തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ, സംസ്ഥാനത്തിന് താൽക്കാലികാശ്വാസമായി കടമെടുപ്പ് പരിധിയിലെ കേന്ദ്ര ഇളവ്. കേരളത്തിന് കടമെടുക്കാവുന്ന തുകയിൽ നിന്ന് കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പ ഇനത്തിലെ 3140 കോടി കുറച്ച നടപടിയാണ് കേന്ദ്രം മരവിപ്പിച്ചത്. നിലവിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്രം വായ്പ പരിധി വെട്ടിക്കുറച്ചതാണെന്നാണ് കേരളത്തിന്‍റെ ഏറെ നാളായുള്ള പരാതി. ഇത് സംബന്ധിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാലും കേന്ദ്രമന്ത്രി വി. മുരളീധരനും പലവട്ടം ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
കടമെടുപ്പ് പരിധിയിൽ നിന്ന് 3140 കോടി വെട്ടിക്കുറച്ച നടപടി ഒരു വർഷത്തേക്കാണ് നീട്ടിവെച്ചത്. ഇതോടെ, ഈ തുക കൂടി മാർച്ചിനു മുമ്പ് കേരളത്തിന് കടമെടുക്കാൻ കഴിയും. 3140 കോടിയിൽ 2000 കോടി രൂപ ഈ മാസം 19ന് കടമെടുക്കും. ക്രിസ്മസിന്‍റെ ഭാഗമായി ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ ഈ തുക വിനിയോഗിക്കും.
കിഫ്ബിയും പെൻഷൻ കമ്പനിയും 2021-22 സാമ്പത്തിക വർഷത്തിൽ 9422 കോടി കടമെടുത്തിരുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി 2022-23 മുതൽ 2024-25 വരെ മൂന്ന് വർഷങ്ങളിലായി 3140 കോടി രൂപ വീതം കടമെടുപ്പ് പരിധിയിൽ നിന്ന് വെട്ടിക്കുറക്കാനായിരുന്നു തീരുമാനം. കേരളത്തിന്‍റെ നിരന്തര ആവശ്യത്തെ തുടർന്നാണ് ഈ നിലപാട് കേന്ദ്രം മയപ്പെടുത്തുകയും അടുത്ത വർഷത്തേക്ക് നീട്ടിവെക്കുകയും ചെയ്തത്. എന്നാൽ, ഈ തുക അടുത്ത രണ്ടുവർഷങ്ങളിലെ വായ്പപരിധിയിൽ കുറവ് വരുത്തുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
ശമ്പളവും പെൻഷനുമടക്കമുള്ള ചെലവിന്‍റെ കാര്യത്തിൽ വലിയ ഞെരുക്കം നേരിടുന്ന സാഹചര്യത്തിൽ ജനുവരി-മാർച്ച് കാലയളവിലെ അനുവദനീയ പരിധിയിൽ നിന്ന് മുൻകൂറായി 1500 കോടി കടമെടുക്കാൻ കേന്ദ്രം സംസ്ഥാനത്തിന് അനുമതി നൽകിയിരുന്നു. ജനുവരി-മാർച്ച് കാലയളവിൽ ഇനി കടമെടുക്കാനുള്ളത് 1800 കോടിയാണ്. ഇതിനൊപ്പം വായ്പ പരിധിയിൽ ഇളവ് നൽകിയ 3140 കോടി കൂടിയാകുമ്പോൾ 4940 കോടിയാണ് ഇനി ആകെ കടമെടുക്കാനാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.