നികുതിയോട് നികുതി; ഇളവ് പ്രതീക്ഷിച്ചു, കിട്ടിയത് ഇരുട്ടടി

ഓരോ ദിവസവും നമ്മൾ പല രീതിയിലായി സർക്കാറിന് നൽകുന്ന നികുതി കൂട്ടിനോക്കിയിട്ടു​ണ്ടോ? ഭക്ഷ്യ സാധനങ്ങൾ വാങ്ങുമ്പോൾ, വണ്ടിക്ക് ഇന്ധനമടിച്ചാൽ, മൊബൈൽ ഫോൺ റീ ചാർജ് ചെയ്യാൻ, യാത്ര ചെയ്യുമ്പോൾ, ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചാൽ, വീട്ടുപകരണങ്ങളും വസ്ത്രവും പാദരക്ഷകളും വാങ്ങുമ്പോൾ, സിനിമ കാണാൻ, ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ എന്നുവേണ്ട ബാങ്കിൽനിന്ന് വായ്പയെടുക്കുമ്പോൾ പോലും വലിയ നികുതി നൽകുന്നവരാണ് നമ്മൾ. പല പേരിൽ പല നിരക്കിൽ നമ്മളിൽനിന്ന് നിരന്തരം സർക്കാർ ​കാശു പിടുങ്ങിക്കൊണ്ടിരിക്കുന്നു. ശീലമായതിനാലും മറ്റു വഴികളില്ലാത്തതിനാലും നമ്മൾ സഹിക്കുന്നു. അങ്ങനെ നികുതി ഭാരത്തിൽ ജീവിതം അനുദിനം ദുസ്സഹമാകുന്ന സമയത്താണ് ധനമന്ത്രി നിർമല സീതാരാമൻ ഇത്തവണ കേന്ദ്ര ബജറ്റവതരിപ്പിച്ചത്. രാജ്യത്തിന്റെ സമ്പദ്ഘടനയെ ചലിപ്പിക്കുന്ന ഇടത്തരക്കാരും ശമ്പളക്കാരുമെല്ലാം ആദായ നികുതിയിലും മറ്റു വരുമാന നികുതികളിലുമെല്ലാം ഇളവ് പ്രതീക്ഷിച്ചിരുന്നു. മൂന്നാമതും കഷ്ടിച്ച് ഭരണത്തിലെത്തിയ എൻ.ഡി.എ സർക്കാർ ഭരണപക്ഷത്തിന്റെ പ്രധാന വോട്ട്ബാങ്ക് കൂടിയായ മധ്യവർഗത്തെ സന്തോഷിപ്പിക്കുന്ന ചില തീരുമാനങ്ങളെടുക്കുമെന്ന് പ്രതീക്ഷിച്ചത് സ്വാഭാവികം.

എന്നാൽ, ഓഹരിയും ഭൂമിയും കെട്ടിടവും സ്വർണവും അടക്കമുള്ള ആസ്തികൾ വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിൽ നിർമല സീതാരാമൻ കണ്ണുവെച്ചതോടെ പ്രതിഷേധം കനത്തു. സർക്കാറിനെ കണ്ണുംപൂട്ടി പിന്തുണച്ചവരെല്ലാം ഇടഞ്ഞു. സമൂഹ മാധ്യമങ്ങളിൽ ട്രോളുകളും പരിഹാസങ്ങളും ചീത്തവിളിയും മുഴങ്ങി. അതോടെ ചെറിയ തോതിലെങ്കിൽ ചില മാറ്റങ്ങൾ വരുത്താൻ ധനമന്ത്രി നിർബന്ധിതയായി.

രാജ്യത്ത് കൂടുതലാളുകൾ ഓഹരി, മ്യൂച്വൽ ഫണ്ട് വിപണിയിലേക്ക് വന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ അവരിലായിരുന്നു ധനമന്ത്രിയുടെ ശ്രദ്ധ. വാങ്ങി ഒരു വർഷത്തിനകം ഓഹരി വിറ്റാലുണ്ടാകുന്ന ലാഭത്തിനുള്ള ​ഹ്രസ്വകാല നികുതി 15 ശതമാനത്തിൽനിന്ന് 20 ശതമാനവും ഒരു വർഷത്തിലേറെ കൈവശം വെച്ചശേഷമുണ്ടാകുന്ന ലാഭത്തിനുള്ള ദീർഘകാല നികുതി 10ൽനിന്ന് 12.5 ശതമാനവുമാക്കി ബജറ്റിൽ ഉയർത്തി. ഇത് ഓഹരി നി​ക്ഷേപകരുടെ കീശ ചോർത്തുന്ന നടപടിയായതിനാൽത്തന്നെ വലിയ തോതിൽ വിമർശനമുയർന്നു. പക്ഷേ, സർക്കാർ പിൻവാങ്ങിയില്ല.

എന്നാൽ സ്വർണം, സ്ഥലം, കെട്ടിടം എന്നിവ വിൽക്കുമ്പോഴുണ്ടാകുന്ന ദീർഘകാല ലാഭത്തിന് നികുതി നിരക്ക് 20 ശതമാനത്തിൽനിന്ന് 12.5 ശതമാനമാക്കിയത് ​ആദ്യം ​േകട്ടാൽ കൈയടിക്കാൻ തോന്നുമെങ്കിലും അതിൽ ചതിക്കുഴിയുണ്ടായിരുന്നു. ഇവ വിൽക്കുമ്പോൾ മുമ്പ് ലഭിച്ചിരുന്ന ഇൻഡക്സേഷൻ ആനുകൂല്യം എടുത്തുകളഞ്ഞതാണ് കാരണം. നേരത്തേ വർഷങ്ങൾ മുമ്പ് വാങ്ങിയ ആസ്തിയുടെ വിൽക്കുന്ന വിലയും വാങ്ങിയ വിലയും തമ്മിലുള്ള വ്യത്യാസമായിരുന്നില്ല ലാഭമായി കണക്കാക്കിയത്. പണപ്പെരുപ്പം വഴിയുണ്ടാകുന്ന മൂല്യശോഷണം കൂടി കണക്കിലെടുത്താണ് ലാഭം കണക്കുകൂട്ടിയിരുന്നത്. അതാണ് ഇൻഡക്സേഷൻ. ഇത് നികുതി കുറയാൻ കാരണമായിരുന്നു. എന്നാൽ, ഇത്തവണ ബജറ്റിൽ ഇൻഡക്സേഷൻ എടുത്തുകളഞ്ഞു. എന്നിട്ട് ലാഭത്തിന് 12.5 ശതമാനം എന്ന ഒറ്റ നിരക്കിൽ നികുതിയാക്കി. അതായത്, വർഷങ്ങളായുള്ള പണപ്പെരുപ്പം മൂലം വിലയിൽ വന്ന വർധന അഡ്ജസ്റ്റ് ചെയ്യാതെ മുഴുവൻ ലാഭത്തിനും നികുതി നൽകണം. നേരത്തേ മൂന്നു വർഷംവരെ കൈവശംവെച്ചാൽ ഹ്രസ്വകാല നേട്ടമായി പരിഗണിച്ചിരുന്നത് രണ്ടു വർഷമാക്കി ചുരുക്കുകയും ചെയ്തു.

എന്നാൽ, കഴിഞ്ഞദിവസം കേ​ന്ദ്രസർക്കാർ പാർലമെന്റിൽ ഭേദഗതി കൊണ്ടുവന്ന് നികുതിദായകർക്ക് ചെറിയൊരു ആശ്വാസം പ്രഖ്യാപിച്ചത് കാലിനടിയിൽ മണ്ണുചോരാൻ ഇത് കാരണമാകുമെന്ന തിരിച്ചറിവുകൊണ്ടാണെന്ന് വ്യക്തം. ‘നികുതിഭീകരത’ക്കെതിരെ പ്രതിപക്ഷവും ശക്തമായി രംഗത്തുവന്നിരുന്നു. പുതിയ മാറ്റമനുസരിച്ച് ഇൻഡക്സേഷൻ ആനുകൂല്യത്തോടെ 20 ശതമാനം നികുതിയോ ആനുകൂല്യമില്ലാതെ 12.5 ശതമാനം നികുതിയോ അടച്ചാൽ മതി. ഏതുവേണമെന്ന് നികുതിദായകന് തെരഞ്ഞെടുക്കാം. എന്നാൽ, 2024 ജൂലൈ 23നു ശേഷം വാങ്ങിയവക്ക് ഈ ആനൂകൂല്യമില്ല. അവർക്ക് ഇൻഡക്സേഷനില്ലാതെ 12.5 ശതമാനമെന്ന് പുതിയ നികുതി സംവിധാനമാണ് ബാധകമാവുക.

ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിനുള്ള 18 ശതമാനം ജി.എസ്.ടിയാണ് ഏറെ വിമർശനമേറ്റുവാങ്ങുന്ന മറ്റൊരു നികുതി. ചികിത്സ ചെലവ് താങ്ങാനാവാത്തതിനാൽ സാധാരണക്കാരുൾപ്പെടെ ഇപ്പോൾ ആരോഗ്യ, ചികിത്സ ഇൻഷുറൻസ് പോളിസികളെടുക്കാൻ നിർബന്ധിതരായ സാഹചര്യമാണ് രാജ്യത്ത്. അവരിൽനിന്നാണ് വലിയ നികുതി സർക്കാർ കൈയിട്ടുവാരുന്നത്. ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ പ്രീമിയത്തിന്മേൽ മൂന്നു വർഷത്തിനിടക്ക് ജി.എസ്.ടി ആയി ഈടാക്കിയത് 21,255 കോടി രൂപയാണെന്ന് കഴിഞ്ഞ ദിവസം സർക്കാർ ലോക്സഭയിൽ അറിയിച്ചിരുന്നു. പ്രീമിയത്തിന്മേലുള്ള ജി.എസ്.ടി ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വരെ ആവ​ശ്യപ്പെട്ടെങ്കിലും നിർമല സീതാരാമൻ വഴങ്ങിയില്ല. ഇതിനെതിരെ പ്രതിപക്ഷ എം.പിമാർ പാർലമെന്റിന് മുന്നിൽ ധർണ നടത്തിയെങ്കിലും പിന്മാറില്ലെന്നാണ് സർക്കാറിന്റെ നിലപാട്.

ഇത്തവണ ബജറ്റിൽ ആദായ നികുതി നിരക്കിൽ കാര്യമായ മാറ്റമോ ഇളവുകളോ ഒന്നുമുണ്ടായില്ല. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000ത്തിൽനിന്ന് 75,000 ആക്കിയതും പുതിയ നികുതി സമ്പ്രദായത്തിൽ രണ്ടാമത്തെ സ്ലാബിൽ ഉയർന്ന പരിധി ആറു ലക്ഷമായിരുന്നത് ഏഴു ലക്ഷമാക്കിയതുമാണ് പ്രധാന മാറ്റം. മൂന്നാം സ്ലാബിൽ ഉയർന്ന പരിധി ഒമ്പതിൽനിന്ന് 10 ലക്ഷവുമാക്കി.

പ്രശസ്ത കൊമേഡിയനായ അഭിജിത് ഗാംഗുലിയുടെ വൈറലായ ട്വീറ്റിൽ കേന്ദ്ര ബജറ്റിന്റെ രത്നച്ചുരുക്കമുണ്ട്. അതിങ്ങനെ: ‘‘ഞാൻ പണം സമ്പാദിച്ചാൽ നിർമല സീതാരാമൻ അതിൽനിന്ന് നികുതി ഈടാക്കും. പണം​ ചെലവഴിച്ചാലും നികുതി പിടിക്കും. ഇനി പണം സമ്പാദിക്കാതെയും ചെലവഴിക്കാതെയും കാത്തുസൂക്ഷിച്ചെന്ന് കരുതുക. അപ്പോൾ അത് നിക്ഷേപമാണെന്ന് പറഞ്ഞ് അതിൽനിന്നും നിർമല നികുതി ഈടാക്കും.’’

Tags:    
News Summary - Tax upon tax

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.