തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ലുലു മാൾ അടുത്ത മാസം പ്രവർത്തനമാരംഭിക്കും. ലുലു ഗ്രൂപ്പിെൻറ കേരളത്തിലെ രണ്ടാമത്തെ ഷോപ്പിങ് മാളാണിത്. ഡിസംബർ 16ന് 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷത വഹിക്കും.
കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാർ, ശശി തരൂർ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാർ, വ്യവസായപ്രമുഖർ ഉൾപ്പെടെ വിശിഷ്ടാതിഥികൾ പങ്കെടുക്കും. ക്ഷണിക്കപ്പെട്ടവർക്കാണ് പ്രവേശനം.
ഇന്ത്യയിലെ ഏറ്റവും വലുപ്പമേറിയ ഷോപ്പിങ് മാളുകളിലൊന്നാണ് 2000 കോടി രൂപ നിക്ഷേപത്തിൽ 20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണത്തിൽ ടെക്നോപാർക്കിന് സമീപം ആക്കുളത്ത് പണിത തിരുവനന്തപുരം ലുലു മാൾ. രണ്ടു ലക്ഷം ചതുരശ്രയടിയുള്ള ലുലു ഹൈപർ മാർക്കറ്റാണ് മാളിെൻറ മുഖ്യ ആകർഷണം.
ഇതോടൊപ്പം ലുലു കണക്ട്, ലുലു സെലിബ്രേറ്റ്, 200ൽപരം രാജ്യാന്തര ബ്രാൻഡുകൾ, 12 സ്ക്രീൻ സിനിമ, 80,000 ചതുരശ്രയടിയിൽ കുട്ടികൾക്കായി എൻറർടെയിന്‍മെൻറ് സെൻറർ, 2500 പേർക്കിരിക്കാവുന്ന ഫുഡ്കോർട്ട് എന്നിവ മാളിെൻറ മറ്റ് പ്രധാന ആകർഷണങ്ങളാണ്. എട്ടു നിലകളിലുള്ള മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രം മറ്റ് ആകർഷണങ്ങളിലൊന്നാണ്.
ഗതാഗത തടസ്സങ്ങളില്ലാതെ വാഹനങ്ങൾക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും പാർക്കിങ് മാനേജ്മെൻറ് സിസ്റ്റം, ഇൻറലിജൻറ് പാർക്കിങ് ഗൈഡൻസ് എന്നീ സംവിധാനവുമുണ്ട്. ഷോപ്പിങ് മാൾ പ്രവർത്തിക്കാനാവശ്യമായ എല്ലാ അനുമതികളും വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിൽനിന്ന് ലഭിച്ചതായി തിരുവനന്തപുരം റീജനൽ ഡയറക്ടർ ജോയ് സദാനന്ദൻ നായർ അറിയിച്ചു. ഷോപ്പിങ് സൗകര്യത്തിനായി ഡിസംബർ 17 മുതൽ മാൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ലുലു ഗ്രൂപ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.