി നടക്കും.
ആവശ്യക്കാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ എക്സിബിഷന്‍റെ വ്യാപ്തിയും വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.