വാഷിങ്ടൺ: ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ പതിറ്റാണ്ടുകളായി മുൻനിരയിൽ നിലയുറപ്പിച്ചിട്ടും 100 ബില്യൺ ഡോളർ ആസ്തി തൊടാതെനിന്ന വാരൻ ബഫറ്റ് ഒടുവിൽ ശരിക്കും മുതലാളിയായി. നിക്ഷേപ സ്ഥാപനമായ ബെർക്ഷയർ ഹാതവേയുടെ ചെയർമാനായ 90 കാരൻ ഏറെ വൈകിയാണ് 100 ബില്യൺ ഡോളർ ആസ്തി തൊടുന്നത്. 100.4 ബില്യൺ ഡോളറാണ് ബുധനാഴ്ച അദ്ദേഹത്തിന്‍റെ ആസ്തി മൂല്യം. ജെഫ് ബിസോസ്, ഇലോൺ മസ്ക്, ബിൽ ഗേറ്റ്സ് തുടങ്ങിയവരാണ് 100 ബില്യൺ ഡോളർ ആസ്തിയുള്ള മറ്റുള്ളവർ.
ചരിത്രത്തിലെ ഏറ്റവും വിജയിച്ച നിക്ഷേപകരിലൊരാളായി വാഴ്ത്തപ്പെടുന്ന ബഫറ്റ് തന്‍റെ സ്വത്തിന്‍റെ വലിയ പങ്ക് ദാനം നൽകിയും പ്രശസ്തനാണ്. പതിറ്റാണ്ടുകളായി അതിസമ്പന്നരുടെ പട്ടികയിൽ ഏറിയും കുറഞ്ഞും ഏറ്റവും മുൻനിരയിലുണ്ട്. പക്ഷേ, ആസ്തി 100 ബില്യൺ ഡോളർ ഇതുവരെയും എത്തിയിരുന്നില്ല. ഇതാണ് ഒടുവിൽ പിന്നിട്ടത്.
2006നു ശേഷം ഇതുവരെ മാത്രം 3700 കോടി ഡോളർ ബഫറ്റ് ദാനം ചെയ്തതായാണ് കണക്ക്. സമ്പന്നരിൽ ജീവകാരുണ്യം പ്രോൽസാഹിപ്പിക്കാനായി രൂപം നൽകിയ 'ഗിവിങ് െപ്ലജ്' എന്ന സംഘടനയുടെ സഹ സ്ഥാപകൻ കൂടിയാണ്. ആമസോൺ സ്ഥാപകൻ ജെഫ് ബിസോസിന്‍റെ മുൻ പത്നി മക്കൻസി സ്കോട്ട് ഇതിന്‍റെ ഭാഗമായി കഴിഞ്ഞ വർഷം നാലു മാസത്തിനിടെ 400 കോടി ഡോളർ ആസ്തിയിലേറെയും ദാനം ചെയ്തിരുന്നു.
600 കോടി ആസ്തിയുള്ള ബെർക്ഷയർ ഹാതവേ കമ്പനിയുടെ ആറിലൊന്നിന്‍റെ ഉടമയാണ് ബഫറ്റ്. ഇൗ വർഷം മാത്രം കമ്പനിയുടെ ഓഹരി മൂല്യം 15 ശതമാനം കൂടിയിരുന്നു- അതായത്, ഒരു ഓഹരിക്ക് നാലു ലക്ഷം ഡോളറിനു മുകളിൽ. കമ്പനിയിലെ ഓഹരികൾ കുറച്ച് നേരത്തെ മറ്റു കമ്പനികളിലേക്ക് തിരിഞ്ഞ ബഫറ്റ് ഈ വർഷം തിരിച്ച് ബർക്ഷെയർ ഓഹരികൾ തന്നെ കൂട്ടമായി വാങ്ങി കൂട്ടിയിരുന്നു. ഇതാണ് കമ്പനി ഓഹരി മൂല്യം കുത്തനെ കൂട്ടിയത്. ബുധനാഴ്ച മാത്രം 190 കോടി ഡോളറാണ് ബഫറ്റിന്‍റെ ആസ്തി മൂല്യത്തിലുണ്ടായ വർധന.
ടെക്നോളജി ഭീമന്മാരായ ആപ്ൾ ഉൾപെടെ മുൻനിര കമ്പനികളിലാണ് ബെർക്ഷയർ ഹാതവേയുടെ ഓഹരി നിക്ഷേപം.
1965ൽ ബഫറ്റ് ഏറ്റെടുക്കുംമുമ്പ് തകർച്ചക്കരികെയുള്ള ടെക്സ്റ്റൈൽ കമ്പനിയായിരുന്നു ബെർക്ഷയർ ഹാതവേ. നിലവിൽ 90ലേറെ വ്യവസായങ്ങൾ കമ്പനിക്കു കീഴിലുണ്ട്.
കഴിഞ്ഞ ഒറ്റ വർഷത്തിനിടെ മാത്രം 80 ലക്ഷത്തിലേറെ അമേരിക്കക്കാർ പുതിയതായി ദാരിദ്ര്യത്തിലേക്ക് വീണതായി അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.