ന്യൂഡൽഹി: ഇന്ത്യൻ വംശജനായ നീൽ മോഹൻ ഗൂഗ്ളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിന്റെ പുതിയ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ (സി.ഇ.ഒ) ആകും. ഇതോടെ ഒരു ആഗോള ടെക് സ്ഥാപനത്തിന്റെ തലപ്പത്തുകൂടി ഇന്ത്യൻ വംശജനാകും. ഗൂഗ്ളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ല, ഐ.ബി.എമ്മിന്റെ അരവിന്ദ് കൃഷ്ണ, അഡോബിയുടെ ശന്തനു നാരായൺ തുടങ്ങിയവരാണ് ഇന്ത്യൻ വംശജരായ മറ്റു മേധാവികൾ.
ഒമ്പതു വർഷത്തെ സേവനത്തിനുശേഷം സി.ഇ.ഒ സൂസൻ വോജ്സിക്കി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് നിയമനം. കുടുംബം, ആരോഗ്യം, വ്യക്തിപരമായ പദ്ധതികൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് 54കാരിയായ സൂസൻ യൂട്യൂബിന്റെ തലപ്പത്തുനിന്ന് രാജിവെക്കുന്നതായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ഗൂഗ്ളിൽ പരസ്യ ഉൽപന്നങ്ങളുടെ സീനിയർ വൈസ് പ്രസിഡന്റായിരുന്ന ഇവർ 2014ലാണ് യൂട്യൂബിന്റെ സി.ഇ.ഒ ആയി ചുമതലയേറ്റത്.
2015ലാണ് 47കാരനായ നീൽ മോഹൻ യൂട്യൂബ് ചീഫ് പ്രോഡക്ട് ഓഫിസറായി നിയമിതനായത്. യൂട്യൂബ് ഷോർട്ട്‌സ്, മ്യൂസിക്, സബ്‌സ്‌ക്രിപ്‌ഷൻ ഓഫറുകൾ എന്നിവ സൃഷ്ടിക്കുന്നതിൽ പങ്കുവഹിച്ചു.സ്റ്റാൻഫഡ് സർവകലാശാലയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ഇദ്ദേഹം എം.ബി.എയും പൂർത്തിയാക്കിയിട്ടുണ്ട്. 2007ൽ ഗൂഗ്ൾ ഏറ്റെടുത്ത ‘ഡബ്ൾക്ലിക്ക്’ എന്ന കമ്പനിയിൽ ആറു വർഷത്തോളം ജോലി ചെയ്തു.
2022 ഒക്ടോബറിൽ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെ പുറത്താക്കുംവരെ സി.ഇ.ഒ ആയിരുന്നു ഇന്ത്യൻ വംശജനായ പരാഗ് അഗർവാൾ. 2021 നവംബറിലാണ് പരാഗ് സി.ഇ.ഒ ആയി ചുമതലയേറ്റത്. ഇന്ദ്ര നൂയി 2018ൽ സ്ഥാനമൊഴിയും മുമ്പ് 12 വർഷത്തോളം പെപ്സികോ സി.ഇ.ഒ ആയിരുന്നു. വിരമിച്ച ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ ഹർഭജൻ സിങ് ബംഗയുടെ മകനായി ജനിച്ച അജയ്പാൽ സിങ് ബംഗ മാസ്റ്റർകാർഡിന്റെ പ്രസിഡന്റും സി.ഇ.ഒയും ആയി 2020 ഡിസംബർ വരെ പത്തുവർഷം തുടർന്നിരുന്നു.
1. സുന്ദർ പിച്ചൈ- ഗൂഗ്ൾ, ആൽഫബെറ്റ് സി.ഇ.ഒ ആണ് മധുരയിൽ ജനിച്ച ഈ 47കാരൻ. 2015ൽ സി.ഇ.ഒ ആയി. 2019ൽ ആൽഫബെറ്റിന്റെയും സി.ഇ.ഒ ആയി.
2. സത്യ നദെല്ല -മൈക്രോസോഫ്റ്റ് സി.ഇ.ഒ ആയ ഇദ്ദേഹം ഹൈദരാബാദിൽ ജനിച്ചു. 2014ൽ സി.ഇ.ഒ ആയി. 2021ൽ ചെയർമാനായി.
3. അരവിന്ദ് കൃഷ്ണ- ഐ.ബി.എം ഗ്രൂപ് സി.ഇ.ഒ ആയ ഇദ്ദേഹം കാൺപുർ ഐ.ഐ.ടി പൂർവ വിദ്യാർഥിയാണ്. 2020ൽ സി.ഇ.ഒ ആയി.
4. ശന്തനു നാരായൺ- അഡോബി സി.ഇ.ഒ ആയ ഇദ്ദേഹം ഹൈദരാബാദിൽ ജനിച്ചു. ആപ്പിളിൽ കരിയർ ആരംഭിച്ച അദ്ദേഹം 2007ൽ അഡോബി സി.ഇ.ഒ ആയി.
5. ജയശ്രീ ഉള്ളാൾ- ലണ്ടനിൽ ജനിച്ച് ന്യൂഡൽഹിയിൽ വളർന്ന ജയശ്രീ ഉള്ളാൾ 2008 മുതൽ യു.എസ് കമ്പ്യൂട്ടർ നെറ്റ്‍വർക് കമ്പനിയായ അരിസ്റ്റ നെറ്റ്‌വർക്സ് സി.ഇ.ഒയാണ്.
6. ജോർജ് കുര്യൻ- കോട്ടയം ജില്ലയിൽ ജനിച്ച് മദ്രാസ് ഐ.ഐ.ടിയിൽ പഠിച്ച ജോർജ് കുര്യൻ 2015 ജൂൺ മുതൽ ക്ലൗഡ് സേവന- വിവര കൈകാര്യ സ്ഥാപനമായ നെറ്റ്ആപ്പിന്റെ ചെയർമാനും സി.ഇ.ഒയുമാണ്.
7. രാജീവ് സൂരി- ന്യൂഡൽഹിയിൽ ജനിച്ച് കുവൈത്തിൽ വളർന്ന രാജീവ് സൂരി 2021 മുതൽ ബ്രിട്ടീഷ് സാറ്റലൈറ്റ് ടെലികമ്യൂണിക്കേഷൻ കമ്പനിയായ ഇൻമർസാറ്റിന്റെ സി.ഇ.ഒ ആണ്.2020 വരെ ഫിൻലൻഡ് കമ്പനിയായ നോക്കിയയുടെ സി.ഇ.ഒ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.