ചെറുകമ്പനികളുടെ ഓഹരി വിലയിലെ ചാഞ്ചാട്ടം നിയന്ത്രിക്കുന്നതിന് സെബി ഏർപ്പെടുത്തിയ അധിക നിരീക്ഷണ നടപടികളുടെ (ഇ.എസ്.എം) പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള മൂലധന പരിധി ഉയർത്തുകയാണ്. 500 കോടിയിൽ കുറവ് വിപണി മൂലധനമുള്ള കമ്പനികളെയാണ് വിവിധ മാനദണ്ഡങ്ങൾക്കനുസരിച്ച് ഇതുവരെ ഇ.എസ്.എം പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇത് 1000 കോടിയായി ഉയർത്തുന്നത് ആഗസ്റ്റ് 13 ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിലാകും.

പുതുതായി നിരവധി കമ്പനികൾ ഈ ഗണത്തിലേക്ക് വന്നുചേരാൻ പോവുകയാണ്. ഇ.എസ്.എം പരിധിയിൽ ഉൾപ്പെടുന്ന കമ്പനികൾക്കുമേൽ സെബിയുടെ അധിക നിരീക്ഷണവും നിയന്ത്രണങ്ങളും ഉണ്ടാകും. കൃത്രിമമായി ഓഹരിവില വർധിപ്പിക്കുന്നതും സാധാരണക്കാരായ നിക്ഷേപകർ ചൂഷണത്തിനിരയാകുന്നതും തടയാൻ ലക്ഷ്യമിട്ടാണ് സെബി അധിക നിരീക്ഷണവും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നത്. ഇ.എസ്.എം സ്റ്റേജ് ഒന്നിൽ ഉൾപ്പെട്ട ഓഹരികളുടെ വില വ്യതിയാന പരിധി അഞ്ച് ശതമാനമായി നിജപ്പെടുത്തും. സ്റ്റേജ് രണ്ടിൽ ഉൾപ്പെട്ടാൽ ഒരു ദിവസം പരമാവധി രണ്ട് ശതമാനം വരെ മാത്രമേ വില വ്യതിയാനം ഉണ്ടാകൂ. ഇൻട്രാഡേ ട്രേഡിങ് അനുവദിക്കുകയുമില്ല. ഇത്തരം നിയന്ത്രണങ്ങൾ ഓഹരി വില കുതിപ്പിനെ ബാധിക്കുന്നതാണ്.

വിപണി മൂലധനം മാത്രം നോക്കിയല്ല കമ്പനികളെ ഇ.എസ്.എം പട്ടികയിൽ ഉൾപ്പെടുത്തുന്നത്. നിശ്ചിത ഇടവേളയിലെ ഓഹരി വില വിലയിരുത്തി പരിധിയിൽ കവിഞ്ഞ വ്യതിയാനമുള്ള കമ്പനികളെ സെബി ഇ.എസ്.എം ഒന്ന്, രണ്ട് സ്റ്റേജുകളിൽ ഉൾപ്പെടുത്തുകയും നീക്കുകയുമാണ് ചെയ്യുന്നത്. വിപണി മൂലധന പരിധി അടിസ്ഥാന മാനദണ്ഡമാണെന്ന് മാത്രം. ഏതൊക്കെ കമ്പനികളാണ് ഇ.എസ്.എം പട്ടികയിൽ ഉൾപ്പെടുന്നതെന്ന് സെബി ഉടൻ വ്യക്തമാക്കും. സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ വെബ്സൈറ്റിൽ ഇത് പരിശോധിക്കാം. ഇ.എസ്.എം പട്ടികയിലുള്ള ഓഹരികളിൽനിന്ന് മാറിനിൽക്കുന്നതാണ് നല്ലത്.

Tags:    
News Summary - The market capitalization for listing companies in the ESM has been increased from Rs 500 crore to Rs 1,000 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.