ന്യൂഡൽഹി: ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം നടത്താൻ സുപ്രീംകോടതി ഉത്തരവ്. രണ്ട് മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. പ്രത്യേക സമിതിയാകും ഇതുസംബന്ധിച്ച് അന്വേഷണം നടത്തുക.
വിരമിച്ച ജഡ്ജി എ.എം സാപ്രയുടെ നേതൃത്വത്തിലുള്ള സമിതിയേയും സുപ്രീംകോടതി അന്വേഷണത്തിനായി നിശ്ചയിച്ചു.ഒ.പി ഭട്ട്, കെ.വി കാമത്ത്, നന്ദൻ നിലേകനി, സോമശേഖർ സുന്ദരേശൻ, ജെ.പി ദേവ്ദത്ത് എന്നിവരാണ് മറ്റംഗങ്ങൾ. സമിതിക്ക് ഓഹരി നിയന്ത്രണ ഏജൻസിയായ സെബി ആവശ്യമായ വിവരങ്ങളും സഹായവും നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
അദാനി വിഷയത്തിൽ സെക്യൂരിറ്റീസ് ആക്ടിന്റെ ലംഘനമുണ്ടായിട്ടുണ്ടോയെന്ന് സെബി പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. ഇടപാടുകൾ യഥാവിധി അറിയിക്കുന്നതിൽ പോരായ്മയുണ്ടായിട്ടുണ്ടോയെന്നും ഓഹരി നിയന്ത്രണ ഏജൻസി പരിശോധിക്കണം. ഓഹരി വിലകളിൽ കൃത്രിമം നടത്തിയിട്ടുണ്ടോയെന്നതും സെബി അന്വേഷണിക്കണം. ഇക്കാര്യങ്ങൾ പരിശോധിച്ച് തയാറാക്കുന്ന റിപ്പോർട്ട് സെബി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിക്കാണ് സമർപ്പിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. അന്വേഷണം നടത്തുന്ന സമിതി ഇന്ത്യയിലെ ഓഹരി വിപണിയെ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും സമർപ്പിക്കണം.
നേരത്തെ സമിതിയംഗങ്ങളുടെ പേരുകൾ കേന്ദ്രസർക്കാർ മുദ്രവെച്ച കവറിൽ സമർപ്പിച്ചിരുന്നു. എന്നാൽ, ഇത് അംഗീകരിക്കാനാവില്ലെന്നായിരുന്നു സുപ്രീംകോടതി നിലപാട്. അദാനി ഗ്രൂപ്പുമായുണ്ടായ വിവാദങ്ങളിൽ ഓഹരി നിക്ഷേപകർക്കുണ്ടായ കനത്ത നഷ്ടത്തിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ജനുവരി 24നാണ് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നത്. അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോർട്ടിലുള്ളത്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ട് തട്ടിപ്പിലും ഏര്‍പ്പെടുകയാണെന്ന് റിപ്പോർട്ട് പറയുന്നു. ഓഹരികൾ പ്ലെഡ്ജ് ചെയ്ത് വലിയ തോതിൽ കടം വാങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവും ഉയര്‍ത്തുന്നുണ്ട്. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.