തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി വർധനക്കെതിരെയും വ്യാപാരികളുടെ വിവിധ പ്രശ്നങ്ങളിൽ പരിഹാരം ആവശ്യപ്പെട്ടും വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി. സമരത്തിന്‍റെ ഭാഗമായി തലസ്ഥാന ജില്ലയിൽ കടകളടച്ച് പ്രതിഷേധിച്ചു. ആശാൻ സ്ക്വയറിൽനിന്ന് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ വ്യാപാരി സമൂഹത്തിന്‍റെ പ്രതിഷേധമിരമ്പി. സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സര മാർച്ച് ഉദ്ഘാടനം ചെയ്തു.
ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർധനയും മറ്റ് നിരക്ക് വർധനകളും നിലവിൽ വരുന്നതോടെ കേരളത്തിലെ വ്യാപാര മേഖല തകരുമെന്നും വ്യാപാരികൾക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പെട്രോൾ, ഡീസൽ സെസ് വലിയ വിലക്കയറ്റത്തിനിടയാക്കും. കെട്ടിക്കിടന്ന മരുന്ന് വിറ്റൊഴിവാക്കാനുള്ള ഉപാധിയാക്കി ഹെൽത്ത് കാർഡ് പരിശോധന മാറ്റിയിരിക്കുകയാണ്. ഹരിതകർമ സേനയെ ഉപയോഗിച്ച് കടകളിൽനിന്ന് പണം പിരിക്കുന്ന സമ്പ്രദായം നിർത്തണം. രണ്ട് ലക്ഷത്തിൽ കൂടുതലുള്ള സ്വർണത്തിന് ഇ-വേ ബിൽ നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണം. അല്ലാത്തപക്ഷം സ്ത്രീകൾക്ക് സ്വർണം ധരിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ വരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, പെരിങ്ങമ്മല രാമചന്ദ്രൻ, കുഞ്ഞാവു ഹാജി, എം.കെ. തോമസ് കുട്ടി, അഹമ്മദ് ഷരീഫ്, കെ.കെ. വാസുദേവൻ, അബ്ദുൽ ഹമീദ്, പി.സി. ജേക്കബ്, എ.ജെ. ഷാജഹാൻ, ദേവരാജൻ, സണ്ണി പൈമ്പള്ളി, ബാബു കോട്ടയിൽ, വി.എം. ലത്തീഫ്, ബാപ്പുക്ക റിയാസ്, സബീൽ രാജ് എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി വൈ. വിജയൻ, ട്രഷറർ ധനീഷ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.